അബൂദബി: നഗരത്തിലും സമീപ മേഖലകളിലുമുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും വൻ നാശനഷ്ടം.ശക്തമായ കാറ്റില്‍ നിരവധി ഷോപ്പുകളുടെ ബോര്‍ഡുകള്‍ പറന്നുപോകുകയും തകര്‍ന്നുവീഴുകയും ചെയ്തു. മുസഫ വ്യവസായ മേഖലയിലും ജനവാസ കേന്ദ്രങ്ങളായ ഷാബിയ, മുഹമ്മദ് ബിന്‍ സായിദ് സിറ്റി തുടങ്ങിയ ഇടങ്ങളിലെ റോഡുകളെല്ലാം പുലര്‍ച്ച മുതല്‍ മണിക്കൂറുകളോളം വെള്ളക്കെട്ടിലായി. ചെറു വാഹനങ്ങള്‍ക്കു കടന്നുപോകാന്‍ കഴിയാതെ വന്നതോടെ ഓഫിസുകളുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനും വൈകി.
പുലര്‍ച്ച വിവിധയിടങ്ങളില്‍ നേരിയ തോതില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായിരുന്നു. ബാല്‍ക്കണിയിലേക്കുള്ള അടുക്കള വാതിലുകള്‍ അടക്കാതിരുന്ന ഫ്ലാറ്റുകളുടെ റൂഫിങ്ങുകള് പൊളിഞ്ഞു വീഴുകയും എ.സിയുടെയും മറ്റും ഹോസുകള്‍ വിച്ഛേദിക്കപ്പെടുകയും ചെയ്തു. ശക്തമായ കാറ്റുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ വാതിലുകളും ജനലുകളും അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും സുരക്ഷിതമായിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.
ഞായറാഴ്ച ഇടവിട്ടു പെയ്ത മഴ തിങ്കളാഴ്ച അര്‍ധരാത്രിയോടെ ശക്തമാവുകയായിരുന്നു. പല ഫ്ലാറ്റുകളുടെയും ബേസ്മെന്റുകളില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ വെള്ളക്കെട്ടിലായി. റിക്കവറി വാഹനങ്ങള്‍ എത്തിച്ചു മാറ്റിയവരും നിരവധിയുണ്ട്. കാറ്റില്‍ അങ്ങിങ്ങായി മരങ്ങള്‍ ഒടിയുകയും കടപുഴകുകയും ചെയ്തെങ്കിലും വലിയ നാശനഷ്ടങ്ങളുണ്ടായില്ല. വൈകീട്ടോടെ മഴ മാറിയെങ്കിലും ആകാശം മേഘാവൃതമായിരുന്നു. താമസക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
റാസല്‍ഖൈമ: എമിറേറ്റില്‍ പലയിടങ്ങളിലും ശക്തമായ മഴ ലഭിച്ചു.ഞായറാഴ്ച രാത്രി ഇടിമുഴക്കത്തോടെ തുടങ്ങിയ ശക്തമായ മഴ തിങ്കളാഴ്ച രാവിലെ 11 മണി വരെ നീണ്ടു.
പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗത തടസ്സം സൃഷ്ടിച്ചതൊഴിച്ചാല്‍ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. മുഴുസമയവും സേവന സന്നദ്ധരായി സമാധാന പാലകര്‍ നിലയുറപ്പിച്ചത് ജനങ്ങള്‍ക്ക് ആശ്വാസമേകി.
റാക് പൊലീസ് മേധാവിയും ക്രൈസിസ് ആൻഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ടീം തലവനുമായ മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്വാന് അല്‍ നുഐമിയുടെ നേതൃത്വത്തില്‍ വിപുലമായ നിരീക്ഷണ സംവിധാനങ്ങളും ജാഗ്രത നിർദേശങ്ങളും നല്‍കിയത് അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കി. തിങ്കളാഴ്ച പൊലീസ് ആസ്ഥാനത്ത് കണ്ട്രോള് റൂം സന്ദര്‍ശിച്ച അലി അബ്ദുല്ല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. അന്വേഷണങ്ങള്‍ക്കും സഹായത്തിനും പൊതുജനങ്ങള്‍ക്ക് 999, 901 നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.