ദുബൈ: കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) നടപ്പിലാക്കിയ 'ഡിജിറ്റൽ കോച്ച്' പദ്ധതിയിൽ പരിശീലനം നേടിയത് 869 ബസ് ഡ്രൈവർമാർ. 60 ട്രെയിനിങ് സെഷനുകളാണ് 'റോബോട്ട്' ഇതിനകം നയിച്ചത്. ലോകത്ത് ആദ്യമായാണ് ഡ്രൈവർമാരെ പരിശീലിപ്പിക്കുന്നതിന് ഇത്തരമൊരു സംവിധാനം നടപ്പിലാക്കിയത്.
പുതുതായി ജോലിയിൽ പ്രവേശിക്കുന്നവരും അല്ലാത്തവരുമായ ഡ്രൈവർമാർക്ക് ട്രാഫിക് ബോധവത്കരണം നൽകുന്നതിനാണ് ഡിജിറ്റൽ കോച്ച് എന്ന 'റോേബാട്ട്' രൂപപ്പെടുത്തിയത്.
പരിശീലനത്തിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും പ്രോഗ്രാം ചെയ്ത റോബോട്ട്, പരിശീലന സെഷനുകളിൽ ട്രെയിനി ഡ്രൈവർമാർ ഉന്നയിച്ചേക്കാവുന്ന എല്ലാ തത്ത്വത്തിലും പ്രയോഗത്തിലുമുള്ള ചോദ്യങ്ങൾക്കും ഉത്തരവും നൽകുന്നതാണ്. നിർമിത ബുദ്ധി ഉപയോഗപ്പെടുത്തിയതിനാൽ പരിശീലനം നേടുന്നവരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ക്ലാസിൽ ഇടപെട്ട് സംസാരിക്കുകയും ചെയ്യും.
ഡ്രൈവർമാർക്ക് മികച്ച നിലവാരത്തിൽ പഠന സിലബസ് എത്തിക്കാൻ ഇതിലൂടെ സാധിക്കുന്നു.2019ലാണ് ആർ.ടി.എ പദ്ധതി നടപ്പിലാക്കിത്തുടങ്ങിയത്. നാലാം വ്യവസായിക വിപ്ലവത്തിെൻറ തത്ത്വങ്ങൾക്കനുസരിച്ച് ആർട്ടിഫിഷൽ ഇൻറലിജൻസടക്കമുള്ള സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിയാണ് പദ്ധതി ഒരുക്കിയത്. ഭാവിയിൽ കൂടുതൽ പരിശീലനമേഖലകളിലേക്ക് റോബോട്ടിനെ ഉപയോഗപ്പെടുത്താനും ആർ.ടി.എ ആലോചിക്കുന്നുണ്ട്. ലോകോത്തര നിലവാരത്തിൽ ഡ്രൈവർമാർക്ക് പരിശീലനം നൽകുക എന്നതാണ് ആർ.ടി.എ ഇതിലൂടെ ഉദ്ദേശിക്കുന്നത്.
ആർ.ടി.എയിലെ ജോലിക്കാരായ യുവ ഇമാറാത്തികൾ തന്നെയാണ് റോബോട്ടിൽ പ്രോഗ്രാമിങ്ങിന് നേതൃത്വം നൽകിയത്. നിർമിതബുദ്ധി സാങ്കേതികവിദ്യയിൽ ഇമാറാത്തികളെ കൂടുതലായി ശക്തിപ്പെടുത്തലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.