ഫുജൈറ: ജനവാസ മേഖലയിലൂടെ കറങ്ങിനടന്ന കാട്ടുപൂച്ചയെ പിടികൂടി. ഫുജൈറയിൽ കഴിഞ്ഞദിവസം ജനവാസ മേഖലയിലിറങ്ങിയ കരാക്കൽ ഇനത്തിൽപെട്ട കാട്ടുപൂച്ചയെയാണ് പരിസ്ഥിതി അതോറിറ്റിയിലെ പരിശീലനം നേടിയ സംഘം പിടികൂടിയത്. പൂച്ച കറങ്ങിനടക്കുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. തുടർന്ന് സ്ഥിതിഗതികൾ പരിശോധിക്കാനും വന്യമൃഗത്തിന്റെ സ്ഥലം കണ്ടെത്താനും ഫുജൈറ പരിസ്ഥിതി ഏജൻസിയിലെ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി.
ഈ അന്വേഷണത്തിലാണ് കാട്ടുപൂച്ചയെ കണ്ടെത്തിയത്. ഇത് യു.എ.ഇ പൗരന്റെ ഉടമസ്ഥതയിലുള്ളതായിരുന്നെന്ന് പരിസ്ഥിതി ഏജൻസി ഡയറക്ടർ അസീല മുഹല്ല വെളിപ്പെടുത്തി. അധികൃതരുമായി സഹകരിച്ച ഉടമ, കാട്ടുപൂച്ചയെ കൈവശംവെക്കുന്നത് നിയമവിരുദ്ധമാണെന്ന് അറിയില്ലായിരുന്നുവെന്ന് സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു. ഉടമയിൽനിന്ന് പിഴ ഈടാക്കിയിട്ടുണ്ട്. എന്നാൽ, അതോറിറ്റി കൃത്യമായ തുക വെളിപ്പെടുത്തിയിട്ടില്ല. യു.എ.ഇ നിയമമനുസരിച്ച് രജിസ്ട്രേഷൻ കൂടാതെ അപകടകരമായ മൃഗത്തെ പോറ്റിയാൽ 10,000 ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെ പിഴ ലഭിക്കും. പൂച്ചയെ നിലവിൽ മൃഗശാലയിലേക്ക് കൈമാറിയിരിക്കുകയാണ്.
ഇരയെ പിടിക്കാനായി 10 അടി ഉയരത്തിൽ വരെ ചാടാൻ കഴിവുള്ള ജീവിയാണിത്. മൃഗശാലയിൽ ഇതിനെ സംരക്ഷിക്കാനാവശ്യമായ സംവിധാനം ഒരുക്കിയിട്ടുണ്ട്. യു.എ.ഇയിലെ ഹജ്ർ പർവത നിരകളിൽ കണ്ടുവരുന്നയിനം പൂച്ചയാണിത്. വന്യമൃഗങ്ങളുമായുള്ള സമ്പർക്കം കുറക്കാനും വല്ല പരാതികളുമുണ്ടെങ്കിൽ ഫുജൈറ പരിസ്ഥിതി അതോറിറ്റിയുടെ 800368 ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.