വോട്ട് പെട്ടിയിലായിട്ട് 18 ദിവസം കഴിഞ്ഞു. കാത്തിരിപ്പിന് ഇനി ഒരാഴ്ച ദൂരം മാത്രം. കൂട്ടിയും കിഴിച്ചും പ്രവാസികളും കാത്തിരിപ്പിലാണ്. തുടർഭരണം ഉറപ്പെന്ന് എൽ.ഡി.എഫിെൻറ പ്രവാസി സംഘടനകൾ അവകാശപ്പെടുേമ്പാൾ തിരിച്ചുപിടിക്കുമെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങളുടെ വാദം. നിലമെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയുമായി ബി.ജെ.പി അനുഭാവികളായ പ്രവാസികളുമുണ്ട്. കേരളത്തിലെ മുന്നണികളും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. തെരഞ്ഞെടുപ്പിന് ശേഷം സ്ഥാനാർഥികളും പാർട്ടി പ്രതിനിധികളും യു.എ.ഇ സന്ദർശിച്ചിരുന്നു. പത്മജ വേണുഗോപാൽ, ഫിറോസ് കുന്നുംപറമ്പിൽ തുടങ്ങിയവർ ദുബൈയിൽ എത്തിയിരുന്നു.
ആത്മവിശ്വാസത്തിെൻറയും സർവേകളുടെയും കണക്ക് നോക്കിയാൽ എൽ.ഡി.എഫാണ് മുമ്പിൽ. 80 സീറ്റ് ഉറപ്പാണെന്നാണ് അവരുടെ വാദം. ഭൂരിപക്ഷം സർവേകളും തുടർഭരണമാണ് പ്രവചിച്ചത്. യു.ഡി.എഫുകാരുടെ വാക്കുകളിൽ ആത്മവിശ്വാസം അത്ര പ്രകടമല്ല. 65 സീറ്റ് അവർ ഉറപ്പിക്കുന്നു. പ്രവചനാതീതമായ 15 മണ്ഡലങ്ങൾ തുണയാകുമെന്നാണ് അവരുടെ കണക്കുകൂട്ടൽ.
ഇതിൽ പത്തെണ്ണത്തിലെങ്കിലും ജയിച്ച് ഭരണം ഉറപ്പിക്കാമെന്നും വിലയിരുത്തുന്നു. കേരളത്തിലെയും വിവിധ മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം എന്താകുമെന്ന് അവലോകനം ചെയ്യുകയാണ് പ്രവാസ ലോകത്തെ സംഘടന പ്രതിനിധികൾ ഇന്ന് മുതൽ...
അടുത്ത അഞ്ചുവർഷം യു.ഡി.എഫിേൻറത്
എൻ.പി. രാമചന്ദ്രൻ (വൈസ് പ്രസിഡൻറ്, ഇൻകാസ് യു.എ.ഇ)
ഈ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച വിജയം നേടി ഭരണം ഉറപ്പിക്കും എന്നതിൽ ഒരു സംശയവും വേണ്ട. ഭരണകൂടത്തിന് അനുകൂലമായ ഒരു ഘടകവും ഈ തെരഞ്ഞെടുപ്പിൽ കാണാൻ സാധിച്ചില്ല. കോവിഡ് സാഹചര്യത്തിൽ വോട്ടു ശതമാനം അൽപം കുറഞ്ഞതായി കാണാൻ സാധിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ കേരളത്തിലേത് മികച്ച പോളിങ്ങായിരുന്നു. പോളിങ് ശതമാനം കുറഞ്ഞത് യു.ഡി.എഫിനെ ബാധിക്കില്ല. ഭരണവിരുദ്ധ തരംഗം പ്രത്യക്ഷത്തിൽ ഇല്ലായിരുന്നുവെന്നത് സത്യമാണ്.
എങ്കിലും, ഭരണമാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നതായി കാണാൻ സാധിച്ചിട്ടുണ്ട്. അതിെൻറ അടിയൊഴുക്കുകൾ പല ജില്ലകളിലും സംഭവിച്ചിട്ടുണ്ട്.
