ദുബൈ: വിവിധ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയ 11 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബൈ ട്രാഫിക് പൊലീസ്. വാഹനം തിരികെ ലഭിക്കാൻ 50,000 ദിർഹം പിഴ നൽകേണ്ടി വരും.
അശ്രദ്ധമായ ഡ്രൈവിങ്, അനുമതിയില്ലാത്ത റാലികൾ, സ്വന്തം ജീവനും മറ്റുള്ളവർക്കും ഭീഷണിയാകുന്ന രീതിയിൽ വാഹനമോടിക്കുക, അനുമതിയില്ലാതെ വാഹനത്തിന്റെ ബോഡിയിലോ ചേസിസിലോ മാറ്റങ്ങൾ വരുത്തുക, നിവാസികൾക്ക് ശല്യമാകുന്ന രീതിയിലുള്ള ഡ്രൈവിങ്, പൊതു റോഡുകളിൽ മാലിന്യം തള്ളൽ, റോഡിൽ ക്രമം തെറ്റിച്ച് വാഹനമോടിക്കൽ തുടങ്ങിയ നിയമലംഘനങ്ങളിൽ ഏർപ്പെട്ട വാഹനങ്ങളാണ് പിടികൂടിയതെന്ന് ദുബൈ പൊലീസ് അറിയിച്ചു.
ഡ്രൈവർമാരുടെ ഇത്തരം അപകടകരമായ പ്രവണതകൾക്കെതിരെ ശക്തമായി നടപടിയെടുത്തതായി ദുബൈ പൊലീസിന്റെ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു.
നിയമംലംഘിക്കുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും അവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അശ്രദ്ധവും അപകടകരവുമായ രീതിയിൽ വാഹനമോടിക്കുന്ന എല്ലാ വാഹനങ്ങൾക്കും ഇതൊരു മുന്നറിയിപ്പാണ്. റോഡുകൾക്ക് കേടുപാട് വരുത്തുന്നവർക്കും സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടം വരുത്തുന്ന രീതിയിൽ വാഹനമോടിക്കുന്നവർക്കും നിയമപരമായ ശിക്ഷ ലഭിക്കും.
എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ മടികാണിക്കില്ല. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ ദുബൈ പൊലീസ് ആപ്പിലൂടേയോ 901 എന്ന ടോൾ ഫ്രീ നമ്പറിലോ അറിയിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.