അബൂദബി: ആഭ്യന്തര മന്ത്രാലയത്തിലെ സിവിൽ ഡിഫൻസ് ജനറൽ കമാൻഡിനു കീഴിൽ ആരംഭിച്ച വിദൂര ഭവന സുരക്ഷാ പരിശീലന പദ്ധതിയിൽ അഗ്നി പ്രതിരോധ പരിശീലനത്തിന് രജിസ്റ്റർ ചെയ്യാമെന്ന് സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. എല്ലാ വീടുകളിലും ‘സിവിൽ ഡിഫൻസ്’ എന്ന ശീർഷകത്തിൽ 31 വരെയാണ് പരിശീലനം തുടരുക.
അബൂദബി, അൽഐൻ, അൽ ദഫ്ര എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലെ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ വാട്സ്ആപ് നമ്പർ വഴി അബൂദബി എമിറേറ്റിലെ താമസക്കാർക്ക് രജിസ്റ്റർ ചെയ്യാം. ഫോൺ നമ്പറിനൊപ്പം പേരും വ്യക്തിഗത വിവരങ്ങളും രജിസ്റ്റർ ചെയ്താൽ പരിശീലന കോഴ്സിനുള്ള പഠന സാമഗ്രികൾ ലഭിക്കും. ഈ മെറ്റീരിയൽ പഠിക്കുകയും അവസാനം ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും വേണം. പരിശീലനം പൂർത്തിയാക്കുന്നവർക്ക് വാട്സ്ആപ് നമ്പർ വഴി സർട്ടിഫിക്കറ്റും ലഭിക്കും. അറബിക്, ഇംഗ്ലീഷ്, ഉറുദു ഭാഷകളിൽ പരിശീലനം ലഭ്യമാണ്.
വീടുകളിലെ അഗ്നിബാധയുടെ കാരണങ്ങളെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെക്കുറിച്ചും പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനാണ് പരിശീലനം. വീടുകളിൽ ഉണ്ടാകാനിടയുള്ള വിവിധതരം തീപിടിത്തങ്ങളെക്കുറിച്ച് കുടുംബാംഗങ്ങളെ ബോധവത്കരിക്കുന്നതിനൊപ്പം അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനുള്ള ശരിയായ രീതികളെക്കുറിച്ച് ബോധവത്കരിക്കാനും അബൂദബി സിവിൽ ഡിഫൻസ് ശ്രദ്ധിക്കുന്നു.തീപിടിത്തമുണ്ടായാൽ കുടുംബാംഗങ്ങളുടെയും വീട്ടുജോലിക്കാരുടെയും നടപടി ഉൾപ്പെടെ അടിയന്തര നടപടിക്ക് കുടുംബാംഗങ്ങളെ സജ്ജമാക്കുകയുമാണ് ലക്ഷ്യം.
അടിയന്തര ഘട്ടങ്ങളിൽ കുട്ടികൾ, പ്രായമായവർ, അംഗവൈകല്യമുള്ളവർ എന്നിവർക്ക് മുന്നറിയിപ്പ് നൽകാനും അവരെ വേഗത്തിൽ ഒഴിപ്പിക്കാനും കുടുംബാംഗങ്ങളെ പരിശീലിപ്പിക്കുന്നു. മുറികൾക്കുള്ളിലെ പുകവലി ഒഴിവാക്കുന്നതിെൻറ പ്രാധാന്യത്തെക്കുറിച്ചും ബോധവത്കരിക്കുന്നു. പുകവലി 25 ശതമാനം തീപിടിത്തത്തിനും കാരണമാകുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി. അടച്ചിട്ട മുറികളിൽ ഒരു കാരണവശാലും ബാർബിക്യൂ ഗ്രില്ലുകളും ഹീറ്ററുകളും ഉപയോഗിക്കരുതെന്നും അബൂദബി പൊലീസ് സിവിൽ ഡിഫൻസ് നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.