ലോകത്തെ വരിഞ്ഞുമുറുക്കി ഒന്നിന് പുറകെ ഒന്നായി പകർച്ചവ്യാധികൾ എത്തുകയാണ്. ഇക്കൂട്ടത്തിലൊന്നാണ് മൂക്കോർ എന്ന ബ്ലാക്ക് ഫംഗസ്. വൈദ്യശാസ്ത്രരംഗത്തെ പുതുമുഖമല്ല ബ്ലാക്ക് ഫംഗസ്. എന്നാൽ, കോവിഡ് ബാധിച്ചവരിൽ ബ്ലാക്ക് ഫംഗസ് കണ്ടെത്തിയതോടെയാണ് രോഗം വീണ്ടും ചർച്ചയിലേക്കെത്തിയത്.
കുമിൾ കുടുംബത്തിലെ അംഗമാണ് ബ്ലാക്ക് ഫംഗസ്. മണ്ണിലും ചീഞ്ഞഴുകിയ ഇലകളിലും പച്ചക്കറികളിലും ചാണകത്തിലും എല്ലാം സാന്നിധ്യമുണ്ട്. പക്ഷേ, ഇവൻ അപൂർവമായി മാത്രമാണ് രോഗഹേതുവായിരുന്നത്. ഗ്രഹണകാലത്ത് തലപൊക്കുന്ന ഞാഞ്ഞൂലിനെ പോലെ ഈ കെട്ടകാലത്ത് ബ്ലാക്ക് ഫംഗസും മരണവാഹകനായി. തൊലിപ്പുറമെയുള്ള ചെറിയ ക്ഷതങ്ങളിലൂടെയോ മുറിവുകളിലൂെടയോ ഇവ ശരീരത്തിൽ പ്രവേശിക്കാം.
വളരെവേഗം പെറ്റുപെരുകും, വ്യാപിക്കും. പക്ഷെ, മനുഷ്യരിൽനിന്നും മനുഷ്യരിലേക്കു പകരുന്നില്ല. ചെറിയ വ്രണം പോലെയോ കുമിള പോലെയോ തുടങ്ങും. മൂക്കും കണ്ണും മൂക്കിനിരുവശമുള്ള സൈനസുകളിലും മുഖത്തും കടന്നുകയറാം.ആക്രമിക്കപ്പെട്ട ഭാഗം കറുപ്പു നിറമാകുന്നതാണ് ബ്ലാക്ക് ഫംഗസ് എന്ന പേരുവരാൻ കാരണം.
ചൂടും ചുവപ്പും തടിപ്പും അസഹ്യമായ വേദനയും രോഗം ബാധിച്ച ഇടങ്ങളിൽ അനുഭവപ്പെടും. വയറുവേദനയും ചിലർക്ക് അനുഭവപ്പെടാറുണ്ട്. ഗുരുതരരോഗമുള്ളവർ ആശുപത്രികളിൽ ചികിത്സ തേടണം. തുടക്കത്തിൽ ആംഫോടെറിസിൻ ബി, പോസാ കൊണസോൾ, ഐസാവു കൊണസോൾ തുടങ്ങിയ ആൻറി ഫംഗൽ മരുന്നുകൾ ഫലപ്രദമാണ്.
മരുന്നുകൾ തോൽക്കുന്നിടത്ത് ഓപറേഷനിലൂടെ ആക്രമിക്കപ്പെട്ട ശരീരഭാഗങ്ങൾ നിർമാർജനം ചെയ്ത് ജീവൻ രക്ഷിക്കാനുള്ള അറ്റകൈ പ്രയോഗത്തിലാണ് വൈദ്യലോകം.
കാലങ്ങളായി നമ്മോടൊപ്പമുണ്ടായിരുന്ന ഈ ഫംഗസ് ഇന്ത്യയിൽ ഇപ്പോൾ മാരകമായതിനു പിന്നിൽ എന്താണു കാരണം ? മൂക്കടപ്പും നീർക്കെട്ടും മുഖത്തെ വീക്കവുമായി തുടങ്ങുന്നു. ആദ്യ പരിശോധനയിൽ ഒരു കറുത്ത പൊട്ടോ പാടോ കണ്ടേക്കാം. പ്രമേഹത്തിെൻറയും കോവിഡിെൻറയും പിന്നാമ്പുറ കഥയുള്ള ഒരാളിൽ അങ്ങനെയൊന്നു കണ്ടാൽ സി.ടി സ്കാൻ, ബയോപ്സി എന്നീ പരിശോധനകൾ നടത്തണം. ഇന്ത്യയുടെ പലഭാഗങ്ങളിലും, പ്രത്യേകിച്ച് ഗ്രാമങ്ങളിൽ ഇത്തരം പരിശോധനാ സൗകര്യങ്ങളുടെ അഭാവം രോഗവ്യാപ്തിക്കു കാരണമാകുന്നുണ്ട്.
പ്രമേഹ രോഗം പ്രതിരോധശേഷിയെ നശിപ്പിക്കുമ്പോൾ മറ്റുരോഗങ്ങൾ രോഗിയെ വേഗം കീഴ്പ്പെടുത്തുന്നത് കാണാനാവും. എന്തുകൊണ്ടെന്നാൽ പ്രമേഹം എല്ലാ രോഗപീഡകളുടെയും മാതാവാകുന്നു. കോവിഡിെൻറ രണ്ടാംവരവോടെ ഇക്കാലമത്രയും നിശ്ശബ്ദനായിരുന്ന ഈ കൊലയാളി സടകുടഞ്ഞെഴുന്നേറ്റിരിക്കുന്നു. ബാധിക്കപ്പെട്ടവരിൽ പാതിയിലേറെപ്പേർ മരണ കവാടങ്ങൾ കടന്ന് പോകുന്നു. കഴിഞ്ഞ മേയ്മാസം അവസാനത്തോടെ ഇന്ത്യയിൽ 11,000ൽ കൂടുതൽ പേർ ബ്ലാക്ക് ഫംഗസ് ബാധിച്ചു വൈദ്യസഹായം തേടി.
പ്രമേഹത്തിെൻറ നിയന്ത്രണമില്ലായ്മയും സ്റ്റിറോയ്ഡിെൻറ അനവസരത്തിലുള്ള അമിതോപയോഗവും ഫംഗസ് വ്യാപനത്തിന് കാരണമാകുന്നുണ്ട്. അവസരത്തിലും ശ്രദ്ധയോടെയും ഉപയോഗിക്കുമ്പോൾ സ്റ്റിറോയ്ഡ് ജീവൻരക്ഷാഔഷധമാണ്. എന്നാൽ, രോഗപ്രതിരോധശേഷി കുറയ്ക്കുന്ന സ്റ്റിറോയ്ഡുകൾ ചിലതരം ശല്യക്കാരനല്ലാത്ത രോഗാണുക്കൾക്ക് ശക്തനാകാനും പെറ്റുപെരുകാനുമുള്ള പ്രതലങ്ങൾ ഒരുക്കുന്നു.
പ്രമേഹനിയന്ത്രണവും അവസരോചിതവും ശാസ്ത്രീയവുമായ സ്റ്റിറോയ്ഡിെൻറയും ആൻറിബയോട്ടികളുടെയു ഉപയോഗവും കൊണ്ട് ബ്ലാക്ക് ഫംഗസ് എന്ന കറുത്ത മരണദൂതനെ നമുക്ക് ആട്ടിപ്പായിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.