കാഴ്ച പരിമിതി തടസ്സമാവില്ല, മരുന്ന് കുറിപ്പടി ഇനി ബ്രെയ്‌ലി ലിപിയിൽ

ദുബൈ: കൃത്യമായി കഴിക്കേണ്ട മരുന്നുകൾ എടുത്തുനൽകാൻ കാഴ്ചയില്ലാത്തവർക്ക് ഇനി അപരരുടെ സഹായം തേടേണ്ടിവരില്ല. കാഴ്ചപിരിമിതർക്ക് കുറിപ്പടി വായിച്ച് സ്വതന്ത്രമായി മരുന്നുകൾ തെരഞ്ഞെടുക്കാനുള്ള സംവിധാനവുമായി യു.എ.ഇ ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം. ബ്രെയ്‌ലി ലിപിയിൽ മരുന്ന് പാക്കുകളിൽ കുറിപ്പടികൾ രേഖപ്പെടുത്തുന്ന നൂതന പദ്ധതിക്ക് രാജ്യത്ത് തുടക്കമായി.

നിശ്ചയദാർഢ്യ വിഭാഗക്കാർക്ക് വേണ്ടിയുള്ള സായിദ് ഹയർ ഓർഗനൈസേഷൻ സഹകരണത്തോടെയാണ് വിപ്ലവകരമെന്ന് വിശേഷിപ്പിക്കാവുന്ന പദ്ധതിക്ക് ആരോഗ്യ മന്ത്രാലയം തുടക്കമിട്ടിരിക്കുന്നത്. ഇംഗ്ലീഷ്, അറബി ഭാഷകൾക്ക് പുറമെ ഉറുദു വിലും മെഡിസിൻ ലേബലുകളിൽ കുറിപ്പടി അച്ചടിക്കും.

നിശ്ചയദാർഡ്യ വിഭാഗക്കാരുടെ അവകാശങ്ങൾ പരിരക്ഷിക്കുന്നതിനും മാന്യവും സുരക്ഷിതവുമായ ജീവിതം ഉറപ്പുവരുത്തുന്നതിനുമുള്ള യുഎഇ സർക്കാരി​െൻറ നിർദ്ദേശങ്ങളുടെ ഭാഗമായാണ് പദ്ധതി. അവരുടെ കഴിവുകൾ പിന്തുണയ്ക്കുന്നതിനും അവരെ സമൂഹത്തിൽ സമന്വയിപ്പിക്കുന്നതിനും സഹായിക്കുന്ന ഉചിതമായ സേവനങ്ങൾ നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രാലയം പ്രതിനിധികൾ വ്യക്തമാക്കി.

വിദഗ്ധരുടെ സഹായത്തോടെ മരുന്ന് കുറിപ്പടികളുടെ ബ്രെയ്‌ലി ലേബലിംഗ് തയ്യാറാക്കി യു.എ.ഇയിലെ ഏക ബ്രെയ്‌ലി പ്രസായ സായിദ് ഹൈയർ ഓർഗനൈസേഷൻ പ്രിന്റിംഗ് പ്രസ്സിൽ അച്ചടിച്ചാണ് വിപണിയിലെത്തിക്കുന്നത്. സേവന ഉപയോക്താക്കളിൽ നിന്നും അവരുടെ കുടുംബങ്ങളിൽ നിന്നും പ്രതികരണം ആരായുന്നതിന് സർവേയും പൂർത്തിയാക്കി. ഈ സംരംഭത്തെക്കുറിച്ചും പങ്കെടുക്കുന്ന ഫാർമസികളുടെ പേരുകളെക്കുറിച്ചും വിശദീകരിക്കുന്നതിന് സോഷ്യൽ മീഡിയ കാമ്പയിൻ സംഘടിപ്പിക്കും. ഫാർമസിസ്റ്റുകളുമായും ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായും മന്ത്രാലയം നിരന്തരം സമ്പർക്കം പുലർത്തി വരുന്നുണ്ട്​.

മരുന്ന് പാക്കേജുകളിൽ ബ്രെയ്‌ലി പ്രയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് യുഎഇ. ഫാർമസ്യൂട്ടിക്കൽ മേഖലയിൽ സുപ്രധാന വികാസമായി ഇതു മാറുമെന്ന കാര്യത്തിൽ സംശയമില്ല. യുഎഇയിൽ താമസിക്കുന്ന വിവിധ ദേശീയതകളിൽ നിന്നുള്ള കാഴ്ചയില്ലാത്തവർക്ക് എളുപ്പത്തിൽ ഉപയോഗിക്കാനായി അറബി, ഇംഗ്ലീഷ്, ഉറുദു ഭാഷകളിൽ ബ്രെയ്‌ലി ലേബലുകൾ ലഭ്യമാണെന്നും ആരോഗ്യ മന്ത്രാലയം പബ്ലിക് ഹെൽത്ത് പോളിസി ആന്റ് ലൈസൻസ് ഡിപ്പാർട്ട്‌മെൻറ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. അമിൻ ഹുസൈൻ അൽ അമിരി പറഞ്ഞു

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.