ലോകത്തെ ആദ്യ മലയാളം മിഷൻ ക്ലബ് ഷാർജയിൽ

യു.എ.ഇയിലെ സ്‌കൂളുകളില്‍ മലയാളം മിഷന്‍ ക്ലബുകള്‍ രൂപവത്കരിക്കും

ഷാർജ: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് മലയാള ഭാഷ വ്യാപിപ്പിക്കുക എന്ന ലക്ഷ്യവുമായി മലയാളം മിഷൻ ക്ലബ് പ്രവർത്തനം തുടങ്ങി. 60 രാജ്യങ്ങളിൽ സ്ഥാപിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മലയാളം മിഷൻ ക്ലബിന്‍റെ പൈലറ്റ് പ്രോജക്ട് ഷാർജ ഇന്ത്യൻ സ്കൂളിൽ ആരംഭിച്ചു.

പാഠ്യപദ്ധതിയുടെ ഭാഗമായി, മലയാളം പഠിക്കാത്തവർക്ക് ഭാഷ പഠിക്കാനും പി.എസ്.സി ഉൾപ്പെടെയുള്ള പരീക്ഷകൾക്ക് യോഗ്യത നേടാനും കോഴ്സുകൾ നൽകുകയാണ് ലക്ഷ്യം. സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷന്‍റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

തുടക്കത്തില്‍ യു.എ.ഇയിലെ രണ്ട് സ്‌കൂളുകളിലാണ് ക്ലബുകള്‍ രൂപവത്കരിക്കുകയെന്ന് മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കാട്ടാക്കടയും യു.എ.ഇ കോഓഡിനേറ്റർ കെ.എൽ. ഗോപിയും പറഞ്ഞു. പ്രവാസ ലോകത്തെ വിദൂര പ്രദേശങ്ങളില്‍നിന്ന് മലയാളം മിഷന്‍ ചാപ്റ്ററുകള്‍ നടത്തുന്ന ഭാഷാപഠന കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാന്‍ സാധിക്കാത്ത കുട്ടികൾക്ക് അവര്‍ പഠിക്കുന്ന സ്‌കൂളികളില്‍തന്നെ മലയാളഭാഷ പഠിക്കാൻ അവസരം ഉറപ്പാക്കുകയാണ് ലക്ഷ്യം. നിലവില്‍ മലയാളം മിഷന്‍ നടത്തിവരുന്ന കണിക്കൊന്ന, സൂര്യകാന്തി, ആമ്പല്‍, നീലക്കുറിഞ്ഞി കോഴ്‌സുകള്‍ പഠിക്കാനുള്ള അവസരം മലയാളം മിഷന്‍ ക്ലബുകളില്‍ അംഗമാകുന്ന വിദ്യാർഥികൾക്ക് ലഭ്യമാകും. സ്‌കൂളിലെ തിരഞ്ഞെടുക്കപ്പെടുന്ന അധ്യാപകന്‍റെ നേതൃത്വത്തില്‍ ഒരു വിദ്യാർഥിയെ കൺവീനറായി നിയമിച്ചുകൊണ്ടായിരിക്കും ക്ലബുകളുടെ പ്രവർത്തനം. മലയാളം മിഷന്‍ ക്ലബുകളിലൂടെ മലയാളപഠനം പൂർത്തിയാക്കുന്ന കുട്ടികൾക്ക് പി.എസ്.സി അംഗീകരിച്ച നീലക്കുറിഞ്ഞി സീനിയര്‍ ഹയര്‍ ഡിപ്ലോമ പരീക്ഷയെഴുതാൻ അവസരം ഉണ്ടാകും.

മലയാളികളല്ലാത്ത വിദ്യാർഥികൾക്കും മലയാളം മിഷന്‍ ക്ലബിലൂടെ മലയാളഭാഷ പഠിക്കാന്‍ സാധിക്കും. ഷാർജ ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ പങ്കെടുത്തു. 

Tags:    
News Summary - World's first Malayalam Mission Club in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.