ദുബൈ: യു.എ.ഇയിലേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്ന വിസിറ്റിങ് വിസക്കാരുടെ യാത്ര അനിശ്ചിതമായി നീളുന്നു. കഴിഞ്ഞയാഴ്ച മുതലാണ് യു.എ.ഇ വിസിറ്റിങ് വിസ അനുവദിച്ചു തുടങ്ങിയത്. എന്നാൽ, ഇതുവരെ സന്ദർശകവിസക്കാർക്ക് യാത്രാനുമതി ലഭിച്ചിട്ടില്ല. ഇതോടെ, വിസിറ്റിങ് വിസ എടുത്തവർ എന്ന് പോകാൻ കഴിയുമെന്ന ആശങ്കയിലായി. ഇക്കാര്യത്തിൽ യു.എ.ഇ അധികൃതരിൽനിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചില്ലെന്ന് ഇന്ത്യൻ അംബാസഡർ പവൻ കപൂർ പറഞ്ഞു. അനുമതിക്കായി കാത്തിരിക്കുകയാണ്. ഇൗ വിഷയത്തിൽ ഇന്ത്യൻ സർക്കാറും തീരുമാനം അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിസിറ്റിങ് വിസ ലഭിച്ചതോടെ മലയാളികൾ അടക്കം നിരവധി പേർ ടിക്കറ്റെടുത്തിരുന്നു. എന്നാൽ, യാത്രാനുമതി ഇല്ലാത്തതിനാൽ അധികൃതർ പ്രവേശനം നിഷേധിച്ചു. ചൊവ്വാഴ്ച യു.എ.ഇയിലേക്ക് മടങ്ങാൻ ടിക്കറ്റെടുത്ത മലയാളി കുടുംബത്തിെൻറയും യാത്ര മുടങ്ങി. ഉടൻ തിരിച്ചെത്തിയില്ലെങ്കിൽ ജോലി നഷ്ടമാകാൻ സാധ്യതയുള്ളവരാണ് മടങ്ങാൻ കാത്തിരിക്കുന്നവരിൽ ഏറെയും.
റസിഡൻറ് വിസക്കാർക്ക് ഇപ്പോഴും യാത്രാനുമതി നൽകുന്നുണ്ട്. വന്ദേഭാരത് മിഷൻ വിമാനത്തിലാണ് ഇവർ യു.എ.ഇയിൽ എത്തുന്നത്. അതേസമയം, ജോലി തേടി വിസിറ്റിങ് വിസയിൽ എത്തുന്നവർ അനുമതി ലഭിച്ചാലും യാത്ര ഒഴിവാക്കുന്നതാണ് നല്ലതെന്നും ജോലി ഉറപ്പുള്ളവർ മാത്രം വന്നാൽ മതിയെന്നും അംബാസഡർ പറഞ്ഞു. ജോലി അന്വേഷണത്തിന് പറ്റിയ സാഹചര്യമല്ല ഇപ്പോഴുള്ളത്. വിസ സംവിധാനവും യാത്രകളും സാധാരണ നിലയിൽ ആയശേഷം യു.എ.ഇയിലേക്ക് വരുന്നതാണ് നല്ലത്. യു.എ.ഇ അനുമതി നൽകിയാൽ ഇന്ത്യയിൽനിന്ന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നൂറുകണക്കിനാളുകൾ ഇതിനകം വിസിറ്റിങ് വിസക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഭൂരിപക്ഷം അപേക്ഷകളും യു.എ.ഇ അനുവദിച്ചിട്ടുമുണ്ട്. ഉടൻ യാത്ര സാധ്യമായില്ലെങ്കിൽ ഇവരുടെ വിസ കാലാവധി ദിവസങ്ങളാണ് കുറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.