ദുബൈ: വർഷത്തിൽ ആറുമാസം മഴ പെയ്യുന്ന കേരളത്തിൽ നിന്നെത്തിയ മലയാളികൾ പോലും ചൊവ്വാഴ്ച യു.എ.ഇയിൽ പെയ്ത മഴ കണ്ട് അത്ഭുതപ്പെട്ടു. ഉച്ച മൂന്നു മണിയോടെ അന്തരീക്ഷം പൊടുന്നനെ കറുത്തിരുണ്ട് രാത്രിപോലെ ആവുകയായിരുന്നു.
അൽപ സമയത്തിനകം ശക്തമായ കാറ്റും ഇടിമിന്നലും ചിലയിടങ്ങളിൽ ആലിപ്പഴ വർഷവുമായി മഴ തുടങ്ങി.
മീറ്ററുകൾ സമീപമുള്ള കെട്ടിടമോ വാഹനമോ കാണാൻ കഴിയാത്ത രീതിയിലാണ് മഴ പെയ്തത്. തുള്ളിക്കൊരുകുടം എന്ന ചൊല്ല് അക്ഷരാർഥത്തിൽ പുലർന്നു. കർക്കടകത്തിൽ പോലും ഇത്രയും വലിയ പെരുമഴ നാട്ടിൽ കണ്ടില്ലെന്ന് പല പ്രവാസികളും അഭിപ്രായപ്പെട്ടു.
ശക്തമായ മഴക്കൊപ്പം അന്തരീക്ഷം കറുത്തിരുണ്ടത് ഭീതിപ്പെടുത്തുന്നതായിരുന്നു. വർഷത്തിൽ നാലോ അഞ്ചോ ദിവസം മാത്രം മഴ ലഭിക്കുന്ന ദുബൈയിലെ പല ഭാഗങ്ങളിലും പതിറ്റാണ്ടിനിടയിൽ ഇത്രയും കനത്ത മഴ കണ്ടില്ലെന്ന് പലരും അഭിപ്രായപ്പെട്ടു. മഴ കനത്തതോടെ ഓഫിസുകൾ നേരത്തേ പ്രവർത്തനം അവസാനിപ്പിച്ചു. ബസ് സർവിസുകളും ടാക്സി സേവനങ്ങളും മുടങ്ങിയതിനാൽ പലരും താമസസ്ഥലത്തെത്താൻ പ്രയാസപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.