ദുബൈ: 'എന്തൊരു ചൂടാ...' ഇങ്ങനെ പറയാത്ത ആരും കാണില്ല ഇപ്പോൾ പ്രവാസഭൂമിയിൽ. അനുദിനം വർധിക്കുന്ന ചൂടിനെ പ്രതിരോധിക്കാനുള്ള വഴികൾ തേടുകയാണ് എല്ലാവരും. ചൂടുകാലത്ത് സൂര്യാതപവും നിർജലീകരണവും പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും തീപിടിത്തവും വാഹനാപകടവും പോലുള്ള അത്യാഹിതങ്ങൾക്കും സാധ്യത കൂടുതലായതിനാൽ മുൻകരുതലുകൾ എടുക്കേണ്ടതിന്റെ ആവശ്യകതയെ കുറച്ചുള്ള ബോധവത്കരണം ശക്തമാക്കിയിരിക്കുകയാണ് അധികൃതർ. ചൂടിനെ പ്രതിരോധിക്കാൻ തൊപ്പിയും സൺഗ്ലാസും ധരിക്കുക, ധാരാളം വെള്ളം കുടിക്കുക തുടങ്ങിയ നിർദേശങ്ങൾ അവർ ഇടക്കിടെ നൽകാറുണ്ട്. വേനൽക്കാലത്ത് പുറത്തിറങ്ങുമ്പോഴും അവധിയാഘോഷിക്കാൻ പോകുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മുതൽ വാഹനമോടിക്കുമ്പോൾ എടുക്കേണ്ട മുൻകരുതലുകൾ വരെ അധികൃതർ ജനങ്ങളെ ഓർമിപ്പിക്കുന്നു. സൂര്യപ്രകാശം ശരീരത്തിലേക്കു നേരിട്ട് പതിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നതാണ് പ്രധാന നിർദേശം. സൂര്യാഘാതം ഏറ്റ് ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്ന ജോലി സാഹചര്യങ്ങള്‍ ഒഴിവാക്കുകയും വേണം. സൂര്യാഘാതമുണ്ടാകുന്ന വ്യക്തിയെ വായുസഞ്ചാരമുള്ള പ്രദേശത്ത് എത്തിച്ച് ഇറുകിയ വസ്ത്രം അഴിച്ചുമാറ്റി തണുത്ത വെള്ളം ഒഴിച്ച് ശരീരം തണുപ്പിക്കണമെന്ന നിർദേശവുമുണ്ട്. തണുത്ത വെള്ളം കുടിപ്പിക്കുകയും വേണം. നിര്‍ജലീകരണം കടുത്ത ആരോഗ്യപ്രശ്നമുണ്ടാക്കുന്നതിനാൽ ദിവസേന ഒരാൾ കുറഞ്ഞത് രണ്ടര ലിറ്റര്‍ വെള്ളം കുടിക്കണം. ചൂടുകാലത്ത് പഴം, പച്ചക്കറി, ധാന്യങ്ങള്‍, മത്സ്യം, മാസം എന്നിവ എല്ലാം ചേര്‍ത്തുള്ള സമീകൃത ആഹാരം കഴിക്കാനും ശ്രദ്ധിക്കണം.
ഉയർന്ന അന്തരീക്ഷ താപനിലയുള്ള സമയത്ത് വാഹനങ്ങളിൽ സൂക്ഷിക്കരുതാത്ത വസ്തുക്കളെക്കുറിച്ചും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബാറ്ററികൾ, മർദം നിറഞ്ഞ പാക്കേജുകൾ, പെർഫ്യൂം, ലൈറ്ററുകൾ, ഗ്യാസ് ബോട്ടിലുകൾ, ഹാൻഡ് സാനിറ്റൈസറുകൾ മുതലായവ ചൂടുകൂടിയ സമയങ്ങളിൽ വാഹനങ്ങളിൽ സൂക്ഷിക്കരുത്. വാഹനത്തിനുള്ളിൽ ചൂട് കൂടി ഇവ പൊട്ടിത്തെറിക്കാനും തീപിടിക്കാനുമുള്ള സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്. കടുത്ത ചൂടില്‍ കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കി പുറത്തു പോവരുതെന്ന കര്‍ശന നിര്‍ദേശവുമുണ്ട്. കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കി പോവുന്ന മാതാപിതാക്കൾക്ക് പത്തുലക്ഷം ദിര്‍ഹം പിഴയും പത്തുവര്‍ഷം തടവുമാണ് ശിക്ഷ. കാറിനുള്ളില്‍ അടയ്ക്കപ്പെടുന്ന കുട്ടികളുടെ ഇടപെടൽ മൂലം കാര്‍ മുന്നോട്ടുനീങ്ങി അപകടത്തില്‍പ്പെടാനും വാഹനത്തിനുള്ളില്‍ ചൂടുമൂലം അവര്‍ക്കു ശ്വാസമെടുക്കാനാവാതെ മരണം വരെ സംഭവിക്കാനുമുള്ള സാധ്യതയാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
വേനല്‍ക്കാലത്ത് അന്തരീക്ഷതാപനില ഉയരുന്നതുമൂലം ടയറുകള്‍ പൊട്ടിയുണ്ടാവുന്ന അപകടങ്ങളെക്കുറിച്ചും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. വാഹനങ്ങളിൽ ഗുണനിലവാരമില്ലാത്ത ടയറുകൾ ഉപയോഗിക്കരുത്. മോശമായ ടയറുകൾ പൊട്ടിത്തെറിച്ച് അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു. കൃത്യമായ ഇടവേളകളിൽ ടയറുകളുടെ അവസ്ഥ നിരന്തരം പരിശോധിച്ചു ഉറപ്പുവരുത്തുകയും വേണം.
