തൊഴില്‍ നിയമം ലംഘനം: സ്ഥാപന മേധാവികൾക്ക് കര്‍ശന നിർദേശവുമായി കോടതി

അബൂദബി: ഫെബ്രുവരി രണ്ടുമുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് എമിറേറ്റിലെ സ്വകാര്യ സ്ഥാപന മേധാവികൾക്ക് അബൂദബി തൊഴില്‍ കോടതി നിർദേശം നൽകി.

നിയമത്തെക്കുറിച്ച് ബോധവാന്മാരാകണമെന്നും അറിവില്ലെന്ന ന്യായം പറഞ്ഞ് നിയമം ലംഘിക്കാന്‍ അനുവദിക്കില്ലെന്നും തൊഴിലുടമകള്‍ക്കായി സംഘടിപ്പിച്ച വെര്‍ച്വല്‍ സെഷനില്‍ കോടതി വ്യക്തമാക്കി. അബൂദബി ചേംബര്‍ ഓഫ് കോമേഴ്‌സ് ആൻഡ് ഇന്‍ഡസ്ട്രിയും അബൂദബി ജുഡീഷ്യല്‍ വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. മുമ്പ് ഇല്ലാതിരുന്നതും തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന പുതിയ നിയമത്തെക്കുറിച്ച് ജഡ്ജി അലി ഹസന്‍ അല്‍ഷാത്തരി ഉദ്‌ബോധിപ്പിച്ചു.

കോടതിക്കു മുമ്പാകെയെത്തുന്ന കേസുകളുടെ അടിസ്ഥാനത്തിലാണ് തൊഴിൽ ഉടമകളെ നിയമത്തെക്കുറിച്ച് ബോധവാന്മാരാക്കുന്നതിന് നിയമ സാക്ഷരത പരിപാടി സംഘടിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

തൊഴിലുടമയുടെ സമ്മതത്തോടെ തൊഴിലാളികള്‍ക്ക് താല്‍ക്കാലികമായ ജോലിയോ, ഫ്രീലാന്‍സ് ജോലിയോ തൊഴില്‍ സമയമോ അടക്കമുള്ളവ തിരഞ്ഞെടുക്കാന്‍ അനുമതി നല്‍കുന്നതാണ് പുതിയ തൊഴില്‍ നിയമം.

തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് പോലുള്ള രേഖകള്‍ പിടിച്ചുവെക്കരുത്, ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ് അവരില്‍നിന്ന് ഈടാക്കരുത്, മൂന്നുവര്‍ഷം വരെ മാത്രമേ തൊഴില്‍ കരാര്‍ പാടുള്ളൂ, അനിശ്ചിതകാല കരാറുകള്‍ നിശ്ചിത വര്‍ഷത്തിലേക്ക് പരിമിതപ്പെടുത്തണം, പ്രൊബേഷന്‍ കാലയളവ് ആറുമാസത്തില്‍ കൂടരുത്, പിരിച്ചുവിടുന്നതിന് രണ്ടാഴ്ച മുമ്പ് നോട്ടീസ് നല്‍കണം, പ്രൊബേഷന്‍ കാലയളവില്‍ ജോലി മാറാന്‍ ആഗ്രഹിക്കുന്ന തൊഴിലാളി ഒരുമാസം മുമ്പ് വിവരം ഉടമയെ നോട്ടീസ് നല്‍കി അറിയിക്കണം, രാജ്യം വിടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അക്കാര്യം 14 ദിവസം മുമ്പ് അറിയിക്കണം തുടങ്ങിയവയും നിയമത്തിലെ വ്യവസ്ഥകളാണ്.

ദിവസം രണ്ടുമണിക്കൂറില്‍ കൂടുതല്‍ ഓവര്‍ടൈം അനുവദിക്കില്ല, കൂടുതല്‍ ഓവര്‍ടൈം അനിവാര്യമായ ജോലിയാണെങ്കില്‍ മണിക്കൂറിന് സാധാരണ നല്‍കുന്നതിന്‍റെ 25 ശതമാനം കൂടുതല്‍ വേതനം നല്‍കണം, ശമ്പളത്തോടുകൂടിയ അവധി ദിവസം നല്‍കണം തുടങ്ങിയ നിയമങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Tags:    
News Summary - Violation of labor law: Court issues stern instructions to heads of establishments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.