ദുബൈ: യു.എ.ഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ ഒന്നിന് ദുബൈ മറീനയില്‍ യാട്ട് പരേഡും പതാക ഉയര്‍ത്തലും സംഘടിപ്പിക്കുന്നു. പരസ്യ, ഇവൻറ് മാനേജ്മെൻറ് കമ്പനിയായ ആഡ് ആൻഡ് എം ഇൻറര്‍നാഷനല്‍, പ്രഫഷനല്‍ യാട്ട് ചാര്‍ട്ടര്‍ കമ്പനിയായ ഡി-3 മറൈനുമായി സഹകരിച്ചാണ് ചടങ്ങ് ഒരുക്കുന്നത്. കഴിഞ്ഞ വർഷവും മറൈന്‍ എഡിഷന് പരിപാടി സംഘടിപ്പിച്ചിരുന്നു.
പരിപാടിക്ക് സൂപ്പര്‍ യാട്ടുകളെ പങ്കെടുപ്പിക്കാന്‍ കഴിയുന്നത് അഭിമാനമായി കാണുന്നുവെന്ന് ഡി-3 യാട്ട് മാനേജിങ് ഡയറക്ടർ ശമീർ എം. അലി വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഡി3യുടെ ഇരുപതിലധികം നൗകകള്‍ ഇക്കൊല്ലം പരേഡിലുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ആഘോഷ നിമിഷം പങ്കുവെക്കാനാകുന്നതില് സന്തോഷമുണ്ടെന്ന് ആഡ് ആൻഡ് എം ഓപറേഷനല്‍ മാനേജര്‍ ജോഷ്വാ സെബാസ്റ്റ്യന്‍ പറഞ്ഞു.
ഇത്തവണ 50ാം വാര്‍ഷിക പശ്ചാത്തലത്തിൽ 50 പതാകകളാണ് ഉയര്‍ത്തുക. പതാക ഉയര്‍ത്തുന്ന സമയത്ത് മുഴുവന്‍ നൗകകളും വൃത്താകൃതിയില്‍ ഒത്തുചേരും. പതാക ഉയര്‍ത്തല്‍ ചടങ്ങിനും മറ്റ് കായിക വിനോദങ്ങള്‍ക്കും കാണികള്‍ക്ക് പങ്കെടുക്കാം. ഡിസംബര്‍ ഒന്നിന് രാവിലെ 10ന് തുടങ്ങുന്ന ആഡംബര നൗക പ്രദര്‍ശനമടക്കം ആകര്‍ഷകമായ ഒട്ടേറെ പരിപാടികള്‍ ഇതോടനുബന്ധിച്ച് നടക്കും. പതാക ഉയര്‍ത്തല്‍, സാംസ്കാരിക പ്രദര്‍ശനം എന്നിവക്ക് തൊട്ടുടനെ, ദുബൈ മറീനയില്‍നിന്ന് പരിസര ഭാഗത്തേക്ക് ഘോഷയാത്രയോടെയുള്ള രണ്ടു മണിക്കൂര്‍ റൈഡ് ഉണ്ടാകും -സംഘാടകർ വ്യക്തമാക്കി. അല്‍ ഐന്‍ ഫാംസ്, ഹോട്ട്പാക്ക് പാക്കേജിങ് ഇന്‍ഡസ്ട്രീസ്, ഹാദി എക്സ്ചേഞ്ച് എന്നീ ബ്രാൻഡുകളും ഇത്തവണ പരിപാടിയുമായി സഹകരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.