ദുബൈ: എമിറേറിലെ സുപ്രധാന വിനോദസഞ്ചാര മേഖലകളിലൊന്നായ ഹത്തക്ക് ലോക റെക്കോഡ്. പ്രദേശത്തേക്ക് എത്തിച്ചേരുന്നവരെ സ്വാഗതം ചെയ്ത് മലനിരയിൽ സ്ഥാപിച്ച ഹത്ത എന്ന് ഇംഗ്ലീഷിൽ എഴുതിയ വഴിയടയാള സൂചനാ ബോർഡാണ് ഗിന്നസ് റെക്കോഡിൽ ഇടംപിടിച്ചത്. ഒമാനോട് ചേർന്ന് കിടക്കുന്ന ദുബൈയുടെ മലയോര പ്രദേശമായ ഹത്തയിൽ സ്ഥാപിച്ച ഈ വഴിയടയാള ബോർഡിന് 19.28 മീറ്റർ ഉയരമുണ്ട്.
ലോകത്തിലെ ഏറ്റവും ഉയരമുള്ള ലാൻഡ്മാർക്ക് സൈനാണിത്. ലോക പ്രശസ്തമായ ഹോളിവുഡ് ലാൻഡ് മാർക്ക് സൈനിന് 13.7 മീറ്റർ മാത്രമാണ് ഉയരമുള്ളത്. ഹത്തയിൽ നടന്ന ചടങ്ങിൽ ഗിന്നസ് ബുക്ക് അധികൃതർ ദുബൈ ഹോൾഡിങിന് റെക്കോഡ് ഔദ്യോഗികമായി കൈമാറി.
ദുബൈ മീഡിയ ഓഫീസാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങൾ വഴി പുറത്തുവിട്ടത്. ഹജ്ർ പർവത നിരയിലാണ് ഹത്ത സൈൻ ബോർഡ് സ്ഥിതി ചെയ്യുന്നത്. 450മീറ്റർ ഉയരത്തിലായാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്.
വളരെ ദൂരെ നിന്ന് തന്നെ ഈ ബോർഡ് യാത്രക്കാർക്ക് കാണാനാകും. അണകെട്ടുകളും, തോട്ടങ്ങളുമുള്ള ഹത്ത മേഖലയിൽ വൻ വികസനമാണ് ദുബൈ സർക്കാർ നടപ്പാക്കുന്നത്.
വിനോദ കേന്ദ്രങ്ങൾ, വാട്ടർതീം പാർക്കുകൾ, സിപ് ലൈനുകൾ എന്നിങ്ങനെ വിവിധ സൗകര്യങ്ങളാണ് ഹത്തയിൽ അടുത്തിടെ സഞ്ചാരികൾക്കായി തയാറാക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.