ദുബൈ: ലോകകപ്പ് മത്സരങ്ങളുടെ ഏഷ്യൻ യോഗ്യത മത്സരങ്ങളിൽ 30 ശതമാനം കാണികളെ അനുവദിക്കാൻ തീരുമാനം. വ്യാഴാഴ്ച മുതൽ 15 വരെ നടക്കുന്ന ഗ്രൂപ് ജി മത്സരങ്ങളിലാണ് കാണികളെ പ്രവേശിപ്പിക്കുന്നത്. വാക്സിനെടുത്തവർക്ക് മാത്രമാണ് പ്രവേശനം. സബീൽ അൽ മക്തൂം സ്റ്റേഡിയത്തിലാണ് മത്സരം.
ദേശീയ ദുരന്ത നിവാരണ സമിതി, ദുബൈ ദുരന്ത നിവാരണ സമിതി, യു.എ.ഇ ഫുട്ബാൾ അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാവും സുരക്ഷയൊരുക്കുക. അൽ ഹൊസൻ ആപ്പിൽ 'ഇ' അക്ഷരം ലഭിക്കുന്നവർക്ക് മാത്രമാകും പ്രവേശനം. രണ്ട് ഡോസ് വാക്സിനെടുത്ത് നിശ്ചിത ദിവസം കഴിഞ്ഞാൽ മാത്രമേ 'ഇ' അക്ഷരം ലഭിക്കൂ. ഇതിന് പുറമെ, 48 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റിവ് ഫലവും ഹാജരാക്കണം. മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ എന്നീ മുൻകരുതലും സ്വീകരിക്കണം.
കഴിഞ്ഞ ദിവസം നടന്ന പ്രസിഡൻഷ്യൽ കപ്പ് ഫുട്ബാൾ ഫൈനലിൽ വാക്സിനെടുത്ത കാണികളെ പ്രവേശിപ്പിച്ചിരുന്നു. ഇത് വിജയമായാൽ ലോകകപ്പ് യോഗ്യത മത്സരത്തിനും കാണികളെ പ്രവേശിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. പ്രസിഡൻഷ്യൽ കപ്പ് ഫൈനൽ വിജയകരമായി നടത്താൻ കഴിഞ്ഞതോടെയാണ് യോഗ്യത മത്സരത്തിനും കാണികളെ കയറ്റുന്നത്.യോഗ്യത മത്സരത്തിൽ ആതിഥേയരായ യു.എ.ഇക്ക് നേരിടാനുള്ളത് നിർണായക പോരാട്ടങ്ങളാണ്. ഈ മത്സരങ്ങളിൽ സ്വന്തം കാണികളുടെ പിന്തുണ ലഭിക്കുന്നത് ടീമിന് ഉണർവേകുമെന്ന് കരുതുന്നു. ജൂൺ മൂന്നിന് മലേഷ്യ, ഏഴിന് തായ്ലൻഡ്, 11ന് ഇന്തോനേഷ്യ, 15ന് വിയറ്റ്നാം എന്നിവർക്കെതിരെയാണ് യു.എ.ഇയുടെ മത്സരങ്ങൾ. യു.എ.ഇയിലെ ഫുട്ബാൾ ആരാധകർക്ക് ഒന്നര വർഷത്തിന് ശേഷമാണ് സ്വന്തം ടീമിെൻറ മത്സരം നേരിൽ കാണാൻ അവസരം ലഭിക്കുന്നത്. കഴിഞ്ഞ മാസങ്ങളിൽ സൗഹൃദ മത്സരങ്ങൾ ഉണ്ടായിരുന്നെങ്കിലും കാണികളെ അനുവദിച്ചിരുന്നില്ല.
അതേസമയം, ഐ.പി.എൽ നടക്കാനിരിക്കെ കാണികളെ അനുവദിക്കുന്നത് ക്രിക്കറ്റ് പ്രേമികളും പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. സെപ്റ്റംബറിലാണ് ഐ.പി.എല്ലിെൻറ ബാക്കി മത്സരങ്ങൾ യു.എ.ഇയിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ സീസൺ ഐ.പി.എൽ യു.എ.ഇയിൽ ആയിരുന്നെങ്കിലും കാണികളെ അനുവദിച്ചിരുന്നില്ല.
ദുബൈ: ലോകകപ്പിെൻറ ഏഷ്യൻ യോഗ്യത മത്സരങ്ങളുടെ കൂടുതൽ മത്സരങ്ങൾ യു.എ.ഇയിലേക്ക്. ചൈനയിൽ നടക്കേണ്ട ഗ്രൂപ് എ മത്സരങ്ങൾ ഷാർജയിലേക്ക് മാറ്റിയതായി ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ അറിയിച്ചു. സിറിയ, ചൈന, ഫിലിപ്പീൻസ്, മാലിദ്വീപ്, ഗുവാ എന്നീ ടീമുകൾ ഏറ്റുമുട്ടുന്ന ഏഴ് മത്സരങ്ങൾക്കാണ് ഷാർജ സ്റ്റേഡിയം ആതിഥേയത്വം വഹിക്കുക. മത്സരങ്ങളുടെ ഷെഡ്യൂൾ പ്രഖ്യാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.