അബൂദബി: സാംസ്‌കാരിക ടൂറിസം വകുപ്പിനു കീഴിൽ യാസ് ദ്വീപിൽ ഈ വർഷത്തെ ഈദുൽ അദ്ഹ ആഘോഷങ്ങൾ വർണാഭമായ പരിപാടികളോടെ നടക്കും.
ജൂലൈ 22, 23 തീയതികളിൽ ഇത്തിഹാദ് അരീനയിലെ ആഘോഷ പരിപാടിയിൽ സൂപ്പർ താരങ്ങളായ അസാല നസ്രി, ഹുസൈൻ അൽ ജാസ്മി, ടാമർ ഹൊസ്‌നി, മറിയം ഫെയേഴ്‌സ് എന്നിവരുടെ നേതൃത്വത്തിൽ സംഗീതക്കച്ചേരി നടക്കും. യാസ് ബേയിൽ ഈദാഘോഷങ്ങളുടെ മൂന്ന് ദിവസം വെടിക്കെട്ട് പ്രദർശനങ്ങളുമുണ്ടാവും. ദിവസവും രാത്രി ഒമ്പതിന് യാസ് ഐലൻറ് ഇൻസ്റ്റഗ്രാം ചാനലിൽ വെടിക്കെട്ട് ഷോകൾ സംപ്രേഷണം ചെയ്യും. ഈദ് അവധി ദിവസങ്ങളിൽ സമ്മർ ഇൻ അബൂദബി സീരീസ് തുടരും.
ശക്തമായ വേനൽ ചൂടുള്ള മാസങ്ങളിൽ താമസക്കാരെയും സന്ദർശകരെയും ആനന്ദിപ്പിക്കാൻ ഒട്ടേറെ വിനോദ പ്രവർത്തനങ്ങളുമായാണ് സമ്മർ ഇൻ അബൂദബി നടക്കുന്നത്.
2020 മാർച്ചിനുശേഷം ആദ്യമായാണ് ഈദ് ആഘോഷങ്ങളോടനുബന്ധിച്ച് തത്സമയ സംഗീതക്കച്ചേരികൾ അബൂദബിയിൽ വീണ്ടും നടത്തുന്നതെന്ന് ടൂറിസം ആൻഡ് മാർക്കറ്റിങ് എക്‌സിക്യൂട്ടിവ് ഡയറക്ടർ അലി ഹസൻ അൽ ഷൈബ അറിയിച്ചു. സംഗീത സദസ്സും കരിമരുന്നു പ്രയോഗവും ഈദ് ദിനത്തിൽ അബൂദബിയിലെത്തുന്ന സന്ദർശകർക്ക് വിസ്മയം പകരുമെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.