അബൂദബി: അബൂദബിയിലെ ഹിന്ദു ക്ഷേത്രത്തിനായുള്ള പ്രതിഷ്ഠകളും തൂണുകളും നിർമിക്കുന്നത് രണ്ടായിരത്തിലേറെ ശില്പികള്. ഇന്ത്യയിലാണ് ഇവയുടെ നിർമാണം പുരോഗമിക്കുന്നത്. കഴിഞ്ഞ നാലുവര്‍ഷമായി ശില്പികള് പണിപ്പുരയിലാണ്. ഇതിന്റെ വിഡിയോ ബാപ്സ് സ്വാമി നാരായണന് സാന്സ്തയാണ് പുറത്തുവിട്ടത്.
മാര്‍ബിളിലും പിങ്ക് മണല്കല്ലുകളിലുമാണ് പുരാണകൃതികളില്നിന്നുള്ള ഭാഗങ്ങള്‍ കൊത്തിയെടുക്കുന്നത്. ക്ഷേത്രം 2024 ഫെബ്രുവരിയില്‍ തുറന്നുകൊടുക്കാനാണ് പദ്ധതി.
രാജസ്ഥാനീ ഗ്രാമങ്ങളിലാണ് ശില്പികള് മാര്‍ബിളില്‍ സൂര്യന്റെയും ചന്ദ്രന്റെയും ചിത്രങ്ങളും രാമ, ഗണേശ വിഗ്രഹങ്ങളും തീര്‍ക്കുന്നത്. മാസങ്ങള്‍ എടുത്താണ് ക്ഷേത്രത്തിന്റെ വലിയ തൂണുകൾ ശില്പികള് പൂര്‍ത്തിയാക്കിയത്. 13 അടി ഉയരമുള്ള ഒരു തൂണ് നാല് ശിൽപികള് ചേര്‍ന്ന് ഒരുവര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കുന്നതെന്ന് ക്ഷേത്ര നിര്‍മാണ പദ്ധതി ഡയറക്ടറായ പ്രണവ് ദേശായി പറഞ്ഞു.
ഓരോ തൂണും നാലു ഭാഗങ്ങളായാണ് നിര്‍മിക്കുന്നത്. തൂണുകൾക്ക് തകരാറുകൾ സംഭവിച്ചാൽ പൂർണമായി പുനര്‍നിര്‍മിക്കുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു മുന്‍കരുതൽ. ക്ഷേത്രത്തിന്റെ തറനിരപ്പും പ്രധാന പ്രാര്‍ഥന ഹാളും ഒന്നാംനിലയും പണി പൂര്‍ത്തിയായിട്ടുണ്ട്. രണ്ടാംഘട്ട നിര്‍മാണം പുരോഗമിക്കുകയാണ്.
യു.എ.ഇയിലെ ഏഴ് എമിറേറ്റുകളെ ദ്യോതിപ്പിക്കുന്നതിന് ക്ഷേത്രത്തില്‍ ഏഴ് ഗോപുരങ്ങളുണ്ട്. ക്ഷേത്രവളപ്പില്‍ 40,000 പേരെയും ക്ഷേത്രത്തിനുള്ളില്‍ ഒരേസമയം 20,000 വിശ്വാസികളെയും ഉള്‍ക്കൊള്ളാനാവും. 2015ലാണ് അബൂദബി കിരീടാവകാശിയായിരിക്കെ ഇപ്പോഴത്തെ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് ക്ഷേത്രത്തിനായി 5.4 ഹെക്ടര്‍ ഭൂമി കൈമാറിയത്.
200ലേറെ തൂണുകളില്‍ 32 മീ. ഉയരത്തിലാവും ക്ഷേത്രം പൂര്‍ത്തിയാവുക. സ്റ്റീലോ ഇരുമ്പോ കോണ്‍ക്രീറ്റോ ഉപയോഗിക്കാതെയാണ് നിര്‍മാണം. കല്ലുകളില്‍ നിര്‍മിച്ച വിവിധ ഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ച് പരമ്പരാഗത രീതിയിലാണ് ക്ഷേത്രം നിര്‍മിക്കുന്നത്. തറയില്‍ ഗ്രാനൈറ്റും പിങ്ക് മണല്‍കല്ലുകളും മാര്‍ബിളുമാണ് ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.