ദുബൈ: കുടുംബത്തിലെ സാമ്പത്തിക ഞെരുക്കത്തില്‍ നിന്നും രക്ഷതേടി ഗള്‍ഫിലേക്ക് പോയി വിസ ഏജൻറിെൻറ ചതിയിലകപ്പെട്ട കോഴിക്കോട് കുറ്റിക്കാട്ടൂര്‍ പെരിങ്ങളത്തെ മുനീറിെൻറ ഭാര്യ ഉസൈബയെ ദുബൈയിലേക്ക് കടത്തിയത് ദൽഹിയിലെ മനുഷ്യക്കടത്ത് സംഘമെന്ന് സൂചന. ഡല്‍ഹിയില്‍ നിന്നാണ് ഉസൈബ ദുബൈയിലേക്ക് വിമാനം കയറിയത്. ഡല്‍ഹിയില്‍ നിന്നും വിസക്കുള്ള മെഡിക്കല്‍ പരിശോധന നടത്താമെന്നും ബന്ധുക്കളോ സ്പോണ്‍സര്‍മാരോ ഇല്ലാതെ സന്ദര്‍ശക വിസയില്‍ കേരളത്തില്‍ നിന്ന് വിമാനം കയറുന്നതിന് നൂലാമാലകള്‍ ഉണ്ടെന്നും കുടുംബത്തെ തെറ്റിദ്ധരിപ്പിച്ചാണ് സ്ത്രീയെ ഏജൻറ് നൗഷാദ് ദല്‍ഹിയിലെത്തിച്ച് ദുബൈയിലേക്ക് കടത്തിയത്.
എന്നാല്‍ സ്പോണ്‍സര്‍ വിസയോ ആധികാരികമായ മറ്റു രേഖകളോ ഇല്ലാതെ ഇന്ത്യയിലെ ഒറ്റ വിമാനത്താവളത്തില്‍ നിന്നും ഇത്തരത്തില്‍ സന്ദര്‍ശക വിസയില്‍ വിദേശത്തേക്ക് കയറി പോകാന്‍ അനുമതി ഇല്ലെന്നിരിക്കെ ദല്‍ഹി എയര്‍പോര്‍ട്ടില്‍ ഉദ്യോഗസ്ഥരുടെ സ്വാധീനം ഉപയോഗിച്ച് മനുഷ്യക്കടത്തായാണ് ഉസൈബയെ ദുബൈയിലേക്ക് കയറ്റിയതെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസം മുനീറും മൂന്ന് പെൺമക്കളും ചേര്‍ന്ന് ഭാര്യ ഉസൈബയെ രക്ഷിക്കണമെന്ന് അപേക്ഷിച്ച് ഷെയര്‍ ചെയ്ത വീഡിയോ നവ മാധ്യമങ്ങളില്‍ പടര്‍ന്നിരുന്നു . ഇത് കണ്ട യു.എ.ഇ യിലെയും ഒമാനിലെയും മലയാളി പൊതു പ്രവര്‍ത്തകരാണ് ഉസൈബയെ കണ്ടെത്താന്‍ രംഗത്തിറങ്ങിയത്. തന്നെ ഒമാനിലെ ഒരു കുടുസുമുറിയില്‍ തടങ്കലില്‍ വെച്ചിരിക്കുകയാണെന്ന് കാട്ടി കഴിഞ്ഞ ദിവസം ഉസൈബ വീട്ടിലേക്ക് ഫോണ്‍ വിളിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് മുനീറും മക്കളും സോഷ്യല്‍ മീഡിയയില്‍ സഹായമഭ്യര്‍ഥനയുമായി വന്നത്.
