ഒസ്കയോടൊപ്പം നടക്കാം, സമ്മാനം​ നേടാം

ദുബൈ ​ഗ്ലോബൽ വില്ലേജിലെത്തുന്നവർ ഒറ്റ സന്ദർശനത്തിൽ തന്നെ മൂന്ന്​ മുതൽ അഞ്ച്​ കിലോമീറ്ററെങ്കിലും നടക്കാറുണ്ട്​. കാഴ്ചകൾ കണ്ട്​ രസിച്ച്​ നടക്കുമ്പോൾ അവർ പോലും അറിയാറില്ല നടത്തത്തിന്‍റെ ദൈർഘ്യവും ബുദ്ധിമുട്ടും. ഈ നടപ്പ്​ സമ്മാനമാക്കി മാറ്റിയാലോ. ഒറ്റ ദിവസം 22,000 സ്​റ്റെപ്പുകൾ പിന്നിടുന്നവർക്കാണ്​ ഗ്ലോബൽ വില്ലേജ്​ സമ്മാനം നൽകുന്നത്​. 'സ്​റ്റെപ്പ്​ ചലഞ്ച്​ വിത്ത്​ ഒസാക്ക' എന്ന്​ പേരിട്ടിരിക്കുന്ന ചലഞ്ച്​ ഫെബ്രുവരി ഒമ്പത്​ വരെയുണ്ടാകും.

ആഗോള​​ഗ്രാമത്തിന്‍റെ ഉള്ളിൽ പ്രവേശിച്ച ശേഷം ഗ്ലോബൽ വില്ലേജിന്‍റെ ആപ്പിലൂടെയാണ്​ ചലഞ്ചിൽ പ​ങ്കെടു​ക്കേണ്ടത്​. ആപ്പിലെ 'സ്​റ്റെപ്പ്​ ചലഞ്ച്​ വിത്ത്​ ഒസ്ക' എന്ന ഭാഗത്ത്​ ക്ലിക്ക്​ ചെയ്ത ശേഷം നടപ്പ്​ തുടങ്ങിയാൽ മതി. പലവിയനുകളും പാർക്കുകളും പരിപാടികളും താണ്ടി നിങ്ങൾ നടക്കുന്ന ഓരോ സ്​റ്റെപ്പും ഒസ്ക എണ്ണിത്തുടങ്ങും. അർധരാത്രി 12 വരെയാണ്​ സമയം. 22,000 സ്​റ്റെപ്പുകൾ തികച്ചാൽ ഗ്ലോബൽ വില്ലേജിലെ ഗസ്റ്റ്​ കെയർ സെന്‍ററിൽ എത്തണം. 1000 പേർക്കാണ്​ സമ്മാനം നൽകുന്നത്​. സന്ദർശന പാസും ഒരു ദിവസം എല്ലാ റൈഡുകളിലും സൗജന്യമായി എത്രതവണ വേണമെങ്കിലും കയറാനുള്ള പാസുമാണ്​ നൽകുന്നത്​. ഇവർക്കൊപ്പം വരുന്ന മൂന്ന്​ പേർക്ക്​ 200 ദിർഹമിന്​ അൺലിമിറ്റഡ്​ പാസും ലഭിക്കും.

ഗ്ലോബൽ വില്ലേജലെ സന്ദർശകരിൽ നല്ലൊരു ശതമാനവും 5,000- 10,000 സ്​റ്റെപ്പെങ്കിലും ദിവസവും പിന്നിടാറുണ്ട്​. ഷോപ്പിങ്​ ആസ്വദിച്ച്​ നടക്കുന്നവർ ഇതിന്‍റെ ഇരട്ടിയോളം നടക്കാറുണ്ട്​. എല്ലാ പവലിയനുകളും സന്ദർശിക്കുന്നവർക്ക്​ 22,000 സ്​റ്റെപ്പ്​ എന്നത്​ അസാധ്യമായ കാര്യമല്ല. ജനുവരി എന്നത്​ ഗ്ലോബൽ വില്ലേജിലെ ഷോപ്പിങ്​ മാസം കൂടിയാണ്​. വാരാന്ത്യ അവധി ദിനങ്ങൾ മാറ്റി​യതോടെ വില്ലേജിലെ സമയക്രമങ്ങളിലും ചെറിയ മാറ്റമുണ്ടായിട്ടുണ്ട്​.

ഞായർ മുതൽ ബുധൻ വരെ വൈകുന്നേരം നാല്​ മുതൽ രാത്രി 12 വരെയും വ്യാഴം മുതൽ ശനി വരെ രാത്രി ഒരുമണി വരെയുമാണ്​ ​വില്ലേജ്​ തുറന്നിരിക്കുന്നത്​.

ചൊവ്വാഴ്​ച കുടുംബങ്ങൾക്കും സ്ത്രീകൾക്കും മാത്രമാണ്​ പ്രവേശനം. നേരത്തെ ഇത്​ തിങ്കളാഴ്ചയായിരുന്നു. ഇനിമുതൽ നടക്കുമ്പോൾ ഒസ്കായേയും കൂടെ കൂട്ടിക്കോ, ചില​പ്പോൾ സമ്മാനം കിട്ടിയാലോ.

Tags:    
News Summary - Walk with Oska and win a prize

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.