ദുബൈ: യു.എ.ഇയിൽ വാട്സ്ആപ് അക്കൗണ്ടുകൾ ഹാക് ചെയ്ത് ബാങ്ക് വിവരങ്ങൾ ചോർത്തുന്ന സംഘത്തിനെതിരെ മുന്നറിയിപ്പ്. കഴിഞ്ഞ മണിക്കൂറുകളിൽ നിരവധിപേരുടെ അക്കൗണ്ടുകൾ ഹാക് ചെയ്യപ്പെട്ടു.പരിചയമുള്ളവരുടെ അക്കൗണ്ടിൽനിന്ന് വരുന്ന ലിങ്കുകൾപോലും ക്ലിക്ക് ചെയ്യുമ്പോൾ സൂക്ഷമത പാലിക്കണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റിയും ദുബൈ ഡിജിറ്റൽ അധികൃതരും ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി.പരിചയമുള്ളവരുടെ നമ്പറിൽനിന്ന് ഗ്രൂപ്പിൽ ചേർക്കാനെന്ന വ്യാജേന വരുന്ന ലിങ്കുകൾ വഴിയും വിവരങ്ങൾ ചോർത്തുകയാണ് ഹാക്കർമാർ.
കഴിഞ്ഞ കുറേ മണിക്കൂറുകളിൽ ഇത്തരം സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് ദുബൈ ഡിജിറ്റൽ അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരം ലിങ്കുകളിലൂടെ വാട്സ്ആപ്പിന്റെ നിയന്ത്രണം കൈക്കലാക്കുന്ന ഹാക്കർമാർ ബാങ്ക് കാർഡ് വിവരങ്ങളും മറ്റും ചോർത്തി തട്ടിപ്പ് നടത്തുകയാണ്.സംശയകരമായ ഏത് നീക്കത്തെയും കരുതിയിരിക്കണമെന്നാണ് ദുബൈ ഡിജിറ്റൽ നൽകുന്ന ജാഗ്രതാനിർദേശം.വാട്സ്ആപ് അക്കൗണ്ട് ഹാക് ചെയ്തതായി ശ്രദ്ധയിൽപെട്ടാൽ support@whatsapp.com എന്ന ഇ-മെയിൽ വിലാസത്തിൽ അറിയിക്കണം.
വാട്സ്ആപ്പിനായി ഉപയോഗിക്കുന്ന നമ്പർ കൈമാറി അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്യാൻ ആവശ്യപ്പെടണമെന്നും ടി.ഡി.ആർ.എ നിർദേശിക്കുന്നു. വാട്സ്ആപ് ആപ്ലിക്കഷേൻ മൊബൈലിൽനിന്ന് പലതവണ നീക്കംചെയ്യുകയും റീ ഇൻസ്റ്റാൾ ചെയ്യുകയും വേണം.ദിവസം പലതവണ റീ ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കണം. വാട്സ്ആപ് അക്കൗണ്ട് ഹാക് ചെയ്യപ്പെട്ട വിവരം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കണം.തന്റെ നമ്പറിൽനിന്ന് വരുന്ന സന്ദേശങ്ങളോട് പ്രതികരിക്കേണ്ടതില്ലെന്ന് അവരോട് നിർദേശിക്കണമെന്നും ടി.ഡി.ആർ.എ മുന്നറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.