ദുബൈ: ഇത്തിസാലാത്ത് അക്കാദമി മൈതാനത്ത് നടന്ന വോൾഗ മെഗാ കപ്പ് ഫുട്ബാളിന്റെ പ്രഥമ സീസണിൽ വോൾഗ എഫ്.സി ചാമ്പ്യന്മാർ. ആവേശം അലതല്ലിയ കലാശപ്പോരിൽ കോസ്റ്റൽ ട്രിവാണ്ട്രത്തെ കീഴടക്കിയാണ് വോൾഗ കിരീടത്തിൽ മുത്തമിട്ടത്. മാസ് ഷാർജ മൂന്നാം സ്ഥാനത്തെത്തിയപ്പോൾ ബ്ലാസ്റ്റേഴ്സ് എഫ്.സി അബൂദബി നാലാം സ്ഥാനം നേടി. ദുബൈ ഇത്തിസാലാത്ത് അക്കാദമി ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയ കാണികൾക്ക് ആവേശം പകരുന്നതായിരുന്നു ഓരോ മത്സരവും. ഐ.എസ്.എൽ, സന്തോഷ് ട്രോഫി, ഐ ലീഗ്, കെ.പി.എൽ താരങ്ങൾ ഏറ്റുമുട്ടാനിറങ്ങി. വോൾഗ എഫ്.സിയുടെ കെ.പി. രാഹുലാണ് ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. കോസ്റ്റൽ ട്രിവാണ്ട്രത്തിന്റെ വിജയ് മികച്ച ഗോളിയായി. ചാമ്പ്യന്മാരുടെ പ്രതിരോധക്കോട്ട കാത്ത ഷിഹാബാണ് മികച്ച ഡിഫൻഡർ.
ചാമ്പ്യന്മാർക്ക് 12,000 ദിർഹമും ട്രോഫിയും വോൾഗ ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ ഗോപകുമാർ സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാർക്ക് റിനം ഗ്രൂപ് മാനേജിങ് ഡയറക്ടർ അബ്ദുൽ മുനീർ സമ്മാനങ്ങൾ കൈമാറി. സന്തോഷ് ട്രോഫിയിൽ കേരളത്തിന് കിരീടം നേടിക്കൊടുത്ത ഈസ്റ്റ് ബംഗാൾ കോച്ച് ബിനോ ജോർജ് മുഖ്യാതിഥിയായി. വോൾഗ ഗ്രൂപ് ഡയറക്ടർ ബോർഡ് അംഗങ്ങൾ, കെഫ ഡയറക്ടർ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ഉദ്ഘാടന-സമാപന പരിപാടികളിൽ സാന്നിധ്യമറിയിച്ചു. 16 ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ ‘ഗൾഫ് മാധ്യമം’ മീഡിയ പാർട്ണറായിരുന്നു. കെഫയിൽ രജിസ്റ്റർ ചെയ്ത ക്ലബുകളാണ് പങ്കെടുത്തത്. വാൾക് ഫുഡ് ഇൻഡസ്ട്രീസാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.