ആകാശത്തെ സ്ത്രീ എമിറേറ്റ്സ്

ദുബൈ: വനിതാ പ്രാതിനിധ്യത്തില്‍ ദുബൈയുടെ സ്വന്തം വിമാനക്കമ്പനിയായ എമിറേറ്റ്സ് ഏറെമുന്നിലാണ്. ഇത്തവണ അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന് മുന്നോടിയായി അവര്‍ തങ്ങളുടെ വനിതാ മാഹാത്മ്യം വിളിച്ചുപറഞ്ഞത് രണ്ട് അറബ് വനിതാ പൈലറ്റുമാരെ എയര്‍ബസ് 380 വിമാനം പറത്താന്‍ കോക്പിറ്റിലിരുത്തിയാണ്. ദുബൈയില്‍ നിന്ന് വിയന്നയിലേക്കും തിരിച്ചും പറന്ന രണ്ട് നിലകളുള്ള കൂറ്റന്‍ വിമാനത്തിന്‍െറ അമരത്തിരുന്നത് ക്യാപ്റ്റന്‍ നവീന്‍ ദര്‍വിഷും ഫസ്റ്റ് ഓഫിസര്‍ ആലിയ അല്‍ മുഹൈറിയും. 

എയര്‍ ബസ് 380 പറത്തുന്ന ആദ്യ അറബ് വനിതാ പൈലറ്റാണ് ഈജിപ്തുകാരിയായ നവീന്‍ ദര്‍വിഷ്. വലിയ വിമാനം പറത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ യു.എ.ഇ വനിതാ പൈലറ്റാണ് ആലിയ. ഉയരങ്ങള്‍ കീഴടക്കുന്ന അറബ് വനിതകളുടെ പ്രതീകങ്ങളാണ് ഇരുവരും. 150 രാജ്യങ്ങളിലെ 29,000 ലേറെ വനിതകളാണ് എമിറേറ്റ്സില്‍ ജോലി ചെയ്യുന്നത്.

മൊത്തം ജീവനക്കാരുടെ 44 ശതമാനവും വനിതകളാണെന്നതില്‍ അഭിമാനിക്കുന്നതായി എമിറേറ്റസ് അറിയിച്ചു. ഇവരില്‍ 18,000 പേര്‍ എയര്‍ ഹോസ്റ്റസുമാരായാണ് ജോലിചെയ്യുന്നത്. 11,000 വനിതാജീവനക്കാര്‍ സാങ്കേതിക മേഖലയിലാണ്. രണ്ടര ശതമാനംപേര്‍ മാനേജര്‍ തസ്തികകളില്‍ ജോലിചെയ്യുന്നു. 

എമിറേറ്റ്സിന്‍െറ കോക്പിറ്റില്‍ നിര്‍ണായക ഉത്തരവാദിത്വങ്ങള്‍ വഹിക്കുന്ന നിരവധി വനിതകളുണ്ട്. വ്യോമ എന്‍ജിനീയര്‍മാരും സാങ്കേതികത വിദഗ്ധരുമായ ധാരാളം വനിതകള്‍ ഗ്രൂപ്പിന്‍െറ ഭാഗമാണ്. ഏതാണ്ടെല്ലാ വിഭാഗത്തിലും സ്ത്രീകളുണ്ട്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ മൊത്തം എമിറേറ്റ്സ് ജീവനക്കാരില്‍ സ്ത്രീ പ്രാതിനിധ്യത്തില്‍ ആറു ശതമാനം വര്‍ധനവാണുണ്ടായത്.

തൊഴിലിന്‍െറ കാര്യത്തില്‍ സ്ത്രീക്കും പുരുഷനും തുല്യ അവസരമാണ് നല്‍കുന്നതെന്ന് എമിറേറ്റ്സ് എച്ച്.ആര്‍.വിഭാഗം വൈസ് പ്രസിഡന്‍റ് അബ്ദുല്‍ അസീസ് അല്‍ അലി പറഞ്ഞു. വ്യോമ മേഖലയില്‍ തൊഴിലെടുക്കാന്‍ താല്‍പര്യമുള്ള ലോകമെങ്ങുമുള്ള പെണ്‍കുട്ടികള്‍ക്കും വനിതകള്‍ക്കും തങ്ങളുടെ വനിതാപ്പട പ്രചോദനം പകരുമെന്ന് അദ്ദേഹം പറഞ്ഞു.

Tags:    
News Summary - women's day 2017 special

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.