അബൂദബി: പുതിയ റെസിഡൻസി വിസകൾക്കും പുതുക്കലുകൾക്കുമുള്ള മെഡിക്കൽ സ്ക്രീനിങ്ങിന് ഓൺലൈൻ ബുക്കിങ് സേവനം കമ്പനികൾക്കും ലഭ്യമാക്കിയതായി അധികൃതർ അറിയിച്ചു. അബൂദബി ഹെൽത്ത് സർവിസസ് കമ്പനി (സേഹ) ജനുവരിയിലാണ് സേവനം ആരംഭിച്ചത്. വ്യക്തിഗത അപേക്ഷകർക്ക് മാത്രമായിരുന്നു ഇതുവരെ സൗകര്യമുണ്ടായിരുന്നത്. 73,000ത്തിലേറെ ബുക്കിങ്ങാണ് ഓൺലൈൻ സേവനത്തിലൂടെ ഇതിനകം ലഭിച്ചത്. വിസ നടപടികൾ ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സേഹ വിസ സ്ക്രീനിങ് ആപ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
രാജ്യത്ത് താമസവിസകൾക്ക് മെഡിക്കൽ പരിശോധന നിർബന്ധമാണെന്നിരിക്കെ ഓൺലൈൻ ബുക്കിങ് അപേക്ഷകർക്ക് ഏറെ ഉപകാരപ്രദമാണ്.രക്തപരിശോധന, നെഞ്ചിന്റെ എക്സ്റേ എന്നിവയാണ് പരിശോധനയുടെ ഭാഗമായി നടത്തുക. നേരത്തേ അപേക്ഷകർ രോഗപ്രതിരോധ, പരിശോധന കേന്ദ്രങ്ങളിൽ നേരിട്ടെത്തി സ്ക്രീനിങ് ബുക്ക് ചെയ്യണമായിരുന്നു. ഓൺലൈൻ ബുക്കിങ് സേവനം ഓരോരുത്തർക്കും അരമണിക്കൂർ വരെ കാത്തുനിൽപ് ഒഴിവാക്കിയെന്ന് ആംബുലേറ്ററി ഹെൽത്ത് കെയർ സർവിസസിലെ ചീഫ് ക്ലിനിക്കൽ അഫയേഴ്സ് ഓഫിസർ ഡോ. ഉമർ അൽ ഹാഷ്മി പറഞ്ഞു.12 സ്ക്രീനിങ് കേന്ദ്രങ്ങളും ഒരു മൊബൈൽ വിസ സ്ക്രീനിങ് സെന്ററുമാണ് 'സേഹ' അബൂദബിയിൽ നടത്തുന്നത്. മൊബൈൽ വിസ സ്ക്രീനിങ് സെന്റർ കമ്പനികളിലെത്തിയാണ് തൊഴിലാളികളുടെ പരിശോധന നടത്തുന്നത്.
ഈ സേവനം ഉപയോഗപ്പെടുത്താൻ കമ്പനികളാണ് അപേക്ഷ നൽകേണ്ടത്. പരിശോധനക്കായി എത്തുന്നവർ അൽഹുസ്ൻ ആപ്ലക്കേഷനിൽ ഗ്രീൻ സ്റ്റാറ്റസ് കാണിക്കണം. വാക്സിനെടുക്കാത്തവർ 96 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റിവ് പി.സി.ആർ ഫലവും കാണിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.