ഷാർജ: ഇന്ത്യൻ മ്യുസിഷ്യൻസ് ഫോറം യു.എ.ഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ മലയാളത്തിന്റെ പ്രിയ ഗാനരചയിതാവ് വയലാർ രാമവർമയുടെ അനശ്വരഗാനങ്ങൾ ഉൾപ്പെടുത്തി വയലാർ ഗാനസന്ധ്യ സംഘടിപ്പിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് വയലാറിന്റെ മകനും ഗാനരചയിതാവുമായ വയലാർ ശരത് ചന്ദ്രവർമ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ മ്യുസിഷ്യൻസ് ഫോറം സ്ഥാപക അംഗം എം.എ. സലിം, സുരേഷ് വർമ, ശ്യാം നായർ, ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് വൈ.എ. റഹിം, മുഖ്യ പ്രായോജകരായ മലബാർ ഗോൾഡ് പ്രതിനിധികൾ കെ.എ. ഫൈസൽ, മുഹമ്മദ് സാലി കുഞ്ഞു തുടങ്ങിയവർ സംസാരിച്ചു. സേതുനാഥ് വിശ്വനാഥൻ സ്വാഗതവും ബിജി വിജയ് നന്ദിയും പറഞ്ഞു.
വയലാറിന്റെ ജീവിതത്തെ ആസ്പദമാക്കി ഇന്ത്യൻ മ്യുസിഷ്യൻസ് ഫോറം നിർമിച്ച ഡോക്യുമെൻറിയോടെ ആരംഭിച്ച ഗാനസന്ധ്യയിൽ ഗായകരായ കല്ലറ ഗോപൻ, വിജേഷ് ഗോപാൽ, ഗ്രീഷ്മ കണ്ണൻ, ഇന്ത്യൻ മ്യുസിഷ്യൻസ് ഫോറം ഗായകരായ മോഹൻകുമാർ ആചാര്യ, സേതുനാഥ് വിശ്വനാഥൻ, സൂര്യ കേശവ്, ധന്യ സുധീർ തുടങ്ങിയവർ ഗാനം ആലപിച്ചു. വയലാറിന്റെ ഓർമകളും അദ്ദേഹത്തിന്റെ കവിതകളെയും പറ്റി വയലാർ ശരത്ചന്ദ്ര വർമയും അവതാരിക സ്മിത പ്രമോദും ചേർന്ന അവതരണം ഏറെ ആകർഷകമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.