ഫുജൈറ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫുജൈറ പ്രോവിന്‍സ് ഗാന്ധി ജയന്തി ദിനം ആഘോഷിച്ചു. ഗാന്ധിജിയെ കുറിച്ച ഓര്‍മകള്‍ പങ്കുവെച്ച് ഫുജൈറയിലെ വേള്‍ഡ് മലയാളി കൗണ്‍സില്‍ അംഗങ്ങളും കുടുംബാംഗങ്ങളും ഒത്തുകൂടി. ചെയര്‍മാന്‍ ബെന്‍ തോമസിന്‍റെ അധ്യക്ഷതയില്‍ ആരംഭിച്ച പരിപാടിക്ക് പ്രസിഡന്റ് അജിത് കുമാര്‍ ഗോപിനാഥ് സ്വാഗതം ആശംസിച്ചു. പരിപാടിയില്‍ മുഖ്യാതിഥിയായിരുന്ന ഫുജൈറ എമിനന്‍സ് സ്കൂള്‍ സി.ഇ.ഒ ഡോ. കെ.ഇ. ഹാരിഷ് മുഖ്യപ്രഭാഷണവും മുഖ്യരക്ഷാധികാരി സജി ചെറിയാന്‍, വനിതാ ഫോറം പ്രസിഡന്റ് ഒ.വി. സറീന എന്നിവര്‍ ഗാന്ധി സന്ദേശവും കൈമാറി.
ഗാന്ധിജി ലോകത്താകമാനമുള്ള നേതാക്കൾക്ക് മാതൃകയാണെന്നും ഗാന്ധിജി നമുക്ക് നേടിത്തന്ന സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാൻ ഇന്ത്യക്കാർ ഓരോരുത്തരും ബാധ്യസ്ഥരാണെന്നും മുഖ്യപ്രഭാഷണത്തിൽ ഡോ. ഹരീഷ് ഓർമിപ്പിച്ചു.
2023-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ പരിപാടിയും ഇതിന്‍റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. പുതിയ കമ്മിറ്റി ഭാരവാഹികളെ നിയുക്ത പ്രസിഡന്റ് സാബു മുസ്‌തഫയും പുതിയ അംഗങ്ങളെ നിയുക്ത ചെയര്‍മാന്‍ ബിനോയ് ഫിലിപ്പും പരിചയപ്പെടുത്തി. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം മിഡിൽ ഈസ്റ്റ് റീജിയണൽ പ്രസിഡന്റ് ഷൈന്‍ ചന്ദ്രസേനന്‍ നിര്‍വഹിച്ചു. ഡബ്ല്യു.എം.സി ഗ്ലോബൽ അസോസിയേറ്റ് സെക്രട്ടറി രാജേഷ് പിള്ള, മിഡിൽ ഈസ്റ്റ് റീജിയണൽ സെക്രട്ടറി ഡോ. ജെറോ വര്‍ഗീസ് എന്നിവർ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഫുജൈറ പ്രോവിന്‍സിന്‍റെ കഴിഞ്ഞ കാല പ്രവർത്തനങ്ങളുടെ റിപ്പോര്‍ട്ട് സിറാജുദ്ദീന്‍ സി.കെ അവതരിപ്പിച്ചു.
പരിപാടിയില്‍ ഡോ. സലീമും സംഘവും ദേശഭക്തിഗാനവും ഗാന്ധിജിയുമായി ബന്ധപെട്ട് ആശാലക്ഷ്മി ക്വിസ് പ്രോഗ്രാമും നാനാത്വത്തില്‍ ഏകത്വം എന്ന വിഷയം ആസ്പദമാക്കി ആരോണ്‍ സജിയുടെ പ്രസംഗവും സാദിന്‍ സാഹുല്‍ അവതരിപ്പിച്ച കീബോര്‍ഡ് വായനയും പരിപാടിക്ക് വർണ്ണപകിട്ടേകി. ഗാന്ധിജിയെ കുറിച്ച് ബെൻ തോമസ് രചിച്ച കവിത നിര്‍മല്‍ കുമാര്‍ ആലാപനം ചെയ്തു. കുട്ടികള്‍ക്കായി പെൻസിൽ ഡ്രോയിങ്, കളറിങ് മത്സരം എന്നിവയും സംഘടിപ്പിച്ചിരുന്നു.
ഡബ്ല്യു.എം.സി ചെയ്തു വരുന്ന ജീവകാരുണ്യ പ്രവർത്തനത്തിന്‍റെ ഭാഗമായി കേരളത്തിലെ 10 കുടുംബങ്ങൾക്ക് തയ്യിൽ മെഷീൻ നൽകാൻ തീരുമാനിക്കുകയും അതിന്‍റെ ഭാഗമായി അതിലേക്ക് ആദ്യ സംഭാവന സുജിത് വർഗീസ് പ്രസിഡന്‍റിന് വേദിയിൽ വെച്ച് കൈമാറി. ക്ലിഫ്റ്റൻ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ അംറ ഫർയാൽ നജ്മുദ്ദീന്‍ അവതാരികയും ഫുജൈറ പ്രോവിന്‍സ് സെക്രട്ടറി ഷബീര്‍ കൊച്ചുബാവ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.