ദുബൈ: ലോകകപ്പിന്റെ പ്രീ ക്വാർട്ടർ ഘട്ടം പിന്നിടുമ്പോൾ ദുബൈയിൽനിന്ന് വിമാനമാർഗം ദോഹയിൽ എത്തിയത് ഒന്നര ലക്ഷം പേർ. എയർപോർട്ട് സേവന ദാതാക്കളായ ഡനാറ്റയാണ് ഇക്കാര്യം അറിയിച്ചത്. ഖത്തർ എയർവേസും ഫ്ലൈ ദുബൈയും ദിവസവും 60 വിമാനങ്ങൾ വീതം ഖത്തറിലേക്ക് സർവിസ് നടത്തുന്നുണ്ട്. ദുബൈ ആൽ മക്തൂം വിമാനത്താവളത്തിൽനിന്നാണ് ഷട്ടിൽ സർവിസുകൾ നടത്തുന്നത്. 600ഓളം സർവിസുകളാണ് രണ്ടാഴ്ചക്കിടയിൽ ആൽ മക്തൂം വിമാനത്താവളത്തിൽനിന്ന് ദോഹയിലെത്തിയത്. യാത്രക്കാരുടെ തിരക്ക് മുന്നിൽക്കണ്ട് വൻ ഒരുക്കങ്ങളാണ് വിമാനത്താവളങ്ങളിൽ ഏർപ്പെടുത്തിയിരുന്നത്.
അതിനാൽ, തടസ്സങ്ങളോ കാലതാമസമോ ഇല്ലാതെ യാത്രക്കാർക്ക് ലോകകപ്പ് കണ്ട് തിരിച്ചെത്താൻ കഴിഞ്ഞു. രാവിലെ ഖത്തറിലെത്തി മത്സരം കണ്ടശേഷം രാത്രി തിരിച്ച് യു.എ.ഇയിൽ എത്തുന്ന രീതിയിലാണ് ഷട്ടിൽ സർവിസ് ക്രമീകരിച്ചിരിക്കുന്നത്. മറ്റ് സർവിസുകളെ അപേക്ഷിച്ച് ഷട്ടിൽ വിമാനങ്ങളിൽ നിരക്ക് കുറവാണ്. എന്നാൽ, സാധാരണ സർവിസുകളിൽ അഞ്ചിരട്ടിയിലേറെയാണ് നിരക്ക്.
അതേസമയം, വിമാനത്തിൽ എത്തിയവർക്കുപുറമെ പതിനായിരക്കണക്കിനാളുകളാണ് റോഡുമാർഗം ഖത്തറിൽ എത്തിയത്. ദുബൈയിൽനിന്ന് സൗദി വഴിയാണ് യാത്ര. വിമാനയാത്രയെ അപേക്ഷിച്ച് വളരെ കുറഞ്ഞ ചെലവിൽ റോഡുമാർഗം ഖത്തറിലെത്താം. കാറിലെത്തുന്നവർ സൗദിയിലെ സൽവ അതിർത്തിയിൽ കാർ പാർക്ക് ചെയ്ത ശേഷം ബസിലാണ് അതിർത്തി കടക്കുന്നത്. ബസിൽ എത്തുന്നതും ചെലവുകുറഞ്ഞ മാർഗമാണ്. 250 ദിർഹം മുതൽ നൽകിയാൽ ബസിൽ ഖത്തറിൽ എത്താം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.