അബൂദബി: യു.എ.ഇ പ്രസിഡന്‍റായി ചുമതലയേറ്റ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാന് പിന്തുണയും ആശംസയുമറിയിച്ച് ലോകനേതാക്കൾ. നിരവധി ഭരണാധികാരികളും രാഷ്ട്ര പ്രതിനിധികളും അബൂദബിയിൽ നേരിട്ടെത്തി പിന്തുണയറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ ഫോൺ വഴിയും സാമൂഹിക മാധ്യമങ്ങൾ വഴിയും ആശംസകൾ അറിയച്ചവരും ഏറെയാണ്. ഫ്രാൻസ് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, ഈജിപ്ത് പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് സീസി, ഒമാൻ സുൽത്താൻ സുൽത്താൻ ഹൈതം ബിൻ താരിഖ്, ജോർഡൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ഇറാഖ് പ്രസിഡൻറ് ബർഹാം സാലിഹ്, തുനീഷ്യൻ പ്രസിഡന്‍റ് കൈസ് സെയ്ദ് എന്നിവർ അബൂദബിയിൽ നേരിട്ടെത്തിയാണ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാന്റെ നിര്യണത്തിൽ അനുശോചനവും പുതിയ പ്രസിഡൻറിന് ആശംസയുമറിയിച്ചത്.
ഊർജസ്വലതയും ദീർഘവീക്ഷണവും നിറഞ്ഞ ശൈഖ് മുഹമ്മദിന്‍റെ നേതൃത്വത്തിന് കീഴിൽ ഇന്ത്യയും യു.എ.ഇയും തമ്മിലെ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിൽ തുടരുമെന്ന് ഉറപ്പുണ്ടെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസാ സന്ദേശത്തിൽ പറഞ്ഞു. പിന്തുണ അറിയിക്കുന്നതിന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നേരിട്ട് അബൂദബിയിലെത്തുകയും ചെയ്തു. അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ ശൈഖ് മുഹമ്മദ് ബിൻ സായിദ് തന്‍റെ ദീർഘകാല സുഹൃത്താണെന്നും ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം വരും കാലത്ത് കൂടുതൽ ദൃഢമാകുമെന്നും പ്രസ്താവനയിൽ പറഞ്ഞു.
ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങ്, ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി, സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ്, പാകിസ്താൻ പ്രസിഡൻറ് ഡോ. ആരിഫ് ആൽവി തുടങ്ങിയവരും സന്ദേശം അയച്ചു. ഈജിപ്തിലെ വിഖ്യാതമായ അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹമ്മദ് അൽ ത്വയ്യിബ്, അറബ് പാർലിമെന്‍റ് പ്രസിഡന്‍റ് ആദിൽ ബിൻ അബ്ദുറഹ്മാൻ അൽ അസൂമി തുടങ്ങിയവരും മുഹമ്മദ് ബിൻ സായിദിന് പ്രത്യേകമായ അഭിവാദ്യങ്ങൾ അർപ്പിച്ചു.
യു.എ.ഇ രാജകുടുംബങ്ങളിലെ അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും അഭിനന്ദനം അറിയിച്ചിട്ടുണ്ട്. വിവിധ എമിറേറ്റുകളിലെ ഭരണാധികാരിക്ക് പുറമെ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ, ബോർഡ് ഓഫ് സായിദ് ഹയർ ഓർഗനൈസേഷൻ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ ചെയർമാൻ ശൈഖ് ഖാലിദ് ബിൻ സായിദ് ആൽ നഹ്യാൻ, ശൈഖ് ഇസ്സ ബിൻ സായിദ് ആൽ നഹ്യാൻ, ആരോഗ്യ മന്ത്രി അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് അൽ ഉവൈസ്, മാനവവിഭവ ശേഷി വകുപ്പ് മന്ത്രി ഡോ. അബ്ദുറഹ്മാൻ അൽ അവാർ, സാമൂഹിക വികസനമന്ത്രി ഹെസ്സ ബിൻത് ഇസ്സ ബൂഹുമൈദ്, ആർ.ടി.എ ചെയർമാൻ മത്വാർ അൽ തായർ, 'ദീവ' എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽതായർ എന്നിവരും ആശംസകളർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.