ദുബൈ: ഖത്തർ ആതിഥ്യമരുളുന്ന ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി എയർ ഇന്ത്യ യു.എ.ഇയിലേക്ക് കൂടുതൽ വിമാന സർവിസ് നടത്തിയേക്കും. കളി നടക്കുന്നത് ഖത്തറിലാണെങ്കിലും നിരവധി ഫുട്ബാൾ ആരാധകർ ഇടത്താവളമായി ദുബൈ തെരഞ്ഞെടുക്കുമെന്നത് മുന്നിൽകണ്ടാണ് സർവിസ് നടത്തുന്നത്. ഇന്ത്യയിൽനിന്ന് ഖത്തറിലേക്കും കൂടുതൽ സർവിസ് നടത്താൻ എയർ ഇന്ത്യക്ക് പദ്ധതിയുണ്ട്.
15 ലക്ഷം സന്ദർശകരെയാണ് ഖത്തർ പ്രതീക്ഷിക്കുന്നത്. എന്നാൽ, ഇത്രയേറെ പേർക്ക് ഒരേസമയം താമസിക്കാനുള്ള സൗകര്യം ചെറിയ രാജ്യമായ ഖത്തറിലില്ല. ഈ സാഹചര്യത്തിൽ നല്ലൊരു ശതമാനം കാണികളും ദുബൈയിൽ താമസിക്കാൻ എത്തുമെന്നാണ് കരുതുന്നത്. ദുബൈയിൽനിന്ന് വിമാനമാർഗം ഒരു മണിക്കൂറിൽ ഖത്തറിൽ എത്താം. ഇവിടെനിന്ന് ഷട്ട്ൽ സർവിസ് പോലെ വിമാനങ്ങൾ സർവിസ് നടത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. കൊൽക്കത്തക്കും ദുബൈക്കുമിടിയിൽ ആഴ്ചയിൽ നാലു വിമാന സർവിസുകൾ നടത്താനാണ് പദ്ധതി.
പുതിയ എയർബസ് എ 320 ആയിരിക്കും ഇതിനായി ഉപയോഗിക്കുക. 150 ഇക്കോണമി ക്ലാസും 12 ബിസിനസ് ക്ലാസും ഇതിലുണ്ട്. നിലവിൽ 69 സർവിസുകൾ ആഴ്ചയിൽ നടക്കുന്നുണ്ട്. ഇതിനുപുറമെയാണ് പുതിയ സർവിസുകൾ.
ലോകകപ്പിന് മുന്നോടിയായി ദുബൈയിലെ ഹോട്ടലുകളിൽ ബുക്കിങ്ങും വ്യാപകമാണ്. ലോകകപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളിലെ ഫാൻസാണ് പ്രധാനമായും ദുബൈയിൽ ഹോട്ടലുകൾ ബുക്ക് ചെയ്യുന്നത്. വിസ ലഭിക്കാൻ എളുപ്പമാണെന്നതും ദുബൈയെ പ്രിയപ്പെട്ട കേന്ദ്രമാക്കുന്നു. വിനോദ സഞ്ചാരം കൂടി ലക്ഷ്യമിട്ടാണ് ഇവർ ദുബൈയിലേക്ക് എത്തുന്നത്. ലോകകപ്പുമായി ബന്ധപ്പെട്ട് ദുബൈയിൽ നിരവധി കാണികൾ എത്തുമെന്ന് ഫിഫ പ്രസിഡന്റ് ഇന്ഫന്റിനോ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.