എക്സ്പോ 2020 ദുബൈ ലോകോത്തര സർഗ പ്രതിഭകളുടെ സംഗമവേദിയാകും. വിവിധ ദേശങ്ങളിലെ സംസ്കാരവും കലയും പരിചയപ്പെടാനും ആവോളം ആസ്വദിക്കാനും ഓരോദിവസവും വൈവിധ്യം നിറഞ്ഞ പരിപാടികൾ മേളയുടെ അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു. എ.ആർ റഹ്മാൻ ഉൾപ്പെടെ സംഗീത ലോകത്തെ ചക്രവർത്തിമാർ ഒരുക്കങ്ങൾ പൂർത്തിയാക്കി. ക്ലാസിക്കൽ, മോഡേൺ, ഫോക്ലോർ കലാരൂപങ്ങളെല്ലാം അരങ്ങിലെത്തും. കേരളത്തിൽ നിന്നുള്ള കഥകളിയും മോഹിനിയാട്ടവും കളരിപ്പയറ്റും അറവനമുട്ടും കൂട്ടത്തിലുണ്ട്. രാവിലെയും വൈകീട്ടുമാണ് കലാപരിപാടികൾ.
സാധാരണ ദിവസങ്ങളിൽ രാത്രി 12മണിവരെയും വാരാന്ത്യ അവധിദിവസങ്ങളിൽ പുലർച്ചെ രണ്ടുവരെയും കലാപരിപാടികൾ അരങ്ങേറും. വിവിധ രാജ്യങ്ങൾ സജ്ജീകരിച്ച പവലിയനിലും എക്സ്പോയുടെ കേന്ദ്ര സ്ഥാനമായ അൽ വസ്ൽ പ്ലാസയിലും പരിപാടികൾ പ്രത്യേകം പ്രത്യേകമായി ഉണ്ടാകും. റഷ്യൻ ബോൾഷോയ് ബാലെ, അറേബ്യൻ പരമ്പരാഗത സംഗീതവും നൃത്തവും, ആഫ്രിക്കൻ ഫോക്ലോർ കലാരൂപങ്ങൾ, ഫിലിപ്പീൻസ്, ഹവായ്, കബീരിയൻ നൃത്തം എന്നിവയടക്കം വൈവിധ്യങ്ങൾ ആസ്വാദകർക്ക് മുന്നിലെത്തും.
തൊഴിലും നിക്ഷേപവും
സംരംഭകർക്കും നൂതനാശയങ്ങൾ കൈവശമുള്ളവർക്കും അനേകം അവസരങ്ങൾ തുറന്നിടുന്നുണ്ട് എക്സ്പോ. മേളയിലെ ഏത് പവലിയനിലും പുതിയ ആശയങ്ങളുമായി കടന്നു ചെല്ലാനും അവതരിപ്പിക്കാനും സാധിക്കും. ഭാവിയുടെ സാങ്കേതിക വിദ്യകളായി കരുതപ്പെടുന്ന ആർടിഫിഷ്യൽ ഇൻറലിജൻസിലും റോബോട്ടിക്സിലും പ്രത്യേകം അവസരങ്ങൾ ലഭിക്കും. യു.എ.ഇ ഭരണകൂടം തന്നെ ഈ മേഖലയിലെ സംരഭങ്ങളെയും പ്രതിഭകളെയും പ്രോൽസാഹിപ്പിക്കാൻ തീരുമാനിച്ചത് തൊഴിൽ മേഖലക്ക് ഉണർവേകും.
