ദുബൈ: കാൽപന്തുകളിയുടെ ആവേശം പ്രവാസികളിലേക്കെത്തിക്കാൻ വോൾഗ മെഗാ കപ്പിന്റെ ഒന്നാം സീസണ് ഞായറാഴ്ച വിസിൽ മുഴങ്ങും. ദുബൈ മുഹൈസിനയിലെ ഇത്തിസാലാത്ത് അക്കാദമി മൈതാനത്ത് നടക്കുന്ന മാമാങ്കത്തിൽ യു.എ.ഇയിലെ പ്രമുഖരായ 16 ടീമുകൾ കൊമ്പുകോർക്കും. സന്തോഷ് ട്രോഫി, ഐ.എസ്.എൽ, ഐ ലീഗ്, കേരള പ്രീമിയർ ലീഗ് താരങ്ങൾ അണിനിരക്കുന്ന ടൂർണമെന്റിൽ വിജയികളെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനങ്ങളാണ്. സന്തോഷ് ട്രോഫിയിൽ കേരളത്തെ പൊൻ കിരീടമണിയിച്ച ഈസ്റ്റ് ബംഗാൾ കോച്ച് ബിനോ ജോർജ് മുഖ്യാതിഥിയാകും. സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ഉദ്ഘാടന-സമാപന പരിപാടികളിൽ പങ്കെടുക്കും. ഉച്ചക്ക് രണ്ടിന് തുടങ്ങുന്ന ടൂർണമെന്റിലേക്ക് പ്രവേശനം സൗജന്യമാണ്. മീഡിയ പാർട്ണറായി പ്രവാസികളുടെ മുഖപത്രമായ ‘ഗൾഫ് മാധ്യമ’വും ടൂർണമെന്റിന്റെ ഭാഗമാകും.
ലോകകപ്പിനുശേഷം യു.എ.ഇയിലെ പ്രവാസികളിലേക്ക് വീണ്ടും ഫുട്ബാൾ ആരവങ്ങളെത്തിക്കാൻ ലക്ഷ്യമിട്ടാണ് വോൾഗ മെഗാ കപ്പ് സംഘടിപ്പിക്കുന്നത്. കെഫയിൽ രജിസ്റ്റർ ചെയ്ത ക്ലബുകളാണ് പങ്കെടുക്കുന്നത്. വാൾക് ഫുഡ് ഇൻഡസ്ട്രീസ് അവതരിപ്പിക്കുന്ന ടൂർണമെന്റിൽ ചാമ്പ്യന്മാർക്ക് 12,000 ദിർഹമും ട്രോഫിയും നൽകും. റണ്ണർ അപ്പിന് 6000 ദിർഹം, മൂന്നാം സ്ഥാനക്കാർക്ക് 3000 ദിർഹം, നാലാമതെത്തുന്നവർക്ക് 1500 ദിർഹം എന്നിങ്ങനെയാണ് സമ്മാനത്തുക. യു.എ.ഇയിലെ ഏറ്റവും സമ്മാനത്തുകയുള്ള ടൂർണമെന്റുകളിൽ ഒന്നാണിത്.
കാഷ് പ്രൈസിനു പുറമെ വിജയികളെ കാത്തിരിക്കുന്നത് കേരളത്തിൽനിന്ന് പ്രത്യേകം രൂപകൽപന ചെയ്ത് എത്തിച്ച ട്രോഫികളാണ്. വിജയികൾക്ക് നൽകുന്ന ട്രോഫിക്ക് 75 സെ.മീ. ഉയരവും 71 സെ.മീ. വീതിയുമുണ്ട്. രണ്ടാം സ്ഥാനക്കാരുടെ ട്രോഫിക്ക് 66 സെ.മീ. ഉയരവും 63 സെ.മീ. വീതിയുമുണ്ട്. സ്വർണ, വെള്ളി നിറങ്ങളിലാണ് വോൾഗയുടെ ലോഗോ പതിച്ച ട്രോഫി നിർമിച്ചിരിക്കുന്നത്. ഇതിനുപുറമെ, മൂന്ന്, നാല് സ്ഥാനക്കാർക്കും ട്രോഫി നൽകുന്നുണ്ട്. ടൂർണമെന്റിലെ മികച്ച താരം, പ്രതിരോധ താരം, ഗോൾ കീപ്പർ എന്നിവർക്കും സമ്മാനങ്ങൾ നൽകും.
ഫുട്ബാൾ കാർണിവലിനു പുറമെ വിവിധ കലാ സാംസ്കാരിക പരിപാടികളും അരങ്ങേറും. ശിങ്കാരിമേളം, സിനിമാറ്റിക് ഡാൻസ്, ഗുജറാത്തി ഡാൻസ്, രാജസ്ഥാനി നൃത്തം, 14 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സൗഹൃദ ഫുട്ബാൾ മത്സരം എന്നിവയും നടക്കും. കൂടുതൽ വിവരങ്ങൾക്കായി 0565774365, 0564156417, 0502136843 നമ്പറുകളിൽ ബന്ധപ്പെടണം.
വോൾഗ എഫ്.സി, ലക്കി എഫ്.സി, സക്സസ് പോയന്റ് കോളജ് എഫ്.സി, അൽ സബാ എഫ്.സി അജ്മാൻ, ഗ്ലോബ് ട്രക്കേഴ്സ് എഫ്.സി, ഓവർസീസ് ലൂബ്രിക്കന്റ്സ് എച്ച്.എസ്.കെ, അബ്രിക്കോ ഫ്രൈറ്റ് എഫ്.സി, റിനം എ.എഫ്.സി, പ്രീമിയം പ്ലാസ ഇലക്ട്രിക്കൽ ഹീറോസ് കുറ്റിപ്പുറം, ജഗ്ഗുസ് സ്പോർട്സ് വേൾഡ്, ഫിഫ മഞ്ചേരി, കോസ്റ്റൽ ട്രിവാൻഡ്രം, ജി.എഫ്.സി റേഞ്ചർ കോർണർ വേൾഡ് ഒറവങ്ങര, ബ്ലാസ്റ്റേഴ്സ് എഫ്.സി അബൂദബി, എസ് ഗ്രൂപ് എഫ്.സി, ഫ്രാൻ ഗൾഫ് അഡ്വക്കേറ്റ്സ് വള്ളുവനാട് എഫ്.സി, മാസ് ഷാർജ എഫ്.സി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.