രാജ്യം ചൂട് കാലത്തെ വരവേല്ക്കുമ്പോള് റാസല്‍ഖൈമയുടെ നഗര മധ്യത്തിലെ ഈ ഹരിത കാഴ്ച്ചകള്‍ ഏവരുടെയും മനം കുളിര്‍പ്പിക്കുന്നതാണ്. പ്രധാന പട്ടണങ്ങളായ ഓള്‍ഡ് റാസല്‍ഖൈമക്കും അല്‍ നഖീലിനും ഇടയിലെ പച്ചതുരുത്താണ് തണ്ണീര്‍തടങ്ങളും ഹരിതശോഭയിലുള്ള കണ്ടല്‍ക്കാടുകളും. അടിസ്ഥാന സൗകര്യ വികസനങ്ങളും നവീന രീതിയിലുള്ള അംബര ചൂംബികളും ഇവിടെ സ്ഥാനം പിടിക്കുമ്പോഴും പ്രകൃതിയുടെ വരദാനമായ കണ്ടല്‍ക്കാടുകള്‍ക്ക് അധികൃതര്‍ പ്രത്യേക പരിചരണം ഉറപ്പുവരുത്തുന്നു.
യു.എ.ഇയില്‍ റാസല്‍ഖൈമക്ക് പുറമെ അബൂദബി, ഫുജൈറ, ഉമ്മുല്‍ഖുവൈന്‍ എമിറേറ്റുകളിലായി ആയിരത്തിലേറെ ഹെക്ടറിലാണ് കണ്ടല്‍ക്കാടുകളുള്ളത്. ഇവയുടെ പരിചരണസംരക്ഷണത്തിന് പ്രത്യേക ഊന്നലാണ് യു.എ.ഇ അധികൃതര്‍ നല്‍കുന്നത്. ഉമ്മുല്‍ഖുവൈനില്‍ ബിറ സാക്ചുനേറിയം (Bira sactunarium) ഉള്‍പ്പെടുന്ന കണ്ടല്‍ തീര പ്രദേശങ്ങള്‍ സന്ദര്‍ശകരുടെ ഇഷ്ട കേന്ദ്രമാണ്. ഫുജൈറയിലെ കണ്ടല്‍ മേഖലയും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്. രാജ്യ തലസ്ഥാനമായ അബൂദബി കണ്ടല്‍ക്കാടുകളുടെ തനത് വളര്‍ച്ചക്കും പരിചരണത്തിനും ഈസ്റ്റേണ്‍ മന്‍ഗ്രോവ് ലഗൂണ്‍ നാഷനല്‍ പാര്‍ക്ക് (Eastern mangrove lagon national park) സ്ഥാപിച്ച് പരിസ്ഥിതി സൗഹൃദ വികസനത്തിന് വഴികാട്ടുകയാണ്.
ചതുപ്പ് നിലങ്ങള്‍, അഴിമുഖങ്ങള്‍, കായലോരങ്ങള്‍ തുടങ്ങിയിടങ്ങളില്‍ വളരുന്ന വൃക്ഷങ്ങളും കുറ്റിച്ചടെികളും അടങ്ങുന്ന സങ്കീര്‍ണമായ ആവാസവ്യവസ്ഥകളാണ് കണ്ടല്‍കാട്. കണ്ടലിതര സസ്യങ്ങളും ഈ പ്രദേശങ്ങളില്‍ സമൃദ്ധമായി വളരുന്നു. 80 രാജ്യങ്ങളിലായി ഏകദേശം ഒരു കോടി നാല് ഹെക്ടര്‍ പ്രദേശത്ത് കണ്ടല്ക്കാടുകളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയില്‍ 6740 ചതുരശ്ര വിസ്തൃതിയില്‍ കണ്ടല്‍ക്കാടുകളുണ്ട്.
പ്രകൃതി ക്ഷോഭങ്ങളില്‍ നിന്നുള്ള കരഭൂമിയുടെ സംരക്ഷണം, മണ്ണൊലിപ്പ് തടയല്‍, ജലത്തിലെ ഉപ്പ് രസം സന്തുലിതമായി നില നിര്‍ത്തുക, ഓക്സിജെൻറ തോത് വര്‍ധിപ്പിക്കുക തുടങ്ങി പ്രകൃതിയുടെ ആവാസവ്യവസ്ഥയെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതില്‍ കണ്ടല്കാടുകള്ക്കുള്ള പങ്ക് വലുതാണ്. പുഴയും കടലും ചേരുന്ന ഉപ്പു കലര്‍ന്ന ജലത്തിലാണ് കണ്ടല്‍ച്ചെടികള്‍ സമൃദ്ധമായി വളരുക.
കടുത്ത ചൂടിനെ പ്രതിരോധിക്കുന്ന കണ്ടല്‍ ഇലകള്‍ ദേശാടന പക്ഷികള്‍ക്ക് ഈ മേഖല പ്രിയങ്കരമാക്കുന്നതെന്ന് പഠനം. മല്സ്യമുള്പ്പെടെ ജല ജീവികള്‍ക്ക് സുരക്ഷിതമായി പ്രജനനം നടത്താനും കണ്ടല്‍ക്കാടുകള്‍ വഴിയൊരുക്കുന്നു. കണ്ടൽചെടികളുടെ വേര് പടലങ്ങളാണ് മല്സ്യക്കുഞ്ഞുങ്ങള്ക്ക് തണല്‍ വിരിക്കുന്നത്. ചിതല് പിടിക്കില്ലെന്നതും ദ്രവിക്കാത്തതും കണ്ടല്‍ മരങ്ങളുടെ പ്രത്യേകത. പല രാജ്യങ്ങളും കണ്ടല്‍ക്കാടുകള്‍ വെച്ചുപിടിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. ഉഷ്ണമേഖല കാടുകള്‍ ആഗിരണം ചെയ്യന്ന കാര്‍ബണിനെക്കാള്‍ അമ്പതിരട്ടി കാര്‍ബണ്‍ വലിച്ചെടുക്കാനുള്ള ശേഷി കണ്ടല്ക്കാടുകള്ക്കുണ്ടെന്ന പഠന റിപ്പോര്‍ട്ടുകള്‍ ആഗോള താപന കാലത്ത് ഇവയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.