സാമൂഹിക പ്രവര്‍ത്തകരുടെ നിരന്തരമായ ഇടപെടലോടെ രക്ഷപെട്ട ഉസൈബ ശനിയാഴ്ച്ച ഉച്ചയോടെ കോഴിക്കോട്ടെ വീട്ടിലെത്തി . മുനീര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് അന്വഷണം ആരംഭിച്ചിട്ടുണ്ട്. ഡ്രൈവറായിരുന്ന മുനീറിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വാഹാനാപകടത്തില്‍ പെട്ട് തുടയെല്ലിനും കാലിലും ഗുരുതരമായ പരിക്കേറ്റതിനാൽ ജോലിയെടുക്കാന്‍ കഴിയില്ല. ഭീമമായ തുക കടം വീട്ടാനും വീട്ടു വാടക കൊടുക്കാനും ഗതിയില്ലാതെ കഴിയുമ്പോഴാണ് ഭാര്യ ഉസൈബക്ക് ഗള്‍ഫില്‍ അവസരം ലഭിച്ചത്. ഇക്കഴിഞ്ഞ നവംബര്‍ 30 ന് നിലമ്പൂര്‍ എടക്കര സ്വദേശി നൗഷാദ് ജോലി വാഗ്ദാനം ചെയ്ത് ഉസൈബയെ ദുബൈയിലേക്ക് കൊണ്ട് പോയി. മുനീറിെൻറ സുഹൃത്ത് വഴിയാണ് നൗഷാദിനെ പരിചയപ്പെടുന്നതും ഗള്‍ഫിലേക്ക് പോകാനുള്ള വഴി തെളിഞ്ഞതും. ദുബൈയില്‍ ഒരു അറബ് വീട്ടില്‍ ജോലിക്കെന്നും പറഞ്ഞാണ് കൊണ്ട് പോയത്. തിരുവനന്തപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അജ്മാനിലെ ലേബര്‍ സപ്ലെ കമ്പനിയിലെ ഒരു കുടുസ് മുറിയില്‍ ദിവസങ്ങളോളം തടങ്കലിൽ കഴിഞ്ഞു.
അതിനിടക്ക് ജോലി ഒമാനില്‍ ശരിയായിട്ടുണ്ടെന്നും പറഞ്ഞാണ് രണ്ടാഴ്ചക്ക് ശേഷം ഒമാനിലേക്ക് കയറ്റി വിട്ടു. ഒരു ഒമാനി സ്വദേശിയുടെ വീട്ടില്‍ ജോലിക്ക് നിര്‍ത്തി. രോഗം ബാധിച്ച് തളര്‍ന്ന ഉസൈബയെ ചെലവ് കൂടുമെന്നും പറഞ്ഞ് വീട്ടുടമ ചികില്‍സിച്ചില്ല. നാട്ടിലേക്ക് വിടണമെങ്കില്‍ രണ്ടു ലക്ഷം രൂപ തരണമെന്നും ഭര്‍ത്താവിനോട് പറഞ്ഞ് തരപ്പെടുത്തിക്കൊടുക്കാനും ഇയാള്‍ ആവശ്യപെട്ടു. ഇടക്ക് ഫോണ്‍ വിളിക്കാന്‍ അവസരം ഒത്തുവന്നപ്പോഴാണ് ഭര്‍ത്താവിനെ വിളിച്ചത്. കഴിഞ്ഞ ദിവസം ഒമാനി വീട്ടുടമ ദുബൈയിലേക്ക് കയറ്റി വിട്ടു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പടര്‍ന്ന വീഡിയോ പുലിവാലാവുമെന്നും മലയാളി സംഘടനകളുടെ ഇടപെടല്‍ നടക്കുന്നുണ്ടെന്ന് മനസ്സിലാക്കിയും ദുബൈയിലെ മലയാളി മലയാളി ഏജന്‍സി ഉസൈബയെ ദുബൈയിലേക്ക് തിരിച്ചെത്തിക്കാന്‍ നിര്‍ബന്ധിതരായെന്നാണ് സൂചന. വ്യാഴാഴ്ച രാത്രി ദുബൈ വിമാനത്താവളത്തില്‍ തിരിച്ചിറങ്ങിയ ഉസൈബ എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങും മുമ്പ് ഒരു മലയാളിയുടെ സഹായത്തോടെ ഭര്‍ത്താവിനെ ദുബൈയില്‍ തിരിച്ചെത്തിയ വിവരം വിളിച്ചറിയിച്ചു. വീഡിയോ കണ്ടു തന്നെ സഹായിക്കാനായി രംഗത്തെത്തിയ യു.എ.ഇ യിലെ പൊതു പ്രവര്‍ത്തകരെ മുനീര്‍ തത്സമയം ഇക്കാര്യം അറിയിക്കുകയും ചെയ്തു. ദുബൈ എയര്‍പോര്‍ട്ടിനകത്ത് വെച്ചും കറുത്ത വര്‍ഗക്കാരായ രണ്ടു പേര്‍ ഉടനെ പുറത്തിറങ്ങാന്‍ ആവശ്യപെട്ട് ഭീഷണി പെടുത്തിയതായി ഉസൈബ "ഗള്‍ഫ് മാധ്യമ"ത്തോട് പറഞ്ഞു. എന്ത് ചെയ്യണമെന്നറിയാതെ പുറത്തിറങ്ങിയ ഉസൈബയെ കാത്ത് വീണ്ടും ഏജൻറിെൻറ ആളുകള്‍ പുറത്തു കാത്തു നില്‍പ്പുണ്ടായിരുന്നു.
