ദുബൈയിലെ മുറിയിൽ ലോകകപ്പ്​ ഉദ്​ഘാടന മത്സരം കാണുന്ന പ്രവാസികൾ


ലോ​ക​ക​പ്പ്​; ഫാ​ൻ ഗ്രൂ​പ്പു​ക​ൾ സ​ജീ​വം

ദുബൈ: അയൽരാജ്യമായ ഖത്തറിൽ നടക്കുന്ന ലോകകപ്പിന് ആവേശമൊരുക്കി പ്രവാസലോകത്ത് ഫാൻ ഗ്രൂപ്പുകൾ സജീവം. പ്രവാസികളുടെ മുറികളിലും ജോലിസ്ഥലങ്ങളിലും മറ്റു പൊതുസ്ഥലങ്ങളിലുമെല്ലാം ചർച്ച ലോകകപ്പിനെ കുറിച്ചാണ്. മൂന്നു പേർ താമസിക്കുന്ന റൂമിൽ ബ്രസീലുകാരനും അർജന്‍റീന ഫാനും പോർച്ചുഗൽ ആരാധകനുമെല്ലാമുണ്ട്. മെസ്സിയും ക്രിസ്റ്റ്യാനോയും നെയ്മറുമെല്ലാമാണ് ഇവിടത്തെ ചർച്ചാ വിഷയം. അടുക്കളയിലും കിടപ്പുമുറിയിലുമെല്ലാം ചർച്ച ലോകകപ്പാണ്.

ടി.വി ഇല്ലാത്ത മുറികളിൽ പലതിലും ടെലിവിഷനും എത്തിയിട്ടുണ്ട്. ദുബൈയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്നത് റെേക്കാഡ് ടി.വി വിൽപനയാണ്. ടി.വി ഇല്ലാത്തവർ മൊബൈലിലാണ് കളി കാണൽ. ജോലിത്തിരക്കായതിനാൽ ഉച്ച മത്സരം പലർക്കും നഷ്ടമായേക്കാം. എന്നാൽ, രാത്രി മത്സരങ്ങൾ എല്ലാവർക്കും തന്നെ കാണാൻ കഴിയും. പ്രാഥമിക റൗണ്ട് മത്സരം യു.എ.ഇ സമയം ഉച്ചക്ക് 2.00, വൈകുന്നേരം 5.00, രാത്രി 8.00, 11.00 സമയങ്ങളിലാണ്. പ്രി ക്വാർട്ടറർ മുതൽ മത്സര സമയം മാറും. ഉച്ച മത്സരമുണ്ടായിരിക്കില്ല. 6, 7, 10, 11 സമയങ്ങളിലാണ് പ്രീ ക്വാർട്ടർ മുതൽ ഫൈനൽ വരെ മത്സരങ്ങൾ.

റൂമിന് പുറത്ത് വാട്സ്ആപ് ഗ്രൂപ്പുകളുണ്ടാക്കിയും ഫാൻ ഫൈറ്റ് സജീവമാണ്. ഓരോ ടീമിന്റെ ഫാൻസും ഗ്രൂപ്പുകളുണ്ടാക്കിയിട്ടുണ്ട്. ഒരുമിച്ച് ചേർന്നിരുന്ന് കളി കാണാനുള്ള പദ്ധതി ഈ ഗ്രൂപ്പിലാണ് ഒരുങ്ങുന്നത്. ഒരുമിച്ച് ജഴ്സി തയാറാക്കുന്നതിനുള്ള അണിയറ ചർച്ചകളും ഗ്രൂപ്പിൽ സജീവമാണ്.

ദുബൈ ഹാർബറിൽ നടക്കുന്ന ഫാൻ ഫെസ്റ്റിവലിലും ഫാൻ സോണുകളിലും ഇഷ്ട ടീമിന്‍റെ ജഴ്സിയണിഞ്ഞായിരിക്കും ഇവരെത്തുക. നാട്ടിലെ ഫ്ലക്സുകൾക്കും കട്ടൗട്ടുകൾക്കും നല്ലൊരു ശതമാനം തുകയും ഗൾഫിൽ നിന്നാണ് ഒഴുകിയത്. തെരഞ്ഞെടുപ്പായാലും ലോകകപ്പായാലും ഫ്ലക്സുകളുടെ 'ആഗോള' സ്പോൺസർമാർ പ്രവാസികളാണ്. കട്ടൗട്ടിനുള്ള ലേഔട്ടും ഡയലോഗു കളും വരെ ചെയ്ത് അയക്കുന്നവർ ഇവിടെയുണ്ട്. ഖത്തറിൽ നേരിട്ടെത്തി സ്വന്തം ടീമിനെ പിന്തുണക്കാൻ ഒരുങ്ങുന്നവർ നിരവധിയാണെങ്കിലും വിമാനചാർജാണ് തിരിച്ചടിയായിരിക്കുന്നത്.

Tags:    
News Summary - world cup fans group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.