ദുബൈ: 'വിസിറ്റിങ് വിസയിൽ ദുബൈയിലെത്തിയ ഭാര്യ തിരികെ പോകുന്നില്ല; പരാതിയുമായി ഭർത്താവ് ദുബൈ കോടതിയിൽ'... ഇന്നലെ ഫേസ് ബുക്കിലും വാട്സാപ്പിലും ഇങ്ങനൊരു സന്ദേശം പാറിപ്പറന്ന് നടന്നിരുന്നു. ആരാണ് ആ ഹതഭാഗ്യനായ ഭർത്താവെന്നും കേസ് നിലനിൽക്കുമോയെന്നുമൊക്കെയായിരുന്നു സാമൂഹിക മാധ്യമങ്ങളിലെ ചർച്ച. എന്നാൽ, സംഭവത്തിെൻറ സത്യാവസ്ഥ അന്വേഷിച്ചപ്പോഴാണറിയുന്നത് ഇതൊരു കെട്ടുകഥയായിരുന്നുവെന്ന്. ദുബൈയിൽ താമസിക്കുന്ന കുടുംബത്തെ ട്രോളുന്നതിനായി സ്കൂൾ ഗ്രൂപ്പിൽ സുഹൃത്ത് ഇട്ട പോസ്റ്റാണ് പിന്നീട് ലോകം മുഴുവൻ കറങ്ങിയത്. നാട്ടിലെ ബന്ധു തമാശക്ക് ഇട്ട പോസ്റ്റാണെന്നും ഇത്രയധികം ചർച്ച ചെയ്യപ്പെടുമെന്ന് അറിഞ്ഞിരുന്നില്ലെന്നും ദുബൈയിൽ താമസിക്കുന്ന 'പരാതിക്കാരനായ' ഭർത്താവും 'പ്രതിയായ' ഭാര്യയും പറഞ്ഞു.
കൊടുങ്ങല്ലൂർ സ്വദേശിയായ യുവതി കഴിഞ്ഞ ദിവസം ഭർത്താവിെൻറ അടുക്കലേക്ക് വിസിറ്റിങ് വിസയിൽ എത്തിയിരുന്നു. ഇവരെ കളിയാക്കുന്നതിനായി സുഹൃത്താണ് കൊടുങ്ങല്ലൂർ എറിയാടുള്ള സ്കൂൾ ഗ്രൂപ്പിൽ ഇങ്ങനൊരു പോസ്റ്റിട്ടത്. ഇത് യുവതിയും ഭർത്താവുമെല്ലാം ഫാമിലി ഗ്രൂപ്പിലും മറ്റുള്ള ഗ്രൂപ്പിലും പോസ്റ്റ് ചെയ്തു. അവിടെ നിന്ന് ഫോർഫേഡ് ചെയ്ത് പോയതോടെ പലരും കരുതി ഇത് സത്യമായിരിക്കുമെന്ന്. അങ്ങിനെയാണ് കഥ വൈറലായത്.
വാർത്ത എന്ന രൂപേണ തയാറാക്കിയ പോസ്റ്റിെൻറ ചുരുക്ക രൂപം ഇങ്ങനെയായിരുന്നു: 'വിസിറ്റിംഗ് വിസയിൽ ദുബൈയിൽ എത്തിയ ഭാര്യ തിരികെ പോകുന്നില്ലെന്നും തിരികെ പോകേണ്ട കാര്യം പറയുമ്പോൾ തന്നെ ഭീക്ഷണിപ്പെടുത്തുന്നുവെന്ന പരാതിയുമായി ഭർത്താവ് ദുബൈ കോടതിയെ സമീപിച്ചു. തൃശ്ശൂർ കോതപറമ്പ് സ്വദേശിയായ യുവാവാണ് കോടതിയുടെ സഹായം തേടിയത്. കഴിഞ്ഞ മാർച്ച് മൂന്നിനാണ് യുവതി മൂന്ന് മാസത്തെ വിസിറ്റിംഗ് വിസക്ക് ദുബൈയിലെത്തിയത്. താൻ ഇനി തിരിച്ചു പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും ശിഷ്ടകാലം ദുബൈയിൽ തുടരാനാണ് പദ്ധതിയെന്നും യുവതി വ്യക്തമാക്കി. ഭീഷണി മുഴക്കിയ സാഹചര്യത്തിലാണ് യുവാവ് നിസഹായനായി കോടതിയുടെ സഹായം തേടിയെത്തിയത്. നാട്ടിലെ വീട് വാടകക്ക് കൊടുത്തും മക്കളുടെ സ്കൂളിലെ ടി.സി സംഘടിപ്പിച്ചും സകലമാന മുന്നൊരുക്കങ്ങളോടെയാണ് യുവതി ദുബൈയിലെത്തിയതെന്ന വിവരം ഇപ്പോഴാണ് യുവാവ് അറിയുന്നത്. താൻ അറബി ടീച്ചറുടെ മോളാണെന്നും ചെറുപ്പം മുതലേ അറബി അറിയാമെന്നും അതിനാൽ യു.എ.ഇയിൽ തങ്ങാനാണ് തീരുമാനമെന്നും യുവതി അവകാശപ്പെട്ടു'.
പോസ്റ്റ് വൈറലായതോടെ എവിടെ അവസാനിപ്പിക്കണം എന്നറിയാത്ത അവസ്ഥയിലാണ് കുടുംബാംഗങ്ങൾ. 'എങ്ങിനെയെങ്കിലും അവളെ നാട്ടിലെത്തിച്ച ശേഷം ഒഴിവാക്കണം' എന്നത് പോലുള്ള കമൻറുകളായിരുന്നു സോഷ്യൽ മീഡിയയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.