അജ്മാനിലെ ലേബര്‍ സപ്ലെ കമ്പനിയുടെ മുറിയിൽ കൊണ്ട് വിടാനാണ് നിര്‍ദേശമെന്നും വന്നില്ലെങ്കില്‍ മോഷണ കുറ്റം ആരോപിച്ച് പോലീസില്‍ പിടിപ്പിക്കുമെന്നും പുറത്തു നിന്നിരുന്ന പാകിസ്താന് സ്വദേശികള്‍ പറഞ്ഞതോടെ ഉസൈബ കൂടെ പോകാന്‍ നിര്‍ബന്ധിതയായി. ഒരു ദിവസം വീണ്ടും അവിടെ നിര്‍ത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു. മേല്‍നോട്ടക്കാരിയായ സ്ത്രീ പണം ആവശ്യപ്പെട്ട് മർദിച്ചതായും ഉസൈബ പറഞ്ഞു. ഒമാനില്‍ ജോലി ചെയ്തതിെൻറ ശമ്പളവും നല്‍കിയില്ല. അതിനിടെ മലയാളി കമ്പനി ഉടമയുടെ വിവരങ്ങള്‍ കണ്ടെത്തിയ പൊതുപ്രവര്‍ത്തകര്‍ ഇയാളുമായി നിരന്തരം ബന്ധപ്പെടുകയും ഉടന്‍ മോചിപ്പിക്കാന്‍ നിര്‍ദേശിക്കുകമായിരുന്നു. തുടർന്ന് ഏജൻറ് ശനിയാഴ്ച്ച പുലര്‍ച്ചെ ഇവരെ ഷാര്‍ജ വിമാനത്താവളത്തില്‍ കൊണ്ടുവിട്ട് മുങ്ങുകയായിരുന്നു. വിമാനത്താവള ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഉസൈബ നാട്ടിലേക്ക് തിരിക്കുന്ന വിവരം പൊതു പ്രവര്‍ത്തകര്‍ ശേഖരിച്ചത്. പൊതു പ്രവര്‍ത്തകരായ ഫൈസല്‍ കണ്ണോത്ത്, നസീര്‍ വാടാനപ്പള്ളി, മെഹറൂഫ് കണ്ണൂര്‍, ഷബീര്‍ ഇബ്രാഹിം എന്നിവര്‍ യാത്രാ നടപടികള്‍ക്കായി വിമാനത്താവളത്തില്‍ എത്തിയിരുന്നു. മുനീറിെൻറ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പോലീസ് വീട്ടിലെത്തി വിവരങ്ങള്‍ ആരാഞ്ഞു. വിദേശത്തേക്ക് അയക്കാന്‍ ഇടനിലക്കാരനായി നിന്ന എടക്കര സ്വദേശിയെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഉസൈബ നാട്ടിലെത്തിയതറിഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുനീറിനെ ഫോണില്‍ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചിരുന്നു. കേസന്വേഷണം വേഗത്തിലാക്കാന്‍ വേണ്ടത് വേണ്ടത് ചെയ്യുമെന്നും കുടുംബത്തെ സഹായിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചിട്ടുണ്ട് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.