ഐഡെക്സ്-നവ്ഡെക്സ് സമാപിച്ചു;  1900 കോടിയുടെ ആയുധ വ്യാപാരം

അബൂദബി: 1900 കോടിയിലധികം ദിര്‍ഹത്തിന്‍െറ ആയുധ വ്യാപാരത്തിന് വേദിയായി അന്താരാഷ്ട്ര പ്രതിരോധ പ്രദര്‍ശനത്തിനും (ഐഡെക്സ്) നാവിക പ്രതിരോധ പ്രദര്‍ശനത്തിനും സമാപനമായി. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ രക്ഷാധികാരത്തില്‍ ഫെബ്രുവരി 19ന് അബൂദബി നാഷനല്‍ എക്സിബിഷന്‍ സെന്‍ററില്‍ ആരംഭിച്ച പ്രദര്‍ശനം വ്യാഴാഴ്ചയാണ് സമാപിച്ചത്. ബോയിങ്, ലോക്ഹീഡ് മാര്‍ട്ടിന്‍, നോര്‍ത്റോപ് ഗ്രൂമാന്‍, റേയ്തിയോണ്‍, റോസ്റ്റെക് തുടങ്ങി 1,235 കമ്പനികളാണ് പ്രദര്‍ശനത്തില്‍ പങ്കെടുത്തത്.
യു.എ.ഇ സായുധ സേനയുടെ ആയുധ കരാറുകളില്‍ കൂടുതലും നേടിയത് എമിറേറ്റ്സ് പ്രതിരോധ വ്യവസായ കമ്പനിയുടെ(എഡിക്) അനുബന്ധ കമ്പനിയായ നിംറ് ഓട്ടോമോട്ടീവ് ആണ്. നിംറില്‍നിന്ന് 1,750 ആയുധവേധ വാഹനങ്ങള്‍ വാങ്ങാന്‍ ധാരണയിലത്തെിയതായി യു.എ.ഇ സായുധ സേന വ്യാഴാഴ്ച അറിയിച്ചു. ജെയ്സ് 4x4, ഇന്‍ഫന്‍ട്രി 6x6 ഇനങ്ങളിലായി 1500 യുദ്ധവാഹനങ്ങളും 150ലധികം പീരങ്കിയനുബന്ധ വാഹനങ്ങളും (ഹഫീഥ് 630 എ) ടാങ്ക് നിയന്ത്രിത മിസൈല്‍ പ്രതിരോധ സംവിധാനമുള്‍ക്കൊള്ളുന്ന 115 അജ്ബാന്‍ 440 എ വാഹനങ്ങളുമാണ് 2018 മുതല്‍ നിംറ് കമ്പനി യു.എ.ഇ സായുധ സേനക്ക് നല്‍കുക. 
തങ്ങളുടെ മികച്ച സൈനിക വാഹനങ്ങളും സാങ്കേതിക വിദ്യകളും കൊണ്ട് യു.എ.ഇ സായുധസേനയുടെ വികാസത്തെ പിന്തുണക്കാന്‍ സാധിക്കുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് നിംറ് സി.ഇ.ഒ ഡോ. ഫഹദ് സൈഫ് ഹര്‍ഹര പറഞ്ഞു. 
കമ്പനിയുടെ ചരിത്രത്തില്‍ ഈ കരാറുകള്‍ പ്രധാനപ്പെട്ട നാഴികക്കല്ലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഐഡെക്സിലെ ആയുധ കരാറുകളില്‍ 63.4 ശതമാനവും ലഭിച്ചത് തദ്ദേശീയ കമ്പനികള്‍ക്കാണെന്ന് നവ്ഡെക്സ് വക്താവ് കേണല്‍ ഫഹദ് നാസര്‍ ആല്‍ തെഹ്ലി അറിയിച്ചു. ആകെയുള്ള 82 കരാറുകളില്‍ 52 എണ്ണവും നേടിയത് യു.എ.ഇയിലെ കമ്പനികള്‍ തന്നെയാണ്. 
യു.എ.ഇ നിര്‍മിത യുദ്ധക്കപ്പലായ ‘അല്‍ ഹീലി’യുടെ സമര്‍പ്പണത്തിനും പ്രദര്‍ശനം സാക്ഷിയായി. യു.എ.ഇ നാവിക സേനക്ക് വേണ്ടി അബൂദബി കപ്പല്‍ നിര്‍മാണ കമ്പനി (എ.ഡി.എസ്.ബി) നിര്‍മിച്ച അല്‍ ഹീലി നവ്ഡെക്സില്‍ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. കപ്പലിന്‍െറ മുകള്‍ത്തട്ടില്‍ യു.എ.ഇ പതാക ഉയര്‍ത്തിയായിരുന്നു ഉദ്ഘാടനം. 72 മീറ്ററാണ് കപ്പലിന്‍െറ നീളം. അത്യാധുനിക പ്രതിരോധ സംവിധാനമുള്ള കപ്പലില്‍നിന്ന് ഹെലികോപ്റ്ററിന് പറന്നുപൊങ്ങാന്‍ സാധിക്കും. 

Tags:    
News Summary - weapon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT