ശമ്പളത്തിന്‍റെ വലുപ്പം കണ്ടിട്ട് കണ്ണ് തള്ളണ്ട, യാഥാര്‍ഥ്യമാണ്. നിങ്ങളുടെ കൈയില്‍ ഐഡിയ ഉണ്ടോ..? യാസ് ഐലന്‍ഡ് വിളിക്കുകയാണ് വന്‍ തുക ശമ്പളം വാങ്ങി അവിടുത്തെ അംബാസിഡറാകാം. 3,67,000 ദിര്‍ഹം (ഏകദേശം 81 ലക്ഷത്തിലധികം രൂപ) ശമ്പളം വരെ വാഗ്ദാനം ചെയ്യുന്ന ജോലിയാണ് അബൂദബിയിലെ യാസ് ഐലന്‍ഡില്‍ ഒരുങ്ങുന്നത്. ഇതിനായി ലോകത്തിലെ മികച്ച ജോലി മല്‍സരം ആരംഭിച്ചിരിക്കുകയാണ് അധികൃതര്‍. അമേരിക്കന്‍ അഭിനേതാവും കോമേഡിയനുമായ കെവിന്‍ ഹാര്‍ട്ട് ഇതുസംബന്ധിച്ച പ്രഖ്യാപനവും നടത്തിയിരുന്നു.
കുടുംബങ്ങളുടെ ഇഷ്ടകേന്ദ്രമായി മാറുന്ന യാസ് ഐലന്‍ഡിന്‍റെ പുതിയ അംബാസഡര്‍ക്കാണ് ഇത്ര വലിയ തുക ശമ്പളമായി ലഭിക്കുക. 21വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടാല്‍ യാസ് ഐലന്‍ഡിനുവേണ്ടി എന്തൊക്കെ ചെയ്യുമെന്നതിനെക്കുറിച്ച് വീഡിയോ തയ്യാറാക്കി അയച്ചു നല്‍കുകയാണ് മല്‍സരത്തില്‍ പങ്കെടുക്കാനായി ചെയ്യേണ്ടത്.
യാസ് ഐലന്‍ഡിനെ നിങ്ങളെങ്ങനെ ഹൃദയമിടിപ്പായി മാറ്റുമെന്ന ചോദ്യത്തിനു മറുപടിയാണ് നല്‍കേണ്ടത്. ജനുവരി 23വരെയാണ് മല്‍സരത്തില്‍ പങ്കെടുക്കാന്‍ അവസരം. പങ്കെടുക്കുന്നവരില്‍ നിന്ന് അഞ്ചുപേരുടെ ചുരുക്കപ്പട്ടിക തിരഞ്ഞെടുക്കുകയും ഇവരുടെ വിവരം സാമൂഹികമാധ്യമങ്ങളിലൂടെ ജനുവരി 26ന് പുറത്തുവിടുകയും ചെയ്യും.
ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ ലൈവ് റേഡിയോ അഭിമുഖത്തില്‍ പങ്കെടുക്കുകയെന്നതാണ് രണ്ടാംഘട്ടം. ഈ മല്‍സരത്തിലെ വിജയിയെ 2023 ഫെബ്രുവരി മൂന്നിന് പ്രഖ്യാപിക്കും. മല്‍സരത്തിലെ ജേതാവിന് ഒരു ലക്ഷം ഡോളര്‍ നല്‍കുന്നതിനു പുറമേ അബൂദബിയിലേക്ക് ബിസിനസ് ക്ലാസ് ടിക്കറ്റും നല്‍കും. യാസ് ഐലന്‍ഡിലെ ഡബ്ല്യു അബൂദബി ഹോട്ടലിന്‍റെ ഫാബുലസ് സ്യൂട്ടില്‍ 60 ദിവസത്തെ സൗജന്യതാമസവും ലഭിക്കും. ഹോട്ടലിലെ സ്പാ, ഡൈനിങ് സൗകര്യങ്ങളും ജേതാവിന് ഉപോഗിക്കാം.
താമസകാലത്തുടനീളം ആഡംബരകാറുകളില്‍ യാത്ര ചെയ്യാം. യാസ് ഐലന്‍ഡിലെ തീം പാര്‍ക്കുകളില്‍ പരിധിയില്ലാതെ പ്രവേശിക്കുന്നതിനുള്ള രണ്ട് യാസ് തീം പാര്‍ക്ക്‌സ് ഗോള്‍ഡ് ആന്വല്‍ പാസുകളും ഇവര്‍ക്ക് ലഭിക്കും. 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതും 100 മെഗാബൈറ്റില്‍ കൂടാത്തതുമായിരിക്കണം വീഡിയോ.
യാസ് ഐലന്‍റിനെ ലോകോത്തര മേന്‍മയിലേക്ക് എത്തിക്കാന്‍ അധികൃതര്‍ നടത്തുന്ന വിവിധ സംവിധാനങ്ങളുടെ ഒരു ചുവടാണ് അംബാസിഡറെ നിയമിക്കുക എന്നത്. ലോകത്തെ ഏതുകോണിലിരുന്നും യാസ് ഐലന്‍ഡ് സന്ദര്‍ശിച്ച് നഗര സൗന്ദര്യം നേരില്‍കാണാനുള്ള ‘ദ യാസ് ഐലന്‍ഡ് മെറ്റാവേഴ്സ്’ പദ്ധതിയും ഇവിടെ ഒരുക്കിയിവരികയാണ്. യാസ് ഐലന്‍ഡിലെ കെട്ടിടങ്ങളും ഡിജിറ്റല്‍ ഹോമുകളും വാങ്ങാനും സാംസ്‌കാരിക ആകര്‍ഷണങ്ങള്‍ കണ്ടെത്താനും തീം പാര്‍ക്കിലെ സൗകര്യങ്ങള്‍ ആസ്വദിക്കാനും ഗോള്‍ഫ് കോഴ്സുകള്‍ കാണാനും ലോകോത്തര കാറോട്ട മല്‍സരം കാണാനുമൊക്കെ വെര്‍ച്വല്‍ സൗകര്യത്തിലൂടെ സാധിക്കും. ആളുകള്‍ക്ക് തങ്ങളുടെ സമയവും സന്ദര്‍ഭവും അനുസരിച്ച് എവിടെയിരുന്നും ഏതുസമയത്തും യാസ് ഐലന്‍ഡിലെ കാഴ്ചകള്‍ നേരില്‍ കാണുന്നതു പോലെ അനുഭവിക്കാനാവും എന്നതാണ് പദ്ധതിയുടെ മുഖ്യ ആകര്‍ഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.