ദുബൈ: തൊഴിൽ പെർമിറ്റ് മൂന്നുവർഷമാക്കാനുള്ള ശിപാർശക്ക് ഫെഡറൽ നാഷനൽ കൗൺസിൽ (എഫ്.എൻ.സി) അംഗീകാരം നൽകി. ഇതോടെ, നിലവിൽ രണ്ടുവർഷം നൽകുന്ന തൊഴിൽ പെർമിറ്റ് മൂന്നുവർഷമായി മാറും. മലയാളികൾ അടക്കമുള്ള നിരവധി പ്രവാസികൾക്കും സ്ഥാപനങ്ങൾക്കും ഉപകാരപ്രദമാകുന്ന നടപടിയാണിത്.
തൊഴിൽ പെർമിറ്റില്ലാതെ യു.എ.ഇയിൽ ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണ്. മാനുഷിക വിഭവശേഷി മന്ത്രാലയമാണ് പെർമിറ്റ് അനുവദിക്കുന്നത്. തൊഴിലുടമകളുടെ അധികഭാരം കുറക്കുക എന്ന ലക്ഷ്യവുമായാണ് പെർമിറ്റ് കാലാവധി നീട്ടിയത്. ജീവനക്കാരൻ പ്രബേഷൻ കാലാവധിക്കുശേഷം ഒരുവർഷംകൂടി തൊഴിലുടമക്ക് കീഴിൽ ജോലി ചെയ്യണമെന്ന നിർദേശത്തിനും അംഗീകാരം നൽകി. എന്നാൽ, ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം തൊഴിലുടമക്കെടുക്കാം. തൊഴിൽ മാറുമ്പോൾ തൊഴിൽ പെർമിറ്റ് ഫീസ് ഒഴിവാക്കണമെന്നും കമ്മിറ്റി ശിപാർശ നൽകിയിരുന്നു.
ഈ വർഷം മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ 72,000 പരിശോധനകൾ നടത്തി. ഇമാറാത്തിവത്കരണവുമായി ബന്ധപ്പെട്ട 2300ഓളം സംശയാസ്പദമായ കേസുകൾ കണ്ടെത്തി. ഇതിൽ 430 കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.തൊഴിൽ നഷ്ടപ്പെടുന്നവർക്കുള്ള ഇൻഷുറൻസ് പദ്ധതിയിൽ 20 ലക്ഷത്തിലധികം പേർ ചേർന്നതായി യോഗം വിലയിരുത്തി. ഇതിൽ 40,000 ഇമാറാത്തികളും ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.