ദുബൈ: വിവിധ രീതിയിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ച 4172 വാഹനങ്ങളാണ് ആറു മാസത്തിനിടെ പിടികൂടിയതെന്ന് ദുബൈ പൊലീസ് അറിയിച്ചു. എൻജിന്റെ വേഗത കൂട്ടാനായി വലിയ രീതിയിൽ രൂപമാറ്റം വരുത്തിയതും പൊതുജനങ്ങൾക്ക് ശല്യമാകുന്നതുമായ വാഹനങ്ങളാണ് പിടികൂടിയത്.
ഇതേകാലയളവിൽ 8786 ഇലക്ട്രിക് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 2022ലെ എക്സിക്യൂട്ടിവ് കൗൺസിൽ നിയമങ്ങൾക്കനുസൃതമായ സാങ്കേതികമായ നിലവാരം ഒരുക്കുന്നതിൽ പരാജയപ്പെട്ട ഇലക്ട്രിക് സ്കൂട്ടറുകളാണ് പിടിച്ചെടുത്തത്. രണ്ടാം പാദവർഷത്തിൽ ജനറൽ ട്രാഫിക്കിന്റെ പ്രകടനം വിലയിരുത്തുന്നതിനായി ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
എമിറേറ്റിലെ അപകട മരണനിരക്ക് ലക്ഷത്തിൽ ഒന്നായി കുറക്കുകയെന്ന ലക്ഷ്യത്തിന് അനുസൃതമായി റോഡുകളിലെ പൊതുജന സുരക്ഷ വർധിപ്പിക്കുന്നതിൽ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാഫിക്കിന് നിർണായകമായ പങ്കുണ്ടെന്നും അൽ മർറി പറഞ്ഞു. അപകടങ്ങൾ കുറക്കുന്നതിനായി പൊതു ജനങ്ങൾക്ക് വിവിധ ഡിപ്പാർട്മെന്റുകളുമായി സഹകരിച്ച് നടത്തുന്ന ബോധവത്കരണ പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.