അബൂദബി: അബൂദബിയിലെ മാലിന്യ നിർമാർജനത്തിൽ മുഖ്യപങ്ക് വഹിക്കുന്ന 'അബൂദബി വേസ്റ്റ് മാനേജ്മെന്റിനെ (തദ്വീർ) എ.ഡി.ക്യു ഏറ്റെടുത്തു. മേഖലയിലെ ഏറ്റവും വലിയ ഹോൾഡിങ് കമ്പനികളിലൊന്നായ 'എ.ഡി.ക്യൂ'. അധികൃതരുമായി അബൂദബി സർക്കാർ നടത്തിയ ചർച്ചക്കുശേഷമാണ് തദ്വീർ ഉടമസ്ഥാവകാശം കൈമാറിയത്.
അബൂദബിയിൽ മാലിന്യനിർമാർജനം കൈകാര്യം ചെയ്യുന്ന ഏക കമ്പനിയാണ് തദ്വീർ. സംയോജിത മാലിന്യ നിർമാർജന മേഖല വികസിപ്പിക്കുക, മാലിന്യത്തിൽ നിന്ന് വരുമാനമുണ്ടാക്കി ദേശീയ സുസ്ഥിര ലക്ഷ്യത്തിന് സംഭാവനയർപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്നതാണ് തദ്വീർ. അബൂദബിയുടെ മാലിന്യ നിർമാർജന സമീപനം പുതിയതലത്തിലേക്കു കടക്കുന്നതിന്റെ നിർണായക നാഴികക്കല്ലാണ്എ.ഡി.ക്യുവിന്റെ ഭാഗമായി മാറുന്നതിലൂടെ തദ്വീർ പിന്നിടുന്നതെന്ന് ആക്ടിങ് ഡയറക്ടർ ജനറൽ അലി അൽ ധാഹിരി പറഞ്ഞു.
മാലിന്യം റീസൈക്കിൾ ചെയ്യുകയും പുനരുപയോഗം ചെയ്യുകയും ചെയ്യുന്നതിൽ നിർണായക പങ്കുവഹിക്കുന്ന തദ്വീറിനെ തങ്ങളുടെ ഭാഗമാക്കുന്നത് മുതൽക്കൂട്ടാണെന്ന് എ.ഡി.ക്യൂ ഊർജ വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർ ഹമദ് അൽ ഹമ്മാദി പറഞ്ഞു. അബൂദബി നാഷനൽ എനർജി കമ്പനി(തഖ), എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ(ഇവെക്), എമിറേറ്റ്സ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി കമ്പനി, അബൂദബി സീവറേജ് സർവിസസ് കമ്പനി മുതലായവയും എ.ഡി.ക്യൂ ഊർജ വകുപ്പിന് കീഴിലാണ് പ്രവർത്തിക്കുന്നത്.മാലിന്യം ഊർജമാക്കി മാറ്റുന്നതിന് സ്വതന്ത്രമായ ഊർജ പദ്ധതി അബൂദബിയിൽ നടപ്പാക്കുന്നതിന് ജൂലൈയിൽ ഇവെകും തദ്വീറും ശിപാർശകൾ പുറപ്പെടുവിച്ചിരുന്നു. 109 കമ്പനികളാണ് ഇതിനായി താൽപര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.