മഴ, കാറ്റ്, മണല്‍ക്കാറ്റ്, മൂടല്‍മഞ്ഞ് തുടങ്ങിയ പ്രതികൂല കാലാവസ്ഥ ഉള്ള സമയത്ത് വേഗപരിധി നിബന്ധനകൾ നിർബന്ധമായും പാലിക്കണം. ഉറക്കം വന്നാൽ വാഹനമോടിക്കരുത്. ഉറക്കം തോന്നിയാല്‍ ഉടന്‍ തന്നെ വാഹനം വഴിയരികിലേക്ക് മാറ്റി വിശ്രമിച്ച് ആവശ്യത്തിന് ഉറങ്ങിയ ശേഷമേ വാഹനം ഓടിക്കാവൂ.
ചൂടുകാലം രോഗങ്ങൾ പകരുന്ന കാലം കൂടിയാണ്. കണ്ണിലൂടെ പകരുന്ന രോഗങ്ങളും നിരവധി. കണ്ണിന്റെ ആയാസം തടയുന്നതിന് രാത്രി ഉറക്കം ഉറപ്പാക്കേണ്ടത് ആവശ്യമാണ്. കണ്ണുകൾക്ക് ആയാസമോ വരൾച്ചയോ ചൊറിച്ചിലോ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് നമ്മുടെ കണ്ണുകൾ തിരുമ്മാൻ പ്രേരിപ്പിക്കുന്നു, ഇത് രോഗങ്ങൾക്കും വിധേയമാകാനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധർ ഓർമ്മിപ്പിക്കുന്നു. തൊപ്പി ഉപയോഗിക്കുന്നത് സൺഗ്ലാസുകളാൽ സംരക്ഷിക്കപ്പെടാത്ത കണ്ണിന്റെ ഭാഗങ്ങളിൽ അൾട്രാവയലറ്റ് എക്സ്പോഷർ ഗണ്യമായി കുറയ്ക്കും. വേനൽക്കാല അന്തരീക്ഷം കണ്ണിന്റെ ടിയർ ഫിലിമിനെ ബാധിക്കുകയും വരൾച്ചയിലേക്ക് നയിക്കുകയും ചെയ്യുന്നു. കണ്ണുകൾ നനവുള്ളതും ഉന്മേഷദായകമായും നിലനിർത്താൻ കൃത്രിമ കണ്ണുനീർ ഉപയോഗിക്കുന്നത് ശുപാർശ ചെയ്യുന്നു. എയർകണ്ടീഷണറിന് മുന്നിൽ നേരിട്ട് ഇരിക്കുന്നത് ഒഴിവാക്കണം. കാരണം ഇത് കണ്ണുനീർ ത്വരിതഗതിയിൽ ബാഷ്പീകരിക്കപ്പെടുന്നതിനും വരൾച്ച വർധിപ്പിക്കുന്നതിനും കാരണമാകും. ഇലക്കറികളിലെ വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ടിയർ ഫിലിം സമഗ്രതയും റെറ്റിനയുടെ ആരോഗ്യവും നിലനിർത്താൻ സഹായിക്കുന്നു. ഫാറ്റി ഫിഷ്, നട്സ് (ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയവ), സിട്രസ് പഴങ്ങൾ, പയർവർഗ്ഗങ്ങൾ എന്നിവ കണ്ണുകൾക്ക് നല്ലതാണ്. കൺജങ്ക്റ്റിവിറ്റിസ് (പിങ്ക് ഐ) പോലുള്ള പകർച്ചവ്യാധികൾ പിടിപെടാതിരിക്കാൻ പതിവായി കൈ കഴുകുന്നത് നല്ലതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.