ഇതെല്ലാം യു.ഡി.എഫിന് ഗുണകരമാകും. ബി.ജെ.പി പല സ്ഥലങ്ങളിലും ത്രികോണമത്സര പ്രതീതി സൃഷ്ടിച്ചിട്ടുണ്ടെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാൻ അവർക്കു കഴിഞ്ഞിട്ടില്ല. മതേതര മൂല്യങ്ങൾ എന്നും കാത്തുസൂക്ഷിക്കുന്ന കേരള ജനത ഒരിക്കലും വർഗീയ മതരാഷ്ട്രീയത്തിനു അനുകൂലമായ നിലപാടെടുക്കില്ല. പുതുമുഖങ്ങൾ, യുവാക്കൾ, വനിതകൾ എന്നിവരുടെ സാന്നിധ്യംകൊണ്ടു നിറഞ്ഞ സ്ഥാനാർഥികളെ നൽകിയ യു.ഡി.എഫിന് ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്.
അഞ്ചുവർഷത്തെ ഇടതു ഭരണകാലത്ത് കാണാൻ കഴിഞ്ഞത് അക്രമരാഷ്ട്രീയവും സാധാരണ ജനങ്ങളോടുള്ള നിഷേധാത്മക സമീപനവും സ്വജനപക്ഷപാതവും അഴിമതിയുമായിരുന്നു. ഇതിനെതിരെയാണ് ജനങ്ങൾ വോട്ടുകുത്തിയത്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ അഭിപ്രായങ്ങൾ ഉൾക്കൊണ്ടുകൊണ്ട് തയാറാക്കിയ പ്രകടന പത്രികയും ന്യായ് പദ്ധതിയും ഉമ്മൻ ചാണ്ടി സർക്കാറിെൻറ ജനക്ഷേമ പ്രവർത്തനങ്ങളും പ്രവാസികളുടെ പ്രശ്നങ്ങളിലുള്ള ഇടപെടലും യു.ഡി.എഫിന് വോട്ടായി വീഴുമെന്നാണ് വിലയിരുത്തൽ.
എൻ.കെ. കുഞ്ഞുമുഹമ്മദ് ( 'ഓർമ' രക്ഷാധികാരി ലോക കേരള സഭാംഗം)
ഇന്ത്യയുടെ മതേതര ജനാധിപത്യത്തിെൻറ വിജയം ഊട്ടിയുറപ്പിക്കുന്ന ഫലമായിരിക്കും രണ്ടാം തീയതി പെട്ടി പൊട്ടിക്കുേമ്പാൾ കേരളം കാണാനിരിക്കുന്നത്. ഉറപ്പാണ് എൽ.ഡി.എഫ് എന്ന വാക്യം വെറുതെയാവില്ലെന്ന് തെളിയിക്കുന്ന ഫലത്തിനാണ് കേരളം കാത്തിരിക്കുന്നത്. യു.ഡി.എഫിെൻറയും ബി.ജെ.പിയുടെയും അവിശുദ്ധ കൂട്ടുകെട്ട് തകർത്ത് എൽ.ഡി.എഫ് തുടർഭരണം നേടും.
അഞ്ചുവർഷം കേരളത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾക്ക് മാത്രമായിരുന്നില്ല കേരളം ഇക്കുറി വോട്ട് ചെയ്തത്. മതേതര കേരളത്തിനുവേണ്ടി കൂടിയാണ് ജനങ്ങൾ വോട്ട് കുത്തിയത്. ഇത് ഫലത്തിലും പ്രകടമാകും. തെരഞ്ഞെടുപ്പിലുടനീളം യു.ഡി.എഫ്- ബി.ജെപി കൂട്ടുകെട്ട് ദൃശ്യമായിരുന്നു. യു.ഡി.എഫിനെ വിജയിപ്പിക്കാൻ എൻ.ഡി.എ വോട്ട് മറിച്ചു. മൂന്ന് നിയോജക മണ്ഡലങ്ങളിൽ എൻ.ഡി.എയുടെ പത്രിക തള്ളിയത് പിശകാണെന്ന് കരുതുന്നില്ല. മറ്റ് മണ്ഡലങ്ങളിൽ ഉണ്ടാക്കിയെടുത്ത രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് ഇതെന്ന് വേണം കരുതാൻ. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ വികസനമെത്തിച്ചത് വോട്ടായി മാറി.
