അബൂദബി: പടിവാതിൽക്കലെത്തിയ ശൈത്യകാലം രാജ്യത്താകമാനം ടൂറിസം മേഖലയുടെ തിരിച്ചുവരവിന് ശക്തി പകരുമെന്ന പ്രതീക്ഷ പങ്കുവെച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. അബൂദബിയിൽ നടന്ന യു.എ.ഇ മന്ത്രിസഭാ യോഗത്തിനുശേഷമാണ് അദ്ദേഹം ഇക്കാര്യം പ്രസ്താവിച്ചത്. ഖത്തറിൽ നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാൾ രാജ്യത്തെ ഹോട്ടൽ, ടൂറിസം മേഖലയിൽ വലിയ മുന്നേറ്റത്തിന് കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തണുപ്പുകാലത്തെ സാധാരണ വിനോദസഞ്ചാരികളുടെ ഒഴുക്കും ഇതിനൊപ്പം ചേരുന്നതോടെ കോവിഡ് പൂർവ കാലത്തെ മറികടക്കുന്ന രീതിയിലാകും ഈ മേഖലയിൽ മുന്നേറ്റമെന്നാണ് വിലയിരുത്തപ്പെടുന്നത്.യു.എ.ഇയുടെ മത്സരക്ഷമതയും വികസനവും കാബിനറ്റ് അവലോകനം ചെയ്തതായി ശൈഖ് മുഹമ്മദ് പറഞ്ഞു. മഹാമാരിക്ക് മുമ്പത്തേതിനേക്കാൾ ഉയർന്ന സാമ്പത്തിക വളർച്ചയാണ് രാജ്യത്തുള്ളത്. ടൂറിസം, വാണിജ്യ, വികസന മേഖലകൾ വലിയ മുന്നേറ്റമാണ് കാണിക്കുന്നത്. കോവിഡിനെ ശരിയായ രീതിയിൽ മറികടക്കാൻ സാധിച്ചത് ഇതിന് സഹായകമായി. സുരക്ഷയിലും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിലും എളുപ്പമുള്ള നിയമങ്ങളുടെ കാര്യത്തിലും യു.എ.ഇ ലോകത്ത് ഒന്നാമതാണ് -അദ്ദേഹം കൂട്ടിച്ചേർത്തു. കിഴക്കും പടിഞ്ഞാറുമുള്ള നിരവധി രാജ്യങ്ങൾ ഇനിയും മഹാമാരിയുടെ ആഘാതത്തിൽ നിന്ന് മുക്തമായിട്ടില്ലെന്നും ആഗോള വ്യാപാരം ഇതുവരെ ശക്തി പ്രാപിച്ചിട്ടില്ലെങ്കിലും യു.എ.ഇ ഒരു മാതൃകയായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വർഷം ആദ്യ പകുതിയിൽ 71.2ലക്ഷം അന്താരാഷ്ട്ര സന്ദർശകർക്ക് ദുബൈ ആതിഥേയത്വം വഹിച്ചതായി ആഗസ്റ്റിൽ പുറത്തുവന്ന കണക്കുകൾ വ്യക്തമാക്കിയിട്ടുണ്ട്. മുൻ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 25.2ലക്ഷം വിനോദസഞ്ചാരികളുടെ എണ്ണത്തിന്‍റെ ഏകദേശം മൂന്നിരട്ടിയാണിത്. മാർച്ച് 31ന് അവസാനിച്ച എക്‌സ്‌പോ 2020 ദുബൈ, സുരക്ഷിതമായ ലക്ഷ്യസ്ഥാനം എന്ന ആഗോളതലത്തിലെ ഖ്യാതി എന്നിവയാണ് സന്ദർശകരുടെ എണ്ണത്തിലെ കുതിപ്പിന് കാരണമായത്. ഈ മുന്നേറ്റത്തിന്‍റെ തുടർച്ചയായിരിക്കും സെപ്റ്റംബർ അവസാനത്തോടെ ആരംഭിക്കുന്ന ശൈത്യകാലത്ത് ഉണ്ടാവുകയെന്നാണ് പ്രതീക്ഷിക്കുന്നത്. എക്സ്പോ സിറ്റി ഒക്ടോബറിൽ തുറക്കുന്നത് ആഭ്യന്തര വിനോദ സഞ്ചാര മേഖലക്കും കരുത്തു പകരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.