ആയിരക്കണക്കിനാളുകൾക്ക് നിലവിൽ തന്നെ തൊഴിൽ ലഭിക്കാൻ മേള കാരണമായിട്ടുണ്ട്. എക്സ്പോ നേരിട്ട് തുറന്നിടുന്ന സാധ്യതകളേക്കാൾ കൂടുതലാണ് പരോക്ഷമായി രൂപപ്പെടുന്ന അവസരങ്ങൾ. വിവിധ നാടുകളിൽ നിന്ന് സന്ദർശകരായും സംഘാടകരായും നിരവധിപേർ എത്തുന്നതോടെ സാമ്പത്തിക മേഖലയുടെ വിവിധ തലങ്ങളിൽ ഉണർവ്വുണ്ടാകും. എമിറേറ്റിെൻറ സമ്പദ് വ്യവസ്ഥയിൽ പ്രധാനമായ വിനോദസഞ്ചാരം, റിയൽ എസ്റ്റേറ്റ്, ചെറുകിടവ്യാപാരം, പ്രദർശന പരിപാടികൾ, സാങ്കേതികവിദ്യ, സോഫ്റ്റ്വെയർ കൺസൾട്ടൻസി, മാർക്കറ്റിങ്, മാധ്യമപ്രവർത്തനം, എഞ്ചിനീയറിങ്, സുരക്ഷ, ലോജിസ്റ്റിക്സ്, ആരോഗ്യം, ധനകാര്യം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലെല്ലാം പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
സ്പോർട്സും ഗെയിംസും
കായിക മേഖലക്ക് വലിയ പരിഗണനയാണ് ദുബൈ എക്സ്പോ നൽകിയിരിക്കുന്നത്. മേളയുടെ അന്താരാഷ്ട്ര ബ്രാൻഡ് അംബാസഡറായി ലയണൽ മെസിയും ഐ.പി.എൽ ടീം രാജസ്ഥാൻ റോയൽസുമുണ്ട്. 5400 ചതുരശ്ര മീറ്റർ സ്ഥലമാണ് കായിക പ്രേമികൾക്കായി എക്സ്പോയിൽ ഒഴിച്ചിട്ടിരിക്കുന്നത്. വോളിബാൾ, ഫുട്ബാൾ, ബാസ്ക്കറ്റ്ബാൾ, ടെന്നിസ്, നെറ്റ്ബാൾ തുടങ്ങിയവക്കെല്ലാം ഇവിടെ സൗകര്യമുണ്ട്.
ബിഗ് ബാഷ് ക്രിക്കറ്റ് നെറ്റ്സ്, ഇൻഡോർ ഫിറ്റ്നസ് സ്റ്റുഡിയോ, വലിയ എൽ.ഇ.ഡി സ്ക്രീനുകൾ, ഫിറ്റ്നസ് സ്റ്റേജ്, കായിക പ്രദർശന വേദികൾ, എന്നിവയെല്ലാം കായിക പ്രേമികളുടെ പ്രിയ ഇടമായി എക്സ്പോയെ മാറ്റും. ഇതെല്ലാം സൗജന്യമായിരിക്കും. കളിക്കളങ്ങൾ ബുക്ക് ചെയ്യാൻ എക്സ്പോ വേദിയിലും സൗകര്യമുണ്ട്. ദുബൈ സ്പോർടസ് കൗൺസിലിെൻറ ഫിറ്റ്നസ് ചലഞ്ചുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾക്കും എക്സ്പോ വേദിയൊരുക്കും. നവംബർ ഒമ്പതിന് എക്സ്പോ റൺ നടക്കും. 5000ഓളം പേർ പങ്കെടുക്കും. 10, 5, 3 കിലോമീറ്ററുകളിലായിരിക്കും എക്സ്പോ റൺ.
ചൊവ്വയും ചന്ദ്രനും
ചന്ദ്രനിൽ നിന്ന് ശേഖരിച്ച കല്ലും ചൊവ്വയിലെ ഉൽക്കകളും എക്സ്പോയിൽ സന്ദർശകരെ കാത്തിരിക്കുന്നു. വിവിധ ലോകരാജ്യങ്ങൾ കാലങ്ങളായുള്ള ഗവേഷണത്തിലൂടെയും ബഹിരാകാശ ദൗത്യങ്ങളിലൂടെയും കണ്ടെത്തിയ ശാസ്ത്ര ഫലങ്ങൾ എക്സ്പോയിൽ പ്രദർശിപ്പിക്കപ്പെടും. ഫ്രാൻസ്, റഷ്യ, യു.എസ്, യു.എ.ഇ, കാനഡ തുടങ്ങിയ രാജ്യങ്ങൾ ആകാശലോകത്തെ കാഴ്ചകൾ കാഴ്ചയിലേക്ക് പകരും. ഇതിൽ ഏറ്റവും ശ്രദ്ധേയമായാത് യു.എസ് അപ്പോളോ മിഷനിലൂടെ ഭൂമിയിലെത്തിച്ച ചന്ദ്രനിലെ കല്ലാണ്.
