ദുബൈ: എക്സ്പോ 2020 ദുബൈ കോവിഡാനന്തര സാമ്പത്തിക മേഖലയുടെ തിരിച്ചുവരവിന് പ്രചോദനമാകുമെന്നും മേളയുടെ വിജയത്തിന് യു.എ.ഇയുമായി തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുമെന്നും ഇന്ത്യൻ കോൺസൽ ജനറൽ അമൻ പുരി. എക്സ്പോയിലെ ഇന്ത്യൻ പവലിയനിൽ 70 ദശലക്ഷം ഡോളർ മുതൽമുടക്കി. കാരണം ഇത് അത്രയും പ്രധാനപ്പെട്ടതാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നതിനാലാണ്. വെല്ലുവിളി നിറഞ്ഞ സമയത്ത് ഈ പരിപാടിക്ക് ആതിഥേയത്വം വഹിക്കുകയും സാമ്പത്തിക പുനരുജ്ജീവനത്തിന് രാജ്യങ്ങൾക്ക് പ്രവർത്തിക്കാൻ സാഹചര്യമൊരുക്കുകയും ചെയ്ത യു.എ.ഇയുടെ നിശ്ചയദാർഢ്യത്തെ അഭിവാദ്യം ചെയ്യുന്നു -അദ്ദേഹം പറഞ്ഞു.
വിവിധ മേഖലകളിലുള്ള നിക്ഷേപകരെ രാജ്യത്തേക്ക് ആകർഷിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. മേക് ഇൻ ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ കാമ്പയിനുകളെ മുന്നോട്ടുകൊണ്ടുപോകാനും പരിചയപ്പെടുത്താനും എക്സ്പോ ഉപയോഗിക്കും. രാജ്യത്തെ കലയുടെയും പൈതൃകത്തിെൻറയും വിജ്ഞാനത്തിെൻറയും കണ്ടുപിടിത്തങ്ങളുടെയും നാടായി പരിചപ്പെടുത്തും. മുന്നോട്ടുകുതിക്കുന്ന രാജ്യമായി ജനങ്ങൾ ഇന്ത്യയെ തിരിച്ചറിയണം. ലോകവുമായി സംവദിക്കാനും അതിലൂടെ രാജ്യത്തിന് നേട്ടമുണ്ടാക്കാനുമുള്ള അവസരമായി എക്സ്പോയെ ഉപയോഗപ്പെടുത്തും -അദ്ദേഹം പറഞ്ഞു.
എക്സ്പോ 2020യുടെ മുന്നോടിയായി ഇന്ത്യ-കൊറിയൻ സഹകരണം മെച്ചപ്പെടുത്താൻ കോൺസുലേറ്റിൽ കഴിഞ്ഞ ദിവസം ബിസിനസ് മീറ്റ് സംഘടിപ്പിച്ചു. ഇരു രാജ്യങ്ങളിൽ നിന്നുമായി നിരവധി കമ്പനി പ്രതിനിധികൾ പങ്കെടുത്തു.
പശ്ചിമേഷ്യയിൽ ഇന്ത്യൻ ബിസിനസുകാർക്ക് വലിയ സ്വാധീനമുണ്ടെന്നും ഇന്ത്യയുമായി പങ്കാളികളാകുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും കൊറിയൻ കോൺസൽ ജനറൽ മൂൺ ബ്യൂങ് ജുൻ പറഞ്ഞു. എക്സ്പോ ഇരു രാജ്യങ്ങളുടെയും ബന്ധം കൂടുതൽ ദൃഢമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.