ദുബൈ: യു.എ.ഇയിലെ പ്രവാസി സമൂഹം ഇന്ന് വിഷുക്കണിയിലേക്ക് കണ്ണ് തുറക്കും. മഞ്ഞ നിറമാർന്ന കൊന്നയും പാടത്തും പറമ്പുകളിലും വിളഞ്ഞു നിൽക്കുന്ന വെള്ളരിയുമെല്ലാം കടൽ കടന്നെത്തിക്കഴിഞ്ഞു. ഇവയെല്ലാം വീടകങ്ങളിലെ കണിയായി മാറുന്ന ദിനമാണിന്ന്. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും പാതി നിറച്ച്, കൂടെ അലക്കിയ മുണ്ടും പൊന്നും വാൽക്കണ്ണാടിയും കണിവെള്ളരിയും കണിക്കൊന്നയും പഴുത്ത അടയ്ക്കയും വെറ്റിലയും കണ്മഷി, ചാന്ത്, സിന്ദൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും നാളികേരപാതിയും ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ് വിഷുക്കണി ഒരുക്കുക. മുൻകാലങ്ങളിൽ ഇവയൊന്നും പ്രവാസലോകത്ത് ലഭ്യമല്ലായിരുന്നെങ്കിൽ ഇന്ന് സൂപ്പർമാർക്കറ്റിലെത്തിയാൽ ഇവയെല്ലാം യഥേഷ്ടം ലഭിക്കും. ഇത് കിട്ടാത്തവർ ഉള്ള വസ്തുക്കൾവെച്ച് കണിയൊരുക്കുകയാണ് പതിവ്.
സാധാരണ ഏപ്രിൽ 14നാണ് വിഷു എത്തുന്നത്. ഇക്കുറി വാരാന്ത്യ അവധി കൂടി ഒരുമിച്ചെത്തിയതിനാൽ കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും വിഷു ആസ്വദിച്ച് ആഘോഷിക്കാം. കുടുംബക്കാരും സുഹൃത്തുക്കളും ഒത്തുചേരുന്ന ആഘോഷം കൂടിയാണ് വിഷു. വിവിധ എമിറേറ്റുകളിലെ ബന്ധുക്കളെല്ലാം എവിടെയെങ്കിലും ഒത്തുചേരുകയും സന്തോഷം പങ്കിടുകയും ആഘോഷിക്കുകയും ചെയ്യുന്നു. വാരാന്ത്യ അവധി ആയതിനാൽ ദീർഘ ദൂര യാത്രകൾക്ക് പദ്ധതിയിട്ടവരും കുറവല്ല. റമദാനിലായതിനാൽ ആഘോഷം വൈകുന്നേരത്തേക്ക് മാറ്റിവെക്കുന്നവരുമുണ്ട്.
സദ്യവട്ടങ്ങൾ ഒരുക്കാനുള്ള പച്ചക്കറികൾ ഇന്നലെ തന്നെ വാങ്ങിവെച്ചിരുന്നു. മാർക്കറ്റുകളിൽ ഈ തിരക്ക് ദൃശ്യമായിരുന്നു. വിഷുക്കോടിയെടുക്കാനും ഓഫറുകളുടെ ആനുകൂല്യം ഉപയോഗപ്പെടുത്താനും ഉപഭോക്താക്കളുടെ തിരക്കായിരുന്നു. ഹോട്ടലുകളിൽനിന്ന് സദ്യയും പായസവുമെല്ലാം പാഴ്സലായി താമസ സ്ഥലങ്ങളിൽ എത്തിക്കുന്നവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.