ദുബൈ: കോഴിക്കോടുനിന്ന് ദുബൈയിലേക്കു പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഫയർ അലാറം മുഴങ്ങിയതിനെ തുടർന്ന് കണ്ണൂർ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു. എയർ ഇന്ത്യയുടെ IX345 വിമാനമാണ് യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തിയത്. 176 യാത്രക്കാരുമായി ബുധനാഴ്ച രാവിലെയാണ് വിമാനം കരിപ്പൂരിൽനിന്ന് ടേക് ഓഫ് ചെയ്തത്. ഒരു മണിക്കൂറോളം പറന്നശേഷമാണ് കാർഗോ ഭാഗത്തുനിന്ന് തീപിടിച്ചതായി പൈലറ്റിന് അപായസൂചന ലഭിച്ചത്.
ഉടനെ ഇദ്ദേഹം എയർ കൺട്രോൾ യൂനിറ്റുമായി ബന്ധപ്പെടുകയും വിമാനം അടിയന്തരമായി കണ്ണൂർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നു. കണ്ണൂർ വിമാനത്താവളത്തിൽ എത്തിയശേഷം വിശദമായി നടത്തിയ പരിശോധനയിൽ തെറ്റായ സൂചനയാണ് ലഭിച്ചതെന്ന് ബോധ്യമായി. തുടർന്ന് യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ദുബൈയിലേക്ക് കൊണ്ടുപോകാൻ ബദൽ മാർഗം ഒരുക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ, ബുധനാഴ്ച ദുബൈയിൽ എത്തേണ്ടിയിരുന്ന കുട്ടികളും കുടുംബവും അടക്കമുള്ള യാത്രക്കാർ മണിക്കൂറുകളോളം കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിലാണ് മറ്റൊരു വിമാനത്തിൽ ഇവരെ ദുബൈയിലേക്ക് എത്തിക്കാമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.