അബൂദബി: അധ്യയന വർഷാരംഭത്തിൽ സ്കൂളുകളിലേക്ക് പഠനോപകരണങ്ങൾ ചെറിയ വിലക്ക് നൽകാമെന്ന് ഓൺലൈനിലൂടെ വ്യാജ വാഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ മുന്നറിയിപ്പുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ. വിശേഷാവസരങ്ങളിൽ വ്യാജ വാഗ്ദാനം നൽകിയും ലിങ്കുകൾ കൈമാറിയും സൈബർ തട്ടിപ്പുസംഘം വ്യക്തികളുടെ വ്യക്തിവിവരങ്ങളും ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങളും കൈക്കലാക്കുമെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടി.
വ്യാജവും അതിശയകരവുമായ ഓഫറുകൾ നൽകിയാണ് തട്ടിപ്പുകാർ ആളുകളെ കബളിപ്പിക്കുന്നതെന്നും വേഗത്തിൽ തുറക്കുമെന്ന പ്രതീക്ഷയിൽ ഫിഷർമാർ അത്തരം ഭാഷകളാവും തട്ടിപ്പ് സന്ദേശങ്ങളിൽ ഉപയോഗിക്കുകയെന്നും സെക്യൂരിറ്റി കൗൺസിൽ അറിയിച്ചു.അജ്ഞാതർ അയക്കുന്ന ഇ-മെയിലുകളും വ്യാജ ഓഫറുകൾ നൽകുന്ന ഫോൺ കാളുകളും ഇ-ഗെയിമുകൾ മുഖേനയുള്ള മറ്റു സന്ദേശങ്ങളുമൊക്കെ ഇത്തരത്തിലുള്ള തട്ടിപ്പുകാരുടേതാവുമെന്നും കൗൺസിൽ മുന്നറിയിപ്പിൽ പറഞ്ഞു.
ഔദ്യോഗിക സ്റ്റോറുകളിൽനിന്ന് മാത്രമേ ഇലക്ട്രോണിക് ഗെയിമുകൾ ഡൗൺലോഡ് ചെയ്യാവൂ എന്നും സന്ദേശങ്ങൾ ലഭിച്ചാൽ അവ ജാഗ്രതയോടെ പരിശോധിക്കണമെന്നും അയച്ചയാളുടെ ഐഡന്റിറ്റി പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും സംശയകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും അധികൃതർ ആവശ്യപ്പെട്ടു. ബഹുതല സുരക്ഷാ ഫീച്ചർ ആക്ടിവേറ്റ് ചെയ്തും ഇലക്ട്രോണിക് തട്ടിപ്പുകളിൽനിന്ന് രക്ഷ തേടണമെന്ന് കൗൺസിലിന്റെ വെബ്സൈറ്റിൽ പറയുന്നു.
ഇ-മെയിൽ വിലാസം പരിശോധിച്ച് ഉറപ്പുവരുത്തുക, അക്ഷരത്തെറ്റുകൾ പരിശോധിക്കുക, ഇ-മെയിലുകളിലെ അതിശയോക്തി കലർന്നതും വികാരപരവുമായ സന്ദേശങ്ങളെ ശ്രദ്ധിക്കുക തുടങ്ങിയ നിർദേശങ്ങളും അധികൃതർ ചൂണ്ടിക്കാണിക്കുന്നു. 35 ശതമാനം മാൽ വെയറുകളും എത്തുന്നതും ഇ-മെയിൽ മുഖേനയാണെന്നും കൗൺസിൽ വിശദീകരിച്ചു. സംശയകരമായ ഇ-മെയിലുകൾ കണ്ടാൽ ഉടൻ തന്നെ വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.