ദുബൈ: പ്രവാസികളടക്കം വ്യാപകമായി ഉപയോഗിക്കുന്ന വേദനസംഹാരിയായ ‘ഒമേഗ’യുടെ വ്യാജ പതിപ്പുകള്‍ യു.എ.ഇ വിപണിയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നിയമനടപടിയുമായി വിതരണ കമ്പനിയായ അല്‍ ബുല്‍ദാന്‍ രംഗത്ത്. യു.എ.ഇക്കു പുറമെ ഒമാനിലും വ്യാജ പതിപ്പ് കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യസുരക്ഷ പരിഗണിച്ച് ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് കമ്പനി അധികൃതർ ആവശ്യപ്പെട്ടു.
ഫിലിപ്പീന്‍സ് അംബാസഡറും കോൺസൽ ജനറലും അടക്കമുള്ളവർ പങ്കെടുത്ത വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഫിലിപ്പീന്‍സ് ആസ്ഥാനമായ ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയാണ് വേദനസംഹാരി ഉല്പാദിപ്പിക്കുന്നത്. പ്രശ്നം പരിഹരിക്കുന്നതിനും വ്യാജന്മാരെ തുരത്തുന്നതിനും യു.എ.ഇ അധികൃതരുമായി ആശയവിനിമയം നടത്തുമെന്ന് ഫിലിപ്പീന്‍സ് അംബാസഡർ ഫെര്‍ഡിനാന്‍ഡ് എ വെര് പറഞ്ഞു.
‘ഒമേഗ’യുടെ നൂറുകണക്കിന് വ്യാജ പതിപ്പുകളാണ് വിപണികളില്‍ കണ്ടെത്തിയതെന്നും ഇതിനെതിരെ നിയമനടപടികളുടെ പ്രാഥമിക നീക്കം ആരംഭിച്ചുവെന്നും അല്‍ ബുല്‍ദാന്‍ ഗ്രൂപ് മാനേജിങ് ഡയറക്ടർ ജേക്കബ് വര്‍ഗീസ് പറഞ്ഞു. ദുബൈ ഇക്കണോമിക് ഡിപ്പാർട്മെന്റിലും യു.എ.ഇ ആരോഗ്യ, രോഗ പ്രതിരോധ മന്ത്രാലയത്തിലും പരാതി നല്‍കിയിട്ടുണ്ട്.
യു.എ.ഇയിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ്, സൂപ്പർ മാർക്കറ്റ് ശൃംഖലകളിലെല്ലാം ലഭ്യമായിട്ടുള്ളത് ഒറിജിനൽ ഉൽപന്നമാണെന്നും മറ്റിടങ്ങളിൽ വ്യാജവും ഒറിജിനലും തിരിച്ചറിയാൻ പ്രയാസമാണെന്ന സാഹചര്യമുണ്ടെന്നും കമ്പനി അധികൃതർ ചോദ്യത്തിന് മറുപടിയായി വിശദീകരിച്ചു.
ദുബൈ ഫിലിപ്പീന്‍സ് കോണ്‍സുലർ ജനറൽ റെനാറ്റോ എൻ ദൂനസ്, അല്‍ ബുല്‍ദാന്‍ ഡയറക്ടര്‍ റോബി വര്‍ഗീസ്, ഡയറക്ടറും സി.എഫ്.ഒയുമായ ഷീല വര്‍ഗീസ്, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ ജോയ് തണങ്ങാടന്‍ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.