ദുബൈയിൽ നിന്ന് ദോഹയിലേക്ക് 650 കിലോമീറ്ററാണ് ദൂരം. പക്ഷെ, കഴിഞ്ഞ മാസം ഈ രണ്ട് നഗരങ്ങൾ ഒരു വാതിൽപടിക്ക് അപ്പുറവും ഇപ്പുറവുമായിരുന്നു. ദോഹ കഴിഞ്ഞാൽ ലോകകപ്പിന്‍റെ ആവേശം ഏറ്റവുമധികം അലയടിച്ചത് ദുബൈ നഗരത്തിലായിരുന്നു. എക്സ്പോ 2020 കഴിഞ്ഞാൽ കഴിഞ്ഞ വർഷം ദുബൈയിൽ ‘നടന്ന’ ഏറ്റവും വലിയ ആഘോഷം ലോകകപ്പായിരുന്നു. അർജന്‍റീനയിലെ ബ്യൂണസ് ഐറിസിനെയും ഫ്രാൻസിലെ പാരീസിനെയും വെല്ലുന്ന ആവേശത്തിലായിരുന്നു ദുബൈ. ലോകകപ്പിനിറങ്ങിയ 32 രാജ്യങ്ങളുടെയും പ്രതിനിധികളും ഫാൻസുമാണ് ദുബൈയെ ലോകമാമാങ്കത്തിന്‍റെ ഭാഗമാക്കിയത്. വെറുതെയല്ല ഫിഫ അവരുടെ ഔദ്യോഗിക ഫാൻ ഫെസ്റ്റ് നടത്താൻ തെരഞ്ഞെടുത്ത ആറ് നഗരങ്ങളിൽ ദുബൈയെയും ഉൾപെടുത്തിയത്. ദുബൈയുടെ അങ്ങോളമിങ്ങോളം നിറഞ്ഞു കവിഞ്ഞ ഫാൻ സോണുകൾ തന്നെ ഇതിന് സാക്ഷി. നിൽക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയിലായിരുന്നു ഫാൻ സോണുകൾ.
ലോകകപ്പിന് കാഹളം മുഴങ്ങിയപ്പോൾ മുതൽ ദുബൈയും ആവേശത്തിലായിരുന്നു. ഒരു ലക്ഷത്തിലേറെ ഫാൻസാണ് ദുബൈയിൽ എത്തിയത്. ഹോട്ടലുകൾ നിറഞ്ഞു കവിഞ്ഞിരുന്നു. ൈഫ്ല ദുബൈയിൽ മാത്രം ദുബൈയിൽ നിന്ന് ഖത്തറിലേക്ക് യാത്ര ചെയ്തത് 1.30 ലക്ഷം പേരാണ്. ദുബൈ അൽ മക്തൂം വിമാനത്താവളത്തിൽ നിന്ന് ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് 1290 വിമാന സർവീസുകളാണ് നടത്തിയത്. ലോകകപ്പ് തുടങ്ങിയ നവംബർ 21 മുതൽ ഡിസംബർ 19 വരെയുള്ള കണക്കാണിത്. ദിവസവും 30 സർവീസുകൾ വീതം ലോകകപ്പ് കാലത്ത് ഏർപെടുത്തിയിരുന്നു. തിരക്കേറിയ സമയങ്ങളിൽ 30 മിനിറ്റ് ഇടവിട്ട് ഷട്ടിൽ സർവീസുകൾ നടത്തി.
കളിയുടെ ദിവസം പോയി അന്ന് തന്നെ തിരിച്ചെത്തുന്ന രീതിയിലായിരുന്നു ഷട്ടിൽ സർവീസുകൾ. 171 രാജ്യങ്ങളിലെ യാത്രക്കാർ ദോഹയിലെത്താൻ ഷട്ടിൽ സർവീസിനെ ആശ്രയിച്ചു. ഇന്ത്യ, യു.കെ, യു.എ.ഇ, ഫ്രാൻസ്, അർജന്‍റീന, യു.എസ്, മൊറോക്കോ, ജോർഡൻ, കാനഡ, ബ്രസീൽ എന്നീ രാജ്യങ്ങളിലെ പൗരൻമാരായിരുന്നു കൂടുതലും. ഷട്ടിൽ വിമാനങ്ങളിൽ 60 ശതമാനവും ഈ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു. 50 ശതമാനം യാത്രക്കാരും യു.എ.ഇയിലെ താമസക്കാരും ബാക്കിയുള്ളവർ വിദേശത്തുനിന്നെത്തിയ സന്ദർശകരുമായിരുന്നു. നിരവധി പേർ ഒന്നിലധികം തവണ യാത്ര ചെയ്തു. നാല് തവണ വരെ യാത്ര ചെയ്തവരുണ്ട്. ഖത്തർ എയർവേയ്സ് കഴിഞ്ഞാൽ ലോകകപ്പുമായി ബന്ധപ്പെട്ട് ഏറ്റവുമധികം സർവീസ് നടത്തിയത് ൈഫ്ല ദുബൈയാണ്. ആദ്യമായാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ ഒരു ദിവസം തന്നെ ഇത്രയേറെ സർവീസുകൾ നടക്കുന്നത്. ഏറ്റവുമധികം ആളുകൾ കളി കാണാനെത്തിയത് ദുബൈ ഹാർബറിലെ ഫിഫ ഫാൻ ഫെസ്റ്റിലായിരുന്നു. എക്സ്പോ സിറ്റിയിലെ ജൂബിലി പാർക്കിലും അൽ വാസൽ ഡോമിലും ആരാധകർ തകർത്താടി. ദുബൈയിലെ ഹോട്ടൽ മേഖലയിലും ഉണർവ് പ്രകടമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.