ദുബൈ: പ്രവാസികള്‍ക്ക് നാട്ടില്‍ വോട്ടവകാശം വേണമെന്ന കാലങ്ങളായുള്ള മുറവിളിക്ക് ഏറെ കുറെ പരിഹാരമായെന്നിരിക്കെ വോട്ടര്‍ ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ പ്രവാസികള്‍ക്ക് വിമുഖത.വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ നാട്ടിലുള്ള വോട്ടവകാശം നഷ്ടപ്പെടാതിരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷെൻറ ശുപാര്‍ശ പ്രകാരം ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനത്തോട് പ്രവാസികള്‍ പുറം തിരിഞ്ഞ് നില്ക്കുന്ന പ്രവണതയാണെന്നാണ് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട പ്രവാസി സംഘടനകളുടെ വിലയിരുത്തല്‍. യു.എ.ഇ അടക്കമുള്ള ഗള്‍ഫു രാജ്യങ്ങളിലെല്ലാം വിവിധ സംഘടനകള്‍ വോട്ടര്‍മാര്‍ക്ക് ഓണ്‍ ലൈന്‍ വഴി പേര് ചേര്‍ക്കാൻ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. മലയാളികൾ മാത്രം 30 ലക്ഷത്തോളം പ്രവാസികളായി ഉണ്ടെന്നാണ് കണക്ക് . എന്നാല്‍ പകുതിയിലധികം പ്രവാസികളും ഇക്കാര്യം കണ്ടില്ലെന്ന മട്ടാണ്.
വോട്ടിനായി പോരാടുന്ന ആവേശമൊന്നും അത് വിനിയോഗിക്കുന്നതിനുള്ള നടപടി ക്രമങ്ങളില്‍ പ്രവാസികള്‍ക്ക് കാണുന്നില്ല.ഈമാസം 15ആണ് പേര് ചേര്‍ക്കാനുള്ള അവസാന തീയതി. 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ പ്രവാസി വോട്ടർമാരുടെ എണ്ണം കാൽ ലക്ഷത്തിൽ താഴെ മാത്രമാണ് രേഖപ്പെടുത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് പ്രോക്സി വോട്ടിങ്ങിനുള്ള സാധ്യത നിലനിൽക്കെയാണ് പ്രവാസി വോട്ടർമാരുടെ എണ്ണം കുറഞ്ഞത്. പുതുക്കിയ കരട് പട്ടിക അനുസരിച്ച 25065496 ആണ് കേരളത്തിലെ മൊത്തം വോട്ടർമാരുടെ എണ്ണം . ഈയിടെ പുറത്തുവിട്ട കരടു പട്ടികയില്‍ 23410 പേർ മാത്രമാണ് പ്രവാസി വിഭാഗത്തിലുള്ളത്. നവംബർ 15 നുള്ളിൽ ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തില്‍ 2019 ജനുവരി നാലിനാണു അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക. വിവിധ പ്രവാസി സംഘടനകളുടെ പ്രവർത്തനം കൊണ്ടുമാത്രമാണ് കുറച്ചു പേരെയെങ്കിലും പ്രവാസി വിഭാഗത്തില്‍ കരട് പട്ടികയിൽ ഉൾപ്പെടുത്താൻ സാധിച്ചത്.
സജീവ രാഷ്ട്രീയം കൊണ്ടുനടക്കുന്നവരും ആശയത്തോട് ചേർന്നുനിൽക്കുന്ന കുറെപ്പേരും ഒഴിച്ചാൽ വലിയൊരു ശതമാനം പേരും ഇപ്പോഴും നാട്ടിൽ വോട്ടര്മാരായിട്ടില്ല. അവസരം ഉപയോഗപ്പെടുത്തണമെന്ന് വിവിധ സംഘടനകള്‍ സോഷ്യല്‍ മീഡിയ വഴിയും മറ്റു മാര്‍ഗങ്ങളിലൂടെയും വ്യാപക പ്രചരണം നടത്തുന്നുണ്ടെങ്കിലും പൊതുവേ തണുത്ത പ്രതികരണമാണ് . അപേക്ഷ സമര്പ്പിക്കുന്നതിെൻറ നടപടിക്രമങ്ങള്‍ വിശദീകരിക്കുന്ന വിഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. പകരക്കാരനെ അധികാരപ്പെടുത്തി വോട്ടു ചെയ്യാനുള്ള സംവിധാനം നിലവില്‍ വരുന്നതോടെ ലോക സഭാ തെരഞ്ഞെടുപ്പ് കൂടുതല്‍ ആവേശം നിറഞ്ഞതാകുമെന്നാണ് വിലയിരുത്തൽ. പല മണ്ഡലങ്ങളിലും ജയ പരാജയങ്ങള്‍ നിര്‍ണ്ണയിക്കുക പ്രവാസി വോട്ടുകളായിരിക്കുമെന്നതും ശ്രദ്ധേയമാണ്.
വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കില്‍ വോട്ടെടുപ്പ് ദിവസം നാട്ടില്‍ പോയി വോട്ടു രേഖപ്പെടുത്താമെങ്കിലും പ്രവാസി വോട്ടറായി പരിഗണിക്കപ്പെടില്ല. നാട്ടില്‍ സ്ഥിരതാമസക്കാരനായ വോട്ടറായാണ് പരിഗണിക്കുക. പ്രവാസി വോട്ടറാകണമെങ്കില്‍ പ്രവാസി എന്ന നിലയില്‍ തന്നെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കണം. പകരക്കാരനെ ഉപയോഗിച്ച് വോട്ടു ചെയ്യാനുള്ള പ്രോക്സി സംവിധാനത്തിന് അനുമതി ലഭിച്ചാല്‍ ആ സൗകര്യം പ്രയോജനപ്പെടുത്താനും പ്രവാസി വോട്ടറായിരിക്കണം.
നിലവില്‍ വര്‍ഷങ്ങളായി നാട്ടില്‍ താമസമില്ലാത്ത പ്രവാസികള്‍ക്ക് നാട്ടിലെത്തിയാലും അവരുടെ വോട്ടവകാശം ലഭിക്കണമെങ്കില്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാറിന്റെ നാഷണല്‍ വോട്ടേഴ്സ് സര്‍വീസ് പോര്‍ട്ടലില്‍ സൗകര്യമുണ്ട്. www.nvsp എന്ന പോര്‍ട്ടലില്‍ പ്രാദേശിക ഭാഷയിലോ ഇംഗ്ലീഷ് ,ഹിന്ദി തുടങ്ങിയവയിലോ രജിസ്ട്രേഷന് നടത്താം. സംസ്ഥാനം, ജില്ല, താമസ സ്ഥലം, ഉള്‍പ്പെടുന്ന നിയോജക മണ്ഡലത്തിന്റെ പേര്, അപേക്ഷകെൻറ പൂര്‍ണ്ണ വിലാസം, അടുത്ത ബന്ധുവിന്റെ പേര്, വിദേശത്തെ താമസ സ്ഥലം ഉള്‍പ്പടെയുള്ള വിവരങ്ങള്‍ അപേക്ഷയില്‍ പൂരിപ്പിച്ച് പാസ്പോര്‍ട്ടിന്റെ കോപ്പി, വിസ പേജ്, ഫോട്ടോ അടക്കമുള്ളവ അപ്ലോഡ് ചെയ്താല്‍ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കാം . അപേക്ഷ അയച്ച ശേഷം ഇന്ത്യയിലെ താമസ സ്ഥലത്തേക്ക് മടങ്ങി വന്ന് സ്ഥിര താമസമാക്കുകയാണെങ്കില്‍ ഇലക്ട്രല്‍ ഓഫീസറെ വിവരം അറിയിക്കാമെന്നുമുള്ള സത്യപ്രതിജ്ഞയും ഇതോടൊപ്പം ആവശ്യപ്പെടുന്നുണ്ട്. നിലവിലെ വോട്ടര്‍പട്ടികയില്‍ പേരുള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് നീക്കം ചെയ്ത ശേഷമായിരിക്കും പ്രവാസി വോട്ടറായി പേര് ചേര്‍ക്കുക.
ഇക്കാര്യം അപേക്ഷയുടെ അവസാനം സാക്ഷ്യപ്പെടുത്തണം. മുമ്പ് തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കാനും സമര്‍പ്പിക്കണം . തങ്ങളുടെ ബൂത്തിെൻറ കരടു വോട്ടര്‍ പട്ടിക http://ceo.kerala.gov.in/electoralrolls.html എന്ന ലിങ്കില്‍നിന്നും പി.ഡി.എഫ് ഫയല്‍ ആയി ഡൗണ്‍ലോഡ് ചെയ്ത് പരിശോധിക്കാനും സാധിക്കും. ഓൺലൈൻ വഴി ലഭിക്കുന്ന അപേക്ഷകൾ ഏതു ബൂത്തിലേക്കാണോ അപേക്ഷിച്ചിട്ടുള്ളത് ആ ബൂത്തിലെ ബൂത്ത് ലെവൽ ഓഫീസർക്ക് പരിശോധനയ്ക്ക് വേണ്ടി കൈമാറും.
ബൂത്ത് ലെവൽ ഓഫീസറുടെ പരിശോധനാ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ പ്രസ്തുത അപേക്ഷയിന്മേൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ (തഹസീൽദാർ) തീരുമാനമെടുക്കുന്നു. ഈ സമയത്തെല്ലാം അപേക്ഷകന് യഥാസമയം എസ്.എം.എസ് വിവരം ലഭിക്കും. വോട്ടർപട്ടികയിൽ ചേർത്തശേഷം അപേക്ഷകന് ബി.എൽ.ഒ മുഖാന്തിരമോ പോസ്റ്റ് വഴിയോ താലൂക്ക് ഓഫീസിൽനിന്ന് നേരിട്ടോ ഇലക്ടർ ഫോട്ടോ ഐഡൻറിറ്റി കാർഡ് സ്വീകരിക്കാനുമാകും. അപേക്ഷ സമർപ്പിക്കുന്നതിനോ കാർഡ് ലഭിക്കുന്നതിനോ അപേക്ഷകൻ ഒരു ഓഫീസും സന്ദർശിക്കേണ്ടതില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.