അമേരിക്കൻ ബഹിരാകാശ യാത്രികനായ ജാക്ക് ഷ്മിറ്റ് അപ്പോളോ 17െൻറ ലൂണാർ മൊഡ്യൂൾ ലാൻഡിങ് സൈറ്റിന് സമീപത്തു നിന്നാണിത് ശേഖരിച്ചത്. ഇതുവരെ ചന്ദ്രനിൽ നിന്ന് ഭൂമിയിലെത്തിച്ച കല്ലുകളിൽ ഏറ്റവും വലുതാണിത്. ഇതിനൊപ്പം അൻറാർട്ടിക്കയിൽ കണ്ടെത്തിയ ചൊവ്വയിലെ ഉൽക്കയുടെ മാതൃകയും പ്രദർശിപ്പിക്കുന്നുണ്ട്. 2004ൽ ചൊവ്വയിൽ ഇറങ്ങിയ മാർസ് ഓപർചുനിറ്റി റോവറിെൻറ മാതൃകയും പ്രദർശനത്തിലുണ്ട്. ഇന്ത്യൻ പവലിയനിൽ ചന്ദ്രയാൻ ദൗത്യത്തെ പരിചയപ്പെടുത്തുന്നുണ്ട്. ഫ്രഞ്ച് പവലിയനിൽ സ്ഥാപിച്ച വലിയ ടെലസ്കോപ്പ് ഉപയോഗിച്ച് സന്ദർശകർക്ക് വർണാഭമായ ഗാലക്സികളും നെബുലകളും നിരീക്ഷിക്കാൻ ഒക്ടോബർ 20-23വരെ സൗകര്യമൊരുക്കിയിട്ടുണ്ട്.
റസ്റ്ററൻറും തട്ടുകടയും
ഭക്ഷ്യപ്രേമികളെ എക്സ്പോ ഒട്ടും നിരാശപ്പെടുത്തില്ല. ലോകത്തിെൻറ നാലുകോണിൽനിന്നും ആയിരക്കണക്കിന് വിഭവങ്ങൾ മേളയിൽ അനുഭവിക്കാനാവും. 200ലേറെ ഭക്ഷണ ഔട്ലെറ്റുകളാണ് എക്സ്പോയിൽ ഒരുങ്ങിക്കഴിഞ്ഞത്. വിവിധ അന്താരാഷ്ട്ര റസ്റ്ററൻറുകളുടെ ശാഖകൾ നഗരിയിൽ തുറന്നു പ്രവർത്തനമാരംഭിച്ചു. സെലിബ്രിറ്റികളായ നിരവധി ഷെഫുകൾ തങ്ങളുടെ കൈപ്പുണ്യം ലൈവായി സന്ദർശകർക്ക് മുമ്പിൽ അവതരിപ്പിക്കും. അറബ് ഭക്ഷണങ്ങളുടെ പ്രത്യേകമായ പ്രദർശനവും വിൽപനയും ഒരുക്കിയിട്ടുണ്ട്. റസ്റ്ററൻറുകൾ, തട്ടുകളടകൾ പോലുള്ള ചെറിയ ഔട്ലെറ്റുകൾ, ജ്യൂസ് കടകൾ, ഐസ്ക്രീം ഉൽപന്ന വിൽപനശാലകൾ എന്നിവയെല്ലാം സന്ദർശകരെ കാത്തിരിക്കുന്നു. കേരളീയ ഭക്ഷണവും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ രുചികളും ആസ്വദിക്കാനാവും. 192രാജ്യങ്ങളുടെ പവലിയനുകളിലും അവരവരുടെ ഭക്ഷ്യവിഭവങ്ങൾ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.