അബൂദബി: യാസ് ബേ, യാസ് മറീന, അൽ ബന്ദർ എന്നിവിടങ്ങളിലേക്കുള്ള വാട്ടർ ടാക്സി സർവിസ് അബൂദബിയിൽ പുനരാരംഭിച്ചു.
എല്ലാ ദിവസവും സർവിസ് ലഭ്യമാണ്. ഓരോ മണിക്കൂർ ഇടവിട്ടാവും സർവിസ്. യാസ് ബേ, യാസ് മറീന, അൽ ബന്ദർ എന്നിവിടങ്ങളിലെ ആവശ്യക്കാരുടെ വർധനവനുസരിച്ച് വാട്ടർ ടാക്സികളുടെ എണ്ണം കൂട്ടുമെന്നും അധികൃതർ അറിയിച്ചു.
ഒരേസമയം 20 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടുകളാണ് സർവിസ് നടത്തുന്നത്.
അബൂദബി നിവാസികൾക്കും വിനോദസഞ്ചാരികൾക്കും എമിറേറ്റുകളിലെ വിവിധ പ്രദേശങ്ങളിലൂടെ എളുപ്പം യാത്ര സാധ്യമാക്കാൻ അബൂദബി തുറമുഖ ഗ്രൂപ്പും മാരിടൈമുമായി സഹകരിച്ച് പുതിയ സർവിസുകൾ നൽകാൻ ശ്രമിക്കുകയാണെന്ന് നഗര, ഗതാഗത വകുപ്പിലെ ഓപറേഷനൽ അഫയേഴ്സ് ഡയറക്ടർ ജനറൽ ഡോ. സാലിം ഖൽഫാൻ അൽ കഅബി പറഞ്ഞു.
പുതിയ സർവിസ് താമസക്കാർക്കും സന്ദർശകർക്കും ദ്വീപിലെ ലോകോത്തര പ്രദേശങ്ങളിലേക്ക് യാത്ര സാധ്യമാക്കുകയാണെന്ന് തുറമുഖ ഗ്രൂപ് സി.ഇ.ഒ മുഹമ്മദ് അബ്ദുല്ല അൽ സഅബി പറഞ്ഞു. അബൂദബിയിൽ ലോകോത്തര നിലവാരത്തിലുള്ള പബ്ലിക് വാട്ടർ ട്രാൻസ്പോർട്ട് സംവിധാനം വികസിപ്പിക്കുകയെന്ന ദീർഘകാല പദ്ധതിയിലെ സുപ്രധാന നിമിഷമാണ് ടാക്സി സർവിസെന്ന് അബൂദബി മാരിടൈം മാനേജിങ് ഡയറക്ടർ ക്യാപ്റ്റൻ സെയ്ഫ് അൽ മഹീരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.