റാസല്‍ഖൈമ: പ്രമേഹം മൂര്‍ഛിച്ചതിനെതുടര്‍ന്ന് ഇരുകാലുകളും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് യു.എ.ഇയില്‍ കഴിഞ്ഞുവന്ന കര്‍ണാടക സ്വദേശിയെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹായത്തോടെ നാട്ടിലെത്തിച്ചു. 2020ല്‍ ബിസിനസ് തുടങ്ങുന്നതിനാണ് രമേഷ് കുമാര്‍ യു.എ.ഇയിലത്തെിയത്. ബിസിനസ് തുടങ്ങിയെങ്കിലും കോവിഡ് മഹാമാരിയെത്തുടര്‍ന്ന് വിജയിച്ചില്ല.
ഇതോടെ വൻ സാമ്പത്തികബാധ്യതയും വന്നു. ഇതിനിടെ ശാരീരികാസ്വസ്ഥതകളും രമേഷിനെ പിടികൂടി. ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് കടുത്ത പ്രമേഹവും സ്ഥിരീകരിച്ചു. ജീവന് നിലനിര്‍ത്തണമെങ്കില്‍ ഇരുപാദങ്ങളും നീക്കം ചെയ്യണമെന്ന അവസ്ഥയിലായിരുന്നു ആരോഗ്യനില. 64കാരനായ രമേഷ് കുമാറിന് യു.എ.ഇയിലും ഇന്ത്യയിലും പറയത്തക്ക ബന്ധുക്കളും സുഹൃത്തുക്കളും ഇല്ലെന്ന് സാമൂഹിക പ്രവര്‍ത്തകനായ പുഷ്പന് ഗോവിന്ദ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഷാര്‍ജ ഖാസിമി ആശുപത്രിയില്‍നിന്ന് വിടുതല്‍ വാങ്ങിയ രമേഷ് കുമാര്‍ പലരുടെയും സഹായത്തോടെ വീല്‍ചെയറില്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെത്തി തന്നെ നാട്ടിലെത്തിക്കണമെന്ന് അപേക്ഷിക്കുകയായിരുന്നു. അപേക്ഷ അനുഭാവപൂര്‍വം പരിഗണിച്ച കോണ്‍സുലേറ്റ് എക്സിറ്റ് പെര്‍മിറ്റിന് ശ്രമിച്ചെങ്കിലും കാലഹരണപ്പെട്ട വാണിജ്യ ലൈസന്‍സ് ഔട്ട് പാസ് ലഭിക്കുന്നതിന് തടസ്സമായി. ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധി റാക് ഫ്രീസോണിന് കീഴിലെ ഇദ്ദേഹത്തിന്റെ വാണിജ്യ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിന് ഫ്രീസോണ്‍ അധികൃതരുമായ സംസാരിക്കുകയും യാത്രാ നടപടി വേഗത്തിലാക്കുകയുമായിരുന്നു.
വീല്‍ ചെയര്‍ ടിക്കറ്റ്, സഹായി തുടങ്ങിയവ ഏര്‍പ്പെടുത്തിയാണ് കോണ്‍സുലേറ്റ് രമേഷ് കുമാറിനെ ബംഗളൂരുവിലേക്കയച്ചതെന്ന് കോണ്‍സലര്‍ ബിജേന്ദര്‍ സിങ് പറഞ്ഞു. യു.എ.ഇയില്‍ ദുരിതമനുഭവിക്കുന്ന ഇന്ത്യന്‍ പൗരന്മാര്ക്ക് കോണ്‍സുലേറ്റ് സഹായം നല്‍കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. 2023 ആഗസ്റ്റില്‍ മാത്രം ഏഴ് സ്ട്രച്ചര്‍ യാത്രക്കാരെയും ഒരു ബേബി ബാസിനറ്റ് കെയ്സും മൂന്ന് വീല്‍ ചെയര്‍ യാത്രികര്‍ക്കും ഇന്ത്യന്‍ കോണ്‍സുലേറ്റ് യാത്രാ സൗകര്യം ഏര്‍പ്പെടുത്തി. യു.എ.ഇയിലുള്ള മുഴുവന്‍ ഇന്ത്യന്‍ പൗരന്മാര്ക്കും സഹായം നല്കാന് കോണ്‍സുലേറ്റ് പ്രതിജ്ഞാബദ്ധമാണെന്ന് ബിജേന്ദര്‍ സിങ് പറഞ്ഞു. രമേഷ് കുമാറിനെ പിന്തുണച്ച കമ്യൂണിറ്റി വളന്റിയര്‍മാരായ എസ്.എസ്. മീരാന്‍, പര്‍മീന്ദര്‍ ഗൗരി, പുഷ്പന് ഗോവിന്ദന് തുടങ്ങിയവരെ അദ്ദേഹം അഭിനന്ദിച്ചു. സന്നദ്ധ സേവകരുടെ സഹായമാണ് അദ്ദേഹത്തിന് ഇന്ത്യയിലേക്കുള്ള യാത്ര എളുപ്പമാക്കിയതെന്നും കോണ്‍സുലേറ്റ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.