പ്രളയം, ഓഖി, നിപ, കോവിഡ് എന്നീ ദുരന്തകാലത്ത് കേരളത്തെ താങ്ങിനിർത്തിയ സർക്കാർ വീണ്ടും അധികാരത്തിൽ വരണമെന്ന് ജനങ്ങൾ ആഗ്രഹിച്ചു. പ്രകടനപത്രിക വെറുതെയാവില്ലെന്നത് അഞ്ചുവർഷത്തിനിടെ തെളിയിക്കപ്പെട്ടതാണ്. പ്രഖ്യാപിച്ച കാര്യങ്ങളിൽ 99 ശതമാനവും പൂർത്തീകരിച്ചു. ഇക്കുറിയും അത് പൂർത്തീകരിക്കും എന്ന വിശ്വാസം ജനങ്ങൾക്കുണ്ടായിരുന്നു.
പെൻഷൻ, ഭക്ഷണക്കിറ്റ് തുടങ്ങിയ വിഷയങ്ങളിലെ ഇടപെടൽ മൂലം എല്ലാ മേഖലകളിൽ നിന്നുള്ളവരും ഇടതുഭരണം ആഗ്രഹിച്ചു. അവർ വോട്ട് ചെയ്യുകയും ചെയ്തു. ഇതാണ് തുടർഭരണത്തിന് ഞങ്ങൾക്ക് ആത്മവിശ്വാസം പകരുന്നത്. കോൺഗ്രസിനെ ജയിപ്പിച്ചിട്ട് കാര്യമില്ലെന്ന് ജനങ്ങൾക്ക് തോന്നിയതും ഇടതുമുന്നണിക്ക് തുണയായി.
രഞ്ജിത്ത് കോടോത്ത് (ബി.ജെ.പി സഹയാത്രികൻ)
കേരള രാഷ്ട്രീയം വലിയൊരു പരിവർത്തനത്തിെൻറ ദിശയിലാണ്. 64 വർഷമായി ഇരുമുന്നണികളും നടത്തുന്ന ആദർശ രാഷ്ട്രീയത്തിെൻറ കപട മുഖംമൂടി കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ മനസ്സിലാക്കും എന്നുള്ളതിൽ ഒരു സംശയവും ഇല്ല. ഈ തെരഞ്ഞെടുപ്പിൽ ഇടതു വലതു മുന്നണികൾ ആദ്യം പറഞ്ഞ അവകാശവാദങ്ങളിൽ നിന്നും ഏറെ പിന്നോട്ടുപോയെന്നത് വളരെ ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പിനു മു േമ്പ ബി.ജെ.പി കാര്യമായി ഒരുനേട്ടവും ഉണ്ടാക്കില്ല എന്നു പറഞ്ഞവർ ഇപ്പോൾ പരസ്യമായി തന്നെ പറയാൻ തുടങ്ങിയിരിക്കുന്നു എൻ.ഡി.എയുടെ പ്രകടനം മെച്ചപ്പെട്ടതായിരിക്കും എന്നത്.
ബി.ജെ.പി ജയസാധ്യതയുള്ള മണ്ഡലങ്ങൾ ഇരു മുന്നണികളുടെയും വിലയിരുത്തൽ നടന്ന പട്ടികയിൽ പോലുമില്ല എന്നത് എടുത്തുപറയേണ്ട കാര്യമാണ്. ശക്തമായ മൂന്നാം ബദലായി ബി.ജെ.പി മാറും എന്നതിൽ ഒരു സംശയവും ഇല്ല. നരേന്ദ്ര മോദി സർക്കാറിെൻറ ക്ഷേമപ്രവർത്തനങ്ങളും വികസന കാഴ്ചപ്പാടും ബി.ജെ.പിക്ക് കേരളത്തിൽ മുതൽക്കൂട്ടാകും എന്ന കാര്യം നിസ്സംശയം പറയാം. ദീർഘവീക്ഷണം ഇല്ലാത്ത, അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ ഇടതുഭരണത്തിന് ജനം അന്തിമവിധി എഴുതിക്കഴിഞ്ഞു. വലത്തേക്ക് തിരിയാൻ ശ്രമിക്കുന്ന ജനങ്ങൾക്ക് മറിച്ചൊരു ശുഭപ്രതീക്ഷയും അവിടെയും കാണുന്നില്ല. ഒരു മുന്നണിക്കും ഭൂരിപക്ഷം ഇല്ലാത്ത ഫലം ആയിരിക്കും ഇത്തവണ പുറത്തു വരുന്നത്. അതിൽ വ്യക്തമായ പ്രാതിനിധ്യം ബി.ജെ.പിക്ക് ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.