ദുബൈ: തെരഞ്ഞെടുപ്പ് ആരവത്തിലേക്ക് പ്രവാസലോകത്തിെൻറ ആവേശം ചേർത്തുവെക്കുന്നതിനായി ആദ്യ വോട്ടുവിമാനം ദുബൈയിൽനിന്ന് പറന്നു. യു.എ.ഇ കെ.എം.സി.സി ചാർട്ടർചെയ്ത ആദ്യ വിമാനത്തിൽ 180 വോട്ടർമാരാണ് നാട്ടിലേക്ക് പുറപ്പെട്ടത്. പ്രാദേശിക സമയം രണ്ടുമണിക്ക് ദുബൈ അന്താരാഷ്്ട്ര വിമാനത്താവളം ടെർമിനൽ രണ്ടിൽനിന്ന് വിമാനം കോഴിക്കോട്ടേക്ക് പുറപ്പെട്ടു.
മലപ്പുറം, കോഴിക്കോട് ജില്ലകളിലെയും കണ്ണൂർ കൂത്തുപറമ്പ് മണ്ഡലത്തിലെയും വോട്ടർമാരാണ് കൂടുതലായും നാട്ടിലേക്കുള്ള യാത്രക്കെത്തിയത്. നാട്ടിലെന്നപോലെ തെരഞ്ഞെടുപ്പ് ആവേശം പരകോടിയിലെത്തിയ പ്രവാസ ലോകത്തുനിന്ന് രണ്ടാമത്തെ വോട്ടുവിമാനം ഏപ്രിൽ മൂന്നിന് ദുബൈയിൽനിന്ന് തന്നെ പുറപ്പെടുമെന്ന് യു.എ.ഇ കെ.എം.സി.സി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ഡോ. പുത്തൂർ റഹ്മാൻ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ഇതിനകം 75ൽപരം വോട്ടർമാർ രജിസ്ട്രേഷൻ പൂർത്തീകരിച്ചിട്ടുണ്ട്. നാട്ടിലെത്തി വോട്ടു രേഖപ്പെടുത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾ എത്രയുംവേഗം രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. നാട്ടിലേക്ക് തിരിച്ച ആദ്യ വിമാനത്തിൽ യു.എ.ഇ കെ.എം.സി.സി ജനറൽ സെക്രട്ടറി അൻവർ നഹ, അജ്മാൻ കെ.എം.സി.സി പ്രസിഡൻറ് സൂപ്പി പാതിരപ്പറ്റ എന്നിവരാണ് യാത്രക്കാരെ അനുഗമിച്ചത്.
പതിവിനു വിപരീതമായി ഇക്കുറി കൂടുതൽ പ്രവാസികൾ മത്സരക്കളത്തിൽ സ്ഥാനംപിടിച്ചതോടെ പ്രവാസലോകത്ത് തെരഞ്ഞെടുപ്പ് ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്. ആരോഗ്യമന്ത്രി കെ.കെ. ശൈലജ കഴിഞ്ഞ തവണ വിജയിച്ചു കയറിയ കൂത്തുപറമ്പ് മണ്ഡലം പിടിക്കാൻ മുസ്ലിംലീഗ് ഇത്തവണയിറക്കിയ യു.എഡി.എഫ് സ്ഥാനാർഥി പൊട്ടങ്കണ്ടി അബ്ദുള്ളയാണ് പ്രവാസി മത്സരാർഥികളിലെ ശ്രദ്ധാകേന്ദ്രം. ഖത്തറിലെ വ്യവസായിയും നിലവിലെ കുറ്റ്യാടി എം.എൽ.എയുമായ പാറക്കൽ അബ്്ദുള്ള ഇക്കുറിയും മത്സരരംഗത്തുണ്ട്. കാസർകോട്ടെ എൽ.ഡി.എഫ് സ്ഥാനാർഥിയായ ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫാണ് മറ്റൊരു പ്രവാസി സ്ഥാനാർഥി. മുൻ പ്രവാസിയും മാധ്യമപ്രവർത്തകനുമായ ബാലകൃഷ്ണൻ പെരിയയാണ് മറ്റൊരു സ്ഥാനാർഥി. ഉദുമ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായാണ് ഇദ്ദേഹം ജനവിധി തേടുന്നത്. രാഷ്്ട്രീയത്തിൽ സജീവമാകാൻവേണ്ടി മാത്രം ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വിമാനം കയറിയ യൂത്ത് കോൺഗ്രസ് നേതാവ് ശോഭാ സുബിൻ തൃശൂർ കയ്പമംഗലത്തെ യു.എ.ഡി.എഫ് സ്ഥാനാർഥിയായി ജനവിധി തേടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.